KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കാലപ്പഴക്കത്തിൽ തകർന്ന് വീഴാറായ ബഹുനില കെട്ടിടം നഗരസഭയുടെ അനുമതിയില്ലാതെ പുതുമോഡിയിലാക്കുന്നു

കൊയിലാണ്ടി: നഗരമധ്യേ കാലപ്പഴക്കത്തിൽ തകർന്ന് വീഴാറായ ബഹുനില കെട്ടിടം പുതുമോഡിയാക്കാനുള്ള ജോലി തകൃതിയായി നടത്തുന്നു. കൊയിലാണ്ടി ദേശീയപാതയുടെ കിഴക്ക് ഭാഗത്തായി കൈനാട്ടി ജംങ്ഷനിലെ നാല് നിലകളുള്ള കെട്ടിടമാണ് വർഷങ്ങളായി അപകട ഭീഷണിയിൽ നിൽക്കുന്നത്. പഴകി ദ്രവിച്ച് കമ്പികൾ പുറത്തായ കെട്ടിടത്തിന് പ്ലാസ്റ്റിംഗ് നടത്തി എ.സി.പി. ഷീറ്റ് ഇടുന്നതിന് വേണ്ടി ഇൻഡസ്ട്രീയൽ വർക്ക് നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുള്ളവർക്കും സമീപ കെട്ടിടങ്ങൾക്കും ഈ കെട്ടിടം വൻ ഭീഷണിയായിരിക്കുകയാണ്. നഗരസഭയിലെ 32-ാം വാഡിൽ പടിഞ്ഞാറെ മീത്തലെ പീടിക പറമ്പിൽ പാത്തുവിൻ്റെ ഉടമസ്ഥതയിലുള്ളതാണ് മേൽപ്പറഞ്ഞ കെട്ടിടം. നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം അനധികൃത കയ്യേറ്റങ്ങളും നിർമ്മാണങ്ങളും നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനെതിരെ കർശന നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

നഗരസഭയുടെ അനുമതി ഇല്ലാതെയാണ് ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്നതെന്നാണ് അറിയുന്നത്. കെട്ടിടത്തിന് 40 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്. കെട്ടിടത്തിൻ്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് ഇരുമ്പ് കമ്പികൾ പുറത്തായ നിലയിലാണുള്ളത്. സമീപ ദിവസം കെട്ടിടത്തിൻ്റെ മുകൾ ഭാഗത്തെ വലിയ സ്ലാബ് തകർന്ന് വീണിരുന്നു, രാത്രിയായതിനാൽ വൻ അപകടമാണ് ഒഴിവായത്. കൊയിലാണ്ടയിലെ മുസ്ലീം ലീഗ് നേതാവിന്റെ അടുത്ത ബന്ധുവാണ് കെട്ടിടത്തിന്റെ ഉടമസ്ഥൻ.

ഇപ്പോൾ ചില ഭാഗങ്ങളിൽ കോൺക്രീറ്റ് തൂണുകൾ മെയിൻ സ്ലാബുമായി ബന്ധമില്ലാതെ കിടക്കുകയാണ്. താഴത്തെ നിലയിലെ സ്ലാബുകൾ തകർന്നതോടെ ഇരുമ്പ് തൂണുകൾ കൊണ്ട് കുത്ത് കൊടുത്ത നിലയിലാണുള്ളത്. കെട്ടിടത്തിൻ്റെ മുകൾ നിലയിൽ ഷോ വാളിൽ സ്ഥാപിച്ച ഹുരുഡീസ് തകർന്ന് വീണതിനെ തുടർന്ന് ആ ഭാഗങ്ങളിൽ ഇപ്പോൾ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. ഇങ്ങനെ നിരവധി പ്രശ്നങ്ങൾ നില നിൽക്കുന്ന കെട്ടിടമാണ് ഇപ്പോൾ നഗരസഭയുടെയോ, ഫയർ & സേഫ്റ്റി വിഭാഗത്തിൻ്റെയോ അനുമതിയില്ലാതെ മോഡികൂട്ടി നിലനിർത്താനുള്ള ശ്രമം നടക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *