KOYILANDY DIARY

The Perfect News Portal

സ്വർണ്ണക്കടത്ത് കേസ്: കേന്ദ്ര മന്ത്രി വി.മുരളീധരൻ രാജിവെക്കണം-കബീർ സലാല

കൊയിലാണ്ടി: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനതാദൾ (എസ്) ൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ നടന്ന ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. കബീർ സലാല ഉൽഘാടനം ചെയ്തു.  സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെയാണെന്ന് കേന്ദ്ര സർക്കാർ രേഖാമൂലം വ്യക്തമാക്കിയതോടെ ഇനിയും മന്ത്രി പദവിയിൽ തുടരാനുള്ള അർഹത വി. മുരളീധരനില്ലെന്ന് അദ്ദേഹം പറഞ്ഞും.

ആഭ്യന്തര മന്ത്രാലയവും നാഷനൽ ഇൻവെസ്റ്റിഗേഷൻ എജൻസിയും (എൻ.ഐ.എ) നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണ്ണം കടത്തിയതെന്ന് വ്യക്തമാക്കിയിട്ടും നുണ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വി. മുരളീധരൻ അന്വേഷണത്തെ ബോധപൂർവ്വം അട്ടിമറിക്കാൻ നടത്തിയ ഇടപെടലാണിതെന്ന് ഉറപ്പായി. കൂടാതെ ബി.ജെ.പി.യുടെ ജനം ചാനൽ മേധാവി അനിൽ നമ്പ്യാർ സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാൻ സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടതിൻ്റെ മൊഴിയും പുറത്തു വന്നിരുന്നു. കേസ് പുറം ലോകം അറിയുന്നതിൻ്റെ മുമ്പാണ് ഈ ഉപദേശം നൽകിയിട്ടുള്ളത്.

മാത്രവുമല്ല, കോൺസുലേറ്റ് ജനറലിന് വേണ്ടി ഡിപ്ലോമാറ്റിക് ബാഗേജല്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന വ്യാജരേഖയും തയ്യാറാക്കി നൽകാമെന്നും അനിൽ നമ്പ്യാർ പറഞ്ഞതായാണ് മൊഴി പുറത്തു വന്നിട്ടുള്ളത്. ഇത്തരത്തിൽ നയതന്ത്രപരമായ കത്തുകൾ തയ്യാറാക്കാൻ നയതന്ത്ര ഓഫീസുമായി ബന്ധപ്പെട്ടവരുടെ സഹായം ലഭിക്കും എന്നുറപ്പുള്ളതുകൊണ്ടാകാം അനിൽ നമ്പ്യാർ ഇത്തരമൊരു ഉപദേശം നൽകിയത്.

Advertisements

മാത്രവുമല്ല ബി.ജെ.പി. ഭരിക്കുന്ന കർണാടകയിലേക്ക് കടക്കുന്നതിന് മുമ്പ് സ്വപ്ന വിളിച്ചതും ഇതേ ചാനൽ മേധാവിയെ തന്നെയാണ്. ഇതെല്ലാം വി. മുരളീധരിനിലേക്കു തന്നെയാണ്‌ വിരൽ ചൂണ്ടുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ധർണ്ണയിൽ നിയോജക മണ്ഡലം പ്രസിഡൻറ് സുരേഷ് മേലെപ്പുറത്ത് ആധ്യക്ഷം വഹിച്ചു. കെ  ദേവരാജ്, കെ.എം ഷാജി, എ. റിലേഷ്  എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *