KOYILANDY DIARY

The Perfect News Portal

ലൈഫ്‌മിഷന്‍: രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിൻ്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

തിരുവനന്തപുരം; ലൈഫ്‌മിഷന്‍ പദ്ധതി വഴി രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിൻ്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം വട്ടിയൂര്‍കാവിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങില്‍ മുഖ്യമന്ത്രി നേരിട്ടെത്തി. വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തു. രണ്ടേമുക്കാല്‍ സെന്റില്‍ 600 സ്‌ക്വയര്‍ ഫീറ്റിലാണ്‌ ഈ വീടുള്ളത്‌. എട്ട്‌ ലക്ഷം രൂപയാണ്‌ നിര്‍മ്മാണച്ചെലവ്‌. നാല്‌ ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും നാല്‌ ലക്ഷം രൂപ ഉപഭോക്താവും മുടക്കിയിരുന്നു.2019ല്‍ തിരുവനന്തപുരം കരകുളം പഞ്ചായത്തില്‍ ലൈഫ്‌ പദ്ധതിയുടെ ആദ്യഘട്ട ഗൃഹപ്രവേശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി നടത്തിയിരുന്നു.

2,50,547 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ്‌ ഇന്ന്‌ നടത്തിയത്‌. നിര്‍മ്മാണത്തിനായി 8,823.20 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. ലൈഫ്‌ മിഷന്‍ പദ്ധതിയിലൂടെ അടുത്ത വര്‍ഷം 1.5 ലക്ഷം വീടുകള്‍ നല്‍കുമെന്നാണ്‌ സര്‍ക്കാര്‍ പ്രഖ്യാപനം. ഭൂരഹിതരും ഭവനരഹിതരുമായ 1.35 ലക്ഷം കുടുംബങ്ങള്‍ക്കാണ്‌ മുന്‍ഗണന നല്‍കുക. ഇതില്‍ അറുപതിനായിരം വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കും പട്ടിക വിഭാഗത്തിനുമാണ്‌. പട്ടിക വിഭാഗത്തിന്‌ ഭൂമി വാങ്ങുന്നതിന്‌ തുക വകയിരുത്തി. 6000 കോടി ലൈഫ്‌ പദ്ധതിക്ക്‌ വേണം. ഇതില്‍ 1000 കോടി ബജറ്റില്‍ വകയിരുത്തി. ബാക്കി വായ്‌പ എടുക്കാനാണ്‌ തീരുമാനമെന്നാണ്‌ ധനമന്ത്രിയുടെ പ്രഖ്യാപനം.

വടക്കാഞ്ചേരി ലൈഫ്‌ പദ്ധതി വിവാദത്തില്‍പ്പെട്ട്‌ സര്‍‌ക്കാര്‍ പ്രതിരോധത്തിലായിരിക്കെയാണ്‌ രണ്ടരലക്ഷം വീടുകളുടെ നിര്‍മ്മാണ പൂര്‍ത്തീകരണം ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫ്‌ സര്‍ക്കാര്‍ മുന്നോട്ട്‌ പോകുന്നത്‌. വടക്കാഞ്ചേരിയിലെ 2.17 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ 140 ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി 2019 ജൂലൈ 11നാണ്‌ യുഎഇ റെഡ്‌ ക്രസൻ്റുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തിയത്‌. എന്നാല്‍ ലൈഫ്‌ മിഷന്‍ പദ്ധതിക്ക്‌ കീഴില്‍ യുഎഇ റെഡ്‌ ക്രസന്റുമായി യുണിടാക്‌ ഉണ്ടാക്കിയ കരാര്‍ നിയമാനുസൃതമല്ലെന്നാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌. ലൈഫ്‌ മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്‌.

Advertisements

20 കോടിയുടെ ലൈഫ്‌ മിഷന്‍ പദ്ധതിയില്‍ 9 കോടി രൂപയുടെ അഴിമതി നടന്നിട്ടുള്ളതായി ആരോപണമുന്നയിച്ച്‌ അനില്‍ അക്കര എംഎല്‍എയും പാരാതി നല്‍കിയിരുന്നു. നിലവിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണകാലയളവിലെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായാണ്‌ ലൈഫ്‌ മിഷന്‍ പദ്ധതിയെ സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്നത്‌്‌

Leave a Reply

Your email address will not be published. Required fields are marked *