KOYILANDY DIARY

The Perfect News Portal

തൻ്റെ ക്ലാസ് കൂടി ഹൈടെക് ആക്കി നൽകുമോ എന്ന നാലാം ക്ലാസുകാരൻ്റെ ചോദ്യത്തിന് മറുപടി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു ക്ലാസ് മുറി ഹൈടെക് ആക്കുകയല്ല മറിച്ച്‌ വിദ്യാലയത്തെ പൂര്‍ണമായി ഹൈടെക് ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വഴുതക്കാട് ശിശുവിഹാര്‍ യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ നിധിൻ്റെ (ശങ്കരന്‍) ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. തന്റെ ക്ലാസ് കൂടി ഹൈടെക് ആക്കി നല്‍കുമോയെന്നായിരുന്നു നിധിന്റെ ചോദ്യം.

“പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാവി’ എന്ന വിഷയത്തില്‍ ഫെയ്സ്ബുക് ലൈവില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പെട്ടവരുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെയുള്ളവരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.

ഹൈടെക് ആക്കുകമാത്രമല്ല മുഴുവന്‍ സ്കൂളുകളെയും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നും വിദ്യാലയങ്ങളില്‍ ഐടി പഠനത്തിന് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വെറും വിദ്യാഭ്യാസംമാത്രമല്ല, തൊഴില്‍ സാധ്യതയുള്ള പഠന രീതിയാണ് ആവശ്യം. കാലാനുസൃതമായ ഇത്തരം മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകും. കുട്ടികള്‍ക്കായി സ്കൂളുകളില്‍ ഇ–- റീഡര്‍ സംവിധാനവും കൊണ്ടുവരും.

Advertisements

വിദേശങ്ങളിലെ സ്കൂളുകളില്‍ പഠിക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക് നാട്ടിലെ സ്കൂളുകളിലെ വിദ്യാര്‍ഥികളുമായും അധ്യാപകരുമായും ചെലവഴിക്കാന്‍ അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടൊപ്പം സാങ്കേതികവിദ്യയുടെ സഹായത്തോടെ സംഗീതം, കല, സ്പോര്‍ട്സ് എന്നീ മേഖലകളില്‍ കൂടുതല്‍ അവസരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്കൂളുകള്‍ ഹൈടെക് ആകുമ്ബോള്‍ ആദ്യം അത്തരം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളേണ്ടത് അധ്യാപകരാണ്. അവരില്‍നിന്നാണ് വിദ്യാര്‍ഥികള്‍ പഠിക്കുക. വിദ്യാര്‍ഥികളിലെ അക്കാദമിക് മികവിനാണ് പ്രാധാന്യം. അതിനായി അധ്യാപകരെ മെന്റര്‍മാരായി നിയമിച്ചിട്ടുണ്ട്. അവരുടെ പരാതി പരിഹാരത്തിനും വിഷമങ്ങള്‍ മനസ്സിലാക്കാനും ഈ അധ്യാപകര്‍ക്ക് കഴിയും. ഒപ്പം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും പഠനത്തില്‍ എല്ലാ സൗകര്യവും ഉറപ്പാക്കുമെന്നും ലൈവ് പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

എഴുത്തുകാരന്‍ ടി പത്മനാഭന്‍, മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായ്, യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി, ഐടി വിദഗ്ധന്‍ ജോയ് സെബാസ്റ്റ്യന്‍, സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍, പ്രഥമാധ്യാപകനും നടനുമായ സുധീര്‍ കരമന, അധ്യാപിക സായ് ശ്വേത, നടി മാലാ പാര്‍വതി, വിദ്യാര്‍ഥികളായ ആര്യ, നിഹാല്‍, രക്ഷാകര്‍ത്താവ് അശ്വതി എന്നിവരാണ് മുഖ്യമന്ത്രിയുമായി സംവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *