KOYILANDY DIARY

The Perfect News Portal

പാലാരിവട്ടം പാലം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞ്‌ അറസ്‌റ്റില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില് മുന് മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇബ്രാഹിംകുഞ്ഞ്‌ ചികിത്സയില്‍ കഴിയുന്ന ലേക് ഷോര്‍ ആശുപത്രിയിലാണ് അറസറ്റ് രേഖപ്പെടുത്തിയത്. ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ് വിജിലന്‍സ് അറസറ്റ് രേഖപ്പെടുത്തിയത്. രാവിലെ പത്തരയോടെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് ചികിത്സതേടി ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ എത്തിയത്.

രാവിലെ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാന്‍ വിജിലന്‍സ് സംഘം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആലുവയിലെ വീട്ടില്‍ എത്തിയിരുന്നു. അപ്പോഴാണ് ആശുപത്രിയിലാണെന്ന് അറിയുന്നത്. തുടര്‍ന്നാണ് സംഘം ആശുപത്രിയില്‍ എത്തിയത്. ആരോഗ്യം സംബന്ധിച്ച്‌ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും മറ്റ് നടപടി ക്രമങ്ങളിലേക്ക് വിജിലന്‍സ് കടക്കുക.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് മൊഴി നല്‍കിയിരുന്നു. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ഫെബ്രുവരി അഞ്ചിനാണ് ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്.

Advertisements

അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടിയത് എന്ന് പറയുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച പാലത്തില്‍ വിള്ളല്‍ കണ്ടതോടെയാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. അഞ്ചാം പ്രതിയായ അന്നത്തെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ക്രമക്കേട് നടത്തിയതിന് വിജിലന്‍സിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ്, കരാര്‍ കമ്പനി ആര്‍ഡിഎസ് പ്രോജക്‌ട് എംഡി സുമിത് ഗോയല്‍, കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നിപോള്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ കേരള (ആര്‍ബിഡിസികെ) അസി. ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന്‍ എന്നിവരും പ്രതികളാണ്.

Leave a Reply

Your email address will not be published. Required fields are marked *