KOYILANDY DIARY

The Perfect News Portal

മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. തൊഴിലാളി സംഘടനയെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ 164 തൊഴിലാളികളെ അവര്‍ ജോലി ചെയ്യുന്ന ശാഖകള്‍ അടച്ചുപൂട്ടി മുത്തൂറ്റ് ഫിനാന്‍സ് മാനേജ്മെൻ്റ് പിരിച്ചു വിട്ടിട്ട് 11 മാസം തികയുകയാണ്. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്. സൂചന എന്ന നിലയില്‍ നവംബര്‍ 23, 24, 25 എന്നീ തീയതികളില്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തും.

2020 ജനുവരി 2 മുതല്‍ സംസ്ഥാന വ്യാപകമായി നോണ്‍ ബാങ്കിംഗ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (CITU) നേതൃത്വത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നടത്തിവന്ന അനിശ്ചിത കാല പണിമുടക്ക് മാര്‍ച്ച്‌ 26ന് അവസാനിപ്പിച്ചിരുന്നു. കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സമരങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നതൊഴില്‍ വകുപ്പിന്റെ ഉത്തരവും, അതിന്റെ ഭാഗമായി യൂണിയന് സര്‍ക്കാര്‍ നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് പണിമുടക്ക് അവസാനിപ്പിച്ചത്.

ഈ വിഷയം പരിഹരിക്കാനായി 18 ല്‍ അധികം ചര്‍ച്ചകള്‍ തൊഴില്‍ വകുപ്പ് മുന്‍ കൈ എടുത്ത് നടത്തി , അതില്‍ ബഹു. ഹൈക്കോടതി ശക്തമായി ഇടപെടുകയും പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ മാനേജ്മെന്റിനോട് പലതവണ നിര്‍ദ്ദേശം നല്‍കുകയും കൂടാതെ കോടതി നിരീക്ഷകനെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നിയമിക്കുകയും ചെയ്തു. എന്നാല്‍ ഈ കോവിഡ് മഹാമാരി കാലഘട്ടത്തിലും, പ്രശ്നം പരിഹരിക്കാന്‍ കമ്ബനി തയ്യാറായില്ല എന്ന് മാത്രമല്ല, തീരുമാനം എടുക്കാന്‍ കെല്‍പ്പുള്ളവരെ ചര്‍ച്ചകളില്‍ അയക്കാതെ, ഈ കാലത്ത് തൊഴിലാളികള്‍ കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ സമരത്തിനിറങ്ങില്ല എന്നത് മുതലാക്കിക്കൊണ്ട് ഒരേ നിലപാട് ആവര്‍ത്തിച്ച്‌ , കോടതിയെയും, തൊഴില്‍ വകുപ്പിനേയും, തൊഴിലാളികളെ ഒന്നാകെയും വെല്ലുവിളിക്കുകയാണ് ഉണ്ടായത്.

Advertisements

ഇതിനെതിരെ സമരം പുനരാരംഭിക്കാന്‍ സംഘടന നിര്‍ബന്ധിതമായിരിക്കുകയാണ്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒക്ടോബര്‍ 18ന് ചേര്‍ന്ന മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റ് സ്റ്റേറ്റ് കമ്മിറ്റി യോഗം , സൂചന എന്ന രീതിയില്‍ സംസ്ഥാന വ്യാപകമായി മുത്തൂറ്റ് ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നവംബര്‍ 23, 24, 25 എന്നീ തീയതികളില്‍ പണിമുടക്ക് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

യോഗത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റ് സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് എംഎല്‍എ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ്, നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് അസോസിയേഷന്‍ (സിഐടിയു) പ്രസിഡന്റ് എ എം ആരിഫ് എംപി, യൂണിയന്‍ വൈ.പ്രസിഡന്റ് എ സിയാവുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യൂണിയന്‍ ജനറല്‍ സെക്രട്ടറിസി സി രതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു, മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റ് സംസ്ഥാന ട്രഷറര്‍ ശരത് ബാബു സ്വാഗതം ആശംസിച്ചു. മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റ് സെക്രട്ടറി നിഷ കെ ജയന്‍ ചര്‍ച്ചക്ക് മറുപടിയും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *