KOYILANDY DIARY

The Perfect News Portal

പ്രശസ്ത കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും അധ്യാപകനും കൂടിയായിരുന്നു വിഷ്ണു നാരായണന്‍ നമ്ബൂതിരി. കേന്ദ്ര- സംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

അപരാജിത, ഇന്ത്യയെന്ന വികാരം, സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങള്‍, മുഖമെവിടെ, ആരണ്യകം, ഉജ്ജയനിയിലെ രാപ്പകലുകള്‍, ചാരുലത എന്നിവയാണ് വിഷ്ണു നാരായണന്‍ നമ്ബൂതിരിയുടെ പ്രധാന കൃതികള്‍. 2014ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ പുരസ്‌ക്കാരം നല്‍കി ആദരിക്കുകയുണ്ടായി.

അതേ വര്‍ഷം തന്നെ എഴുത്തച്ഛന്‍ പുരസ്‌ക്കാരവും അദ്ദേഹത്തെ തേടിയെത്തി. ഭൂമിഗീതങ്ങള്‍ എന്ന കൃതിക്കാണ് 1979ല്‍ അദ്ദേഹത്തിന് സംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചത്. ഉജ്ജയനിയിലെ രാപ്പകലുകള്‍ എന്ന കൃതിക്ക് 1994ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിരുന്നു. മുഖമെവിടെ എന്ന കൃതിക്ക് 1983ല്‍ ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചു. 2010ല്‍ വയലാര്‍, വള്ളത്തോള്‍ പുരസ്‌ക്കാരങ്ങളും കവിയെ തേടിയെത്തി.

Advertisements

പത്തനംതിട്ട സ്വദേശിയായ വിഷ്ണുനാരായണന്‍ നമ്ബൂതിരി 1939 ജൂണ്‍ രണ്ടിന് തിരുവല്ലയില്‍ ആണ് ജനിച്ചത്. വിദ്യാഭ്യാസ കാലത്തിന് ശേഷം അദ്ദേഹം പെരിങ്ങര സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരിക്കേയാണ് അദ്ദേഹം അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിക്കുന്നത്. അതിന് ശേഷം ശാന്തിക്കാരനായും ജോലി നോക്കി. മറവി രോഗം ബാധിച്ച അദ്ദേഹം തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കവേയാണ് മരണം.

Leave a Reply

Your email address will not be published. Required fields are marked *