KOYILANDY DIARY

The Perfect News Portal

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു

പാലക്കാട്: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി (94) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് അന്ത്യം . ഭാരതീയ തത്ത്വചിന്തയുടെയും ധാര്‍മികമൂല്യങ്ങളുടെയും സവിശേഷമുദ്രകള്‍ വഹിക്കുന്ന നിരവധി കവിതകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്.

1926 മാര്‍ച്ച്‌ 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ ജനിച്ചു. അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്ബൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനവുമാണ് മാതാപിതാക്കള്‍. 1949 ല് 23-നാം വയസ്സില് വിവാഹിതനായി. ഭാര്യ പട്ടാമ്ബി ആലമ്ബിള്ളി മനയില്‍ ശ്രീദേവി അന്തര്ജനം. മക്കള്: പാര്വ്വതി, ഇന്ദിര, വാസുദേവന്, ശ്രീജ, ലീല, നാരായണന്. സഹോദരന്‍ അക്കിത്തം നാരായണന്‍ പാരിസില്‍ താമസിക്കുന്ന പ്രശസ്തനായ ചിത്രകാരനും ശില്പിയും ആണ്.

ബാല്യത്തില്‍ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്ബൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975-ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി. 1985-ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, ബലിക്കല്ല്, വെണ്ണക്കല്ലിന്റെ കഥ, അമൃതഗാഥിക, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അന്തിമഹാകാലം, തെരഞ്ഞെടുത്ത കവിതകള്‍, കവിതകള്‍ സമ്ബൂര്‍ണം തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

അരങ്ങേറ്റം, മധുവിധു, മധുവിധുവിനുശേഷം, നിമിഷക്ഷേത്രം, പഞ്ചവര്‍ണക്കിളികള്‍, മനസ്സാക്ഷിയുടെ പൂക്കള്‍, വളകിലുക്കം, അഞ്ചുനാടോടിപ്പാട്ടുകള്‍, ബലിദര്‍ശനം, അനശ്വരന്റെ ഗാനം, സഞ്ചാരികള്‍, കരതലാമലകം, ദേശസേവിക, സാഗരസംഗീതം (സി ആര്‍ ദാസിന്റെ ഖണ്ഡകാവ്യ വിവര്‍ത്തനം) എന്നിവയാണ് മറ്റ് കവിതാസമാഹാരങ്ങള്‍. ഒരു കുല മുന്തിരിങ്ങ, ഉണ്ണിക്കിനാവുകള്‍, കളിക്കൊട്ടില്‍ എന്നീ ബാലസാഹിത്യകൃതികളും കടമ്ബിന്‍പൂക്കള്‍, അവതാളങ്ങള്‍ എന്നീ ചെറുകഥകളും ‘ഈ ഏടത്തി നൊണേ പറയൂ’ എന്ന നാടകവും ഉപനയനം, സമാവര്‍ത്തനം എന്നീ ലേഖന സമാഹാരങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്.

മൂര്‍ത്തിദേവി പുരസ്കാരം, എഴുത്തച്ഛന്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കബീര്‍സമ്മാന്‍ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. അക്കിത്തം കവിതകള്‍ നിരവധി ഭാരതീയ, വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *