KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരത്തിലെ അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെ ജില്ലാ കലക്ടർ നേരിട്ട് ഇടപെടും

കൊയിലാണ്ടി : പൗരസമാജം മലയാളി നേതാക്കൾ ഇന്നലെ കോഴിക്കോട് ജില്ലാ കലക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടർ ശ്രീറാം സാംബശിവ റാവു ഈ വിഷയത്തിൽ നേരിട്ട് ഇടപെടുമെന്ന് അറിയിച്ചത്. കഴിഞ്ഞ നിരവധി മാസങ്ങളായി ഉദ്യോഗസ്ഥരുടെയും മറ്റ് ചില കേന്ദ്രങ്ങളുടെയും സഹായത്തോടെ കൊയിലാണ്ടിയിൽ അനധികൃത കൈയ്യേറ്റങ്ങൾ വ്യാപകമായി നടക്കുന്നത്. ഇതിനെതിരെ നഗരസഭയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് ഇവർ പരാതിയുമായി കലക്ടറുടെ ഓഫീസിൽ നേരിട്ടെത്തിയത്. വരും ദിവസങ്ങളിൽ നഗരസഭ ഓഫീസ് മാർച്ച് ഉൾപ്പെടെ ശക്തമായ സമരവുമായി മുമ്പോട്ട് പോകുമെന്നും നേതാക്കൾ പറഞ്ഞു.

ഓൺലൈൻ, പത്ര മാധ്യമങ്ങളിലൂടെ കൊയിലാണ്ടിയിലെ കൈയ്യേറ്റങ്ങളുടെ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊതുജനങ്ങളിൽ പലരും ഇതിനെതിരെ പരാതിയുമായി നഗരസഭയെ സമീപിച്ചെങ്കിലും ഇവർ നടപടിയെടുക്കാതെ കൈയ്യേറ്റക്കാരെ പരമാവധി സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പരാതി കൊടുത്താൽ 7 ദിവസത്തിനുള്ളിൽ പൊളിച്ചു മാറ്റാൻ നോട്ടീസ് നൽകി പത്ര വാർത്തയാക്കും. എന്നാൽ പിന്നീട് തുടർ നടപടി ഒന്നും എടുക്കാതെ ഉദ്യോഗസ്ഥർ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് ഇവർ പറയുന്നു. ഇത്തരത്തിൽ പല കെട്ടിട ഉടമകൾക്കും പരമാവധി സമയം ലഭിക്കുന്നതിൻ്റെ ഭാഗമായി ഇവർ കോടതിയിൽ പോയി സ്റ്റേ വാങ്ങുന്ന സ്ഥിതി ഉണ്ടാവുകയാണ്. ഇങ്ങനെ പലർക്കും സമയം നീട്ടി നൽകി കിട്ടിയതിൻ്റെ ഭാഗമായി പല ഉന്നത ഉദ്യോഗസ്ഥർക്കും വൻ തുക കോഴ ലഭിച്ചിട്ടുണ്ടെന്നാണ് പൌരസമാജം നേതാക്കൾ പറയുന്നത്.

കൊയിലാണ്ടി റെയിൽവെ സ്റ്റേഷൽ റോഡിൽ കാലപ്പഴക്കംകൊണ്ട് തകർന്ന് വീണ കെട്ടിടം പുതിയ കോൺക്രീറ്റ് കെട്ടിടമാക്കി മാറ്റുന്നതിന് നഗരസഭയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ലക്ഷങ്ങൾ കോഴവാങ്ങിയതായാണ് ആരോപണം. ഈ അനധികൃത കെട്ടിടം പൊളിച്ചുമാറ്റാൻ നിരവധി തവണ നഗരസഭ നോട്ടീസ് നൽകുകയുണ്ടായി. പൊതുജനങ്ങൾക്കും സമീപ കെട്ടിടങ്ങൾക്കും ഭീഷണിയായ കെട്ടിട നിർമ്മാണത്തിനെതിരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുകൂടിയായ വടകര ആർ.ഡി.ഒ. വി. അബ്ദുറഹിമാൻ കെട്ടിടം സ്വന്തം ചിലവിൽ പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് ഉടമകൾക്ക് നോട്ടീസ് കൈമാറിയിരുന്നു. ഉത്തരവിന് ശേഷമാണ് കെട്ടിട ഉടമ ഒരു മാസം മുമ്പ് രണ്ടാം ശനിയാഴ്ചക്ക് മുന്പുള്ള വെള്ളിയാഴ്ച അർദ്ധ രാത്രി സർവ്വ സന്നാഹങ്ങളുമായി കോഴിക്കോട് വെസ്റ്റ് ഹില്ലിൽ നിന്ന് എത്തിയ തൊഴിലാളികളെ ഉപയോഗിച്ച് പുലർച്ചെ 6 മണിക്കുള്ളിൽ 3 കടകളുടെ മെയിൽ സ്ലാബിൻ്റെ കോൺക്രീറ്റ് പൂർത്തിയാക്കിയത്. അതിന് ശേഷം നഗരസഭ സെക്രട്ടറി വീണ്ടും പൊളിച്ചു മാറ്റാൻ കെട്ടിടത്തിൽ നോട്ടീസ് പതിച്ച് നൽകിയെങ്കിലും തുടർ നടപടി എടുക്കാതെ നഗരസഭയും റവന്യൂ വിഭാഗവും ഇപ്പോഴും അലംഭാവം തുടരുകയാണ്. നഗരസഭ സെക്രട്ടറിയോട് ഒരു മാധ്യമ പ്രവർത്തകൻ ഈ കാര്യം ചോദിച്ചപ്പോൾ നോട്ടീസ് ഒട്ടിച്ചത് കാട് പിടിച്ച കെട്ടിടത്തിലായത്കൊണ്ട് കെട്ടിട ഉടമ കണ്ടിട്ടുണ്ടാവില്ലെന്ന ന്യായീകരണമാണ് നൽകിയത്.

Advertisements

ദേശീയപാതയിലെ തകർന്ന് വീഴാറായ പത്തോളം കെട്ടിടം ഉടൻതന്നെ പൊളിച്ച് മാറ്റാൻ ഒരു വർഷം മുമ്പ് നഗരസഭ ഉത്തരവിട്ടിരുന്നു. എന്നാൽ ഇന്ന് ഈ കെട്ടിടങ്ങളെല്ലാം കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത നിലയിൽ ഇരുമ്പ് തൂണ്കൊണ്ട് കുത്ത് കൊടുത്ത് എ.സി.പി. ഷീറ്റ് കൊണ്ട് മറച്ച് പുതു മോഡിയിൽ പുനർ നിർമ്മിച്ചിരിക്കുകയാണ്. കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റ് പരിസരം, മേൽപ്പാലത്തിന് സമീപം, ദേശീയപാതയോരം, സ്റ്റേറ്റ് ബാങ്കിനു സമീപം, ഇ.എം.എസ്. ടൌൺഹാൾ എന്നിവിടങ്ങളിലായി പതിനെട്ടോളം വലുതും ചെറുതുമായ കൈയ്യേറ്റങ്ങൾ നടന്നിട്ടും അധികൃതർ ഇതൊന്നും അറിഞ്ഞമട്ടില്ല. കൈയ്യേറ്റക്കാർക്കെതിരെ എന്നും ശബ്ദിക്കുന്ന കൊയിലാണ്ടിയിലെ യുവജന സംഘടനകൾ ഉറക്കത്തിലാണെന്നാണ് നാട്ടുകാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *