KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഫിഷിംഗ് ഹാർബർ അടച്ചിടാൻ തീരുമാനിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതം: അധികൃതർ

കൊയിലാണ്ടി: ഫിഷിംഗ് ഹാർബർ അടച്ചിടാൻ തീരുമാനിച്ചുവെന്ന് ചില സംഘടനകളുടെതായി വന്ന വാർത്ത പൂർണ്ണമായും തള്ളിക്കളയണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുധീർ കിഷൻ അറിയിച്ചു. പുതിയാപ്പ ഹാർബറിൽ പുറത്ത് നിന്ന് വന്ന  ഒരു ലോറി ഡ്രൈവര്ക്ക്  കോവിഡ് 19 സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട്  ഹാർബർ ഉള്പ്പെടുന്ന ഒരു വാര്ഡ് അടച്ചിടേണ്ട സാഹചര്യം ഉണ്ടായിരുന്നു. തുടർന്ന് കൊയിലാണ്ടിയിലെ ചില മതസംഘടനകളും ഒരുവിഭാഗം മത്സ്യതൊഴിലാളികളും സംയുക്തമായി യോഗം ചേർന്ന് കൊയിലാണ്ടി ഹാർബർ അടച്ചു എന്ന വാർത്ത ചില മുഖ്യധാര മാധ്യമങ്ങളിൽ വരികയുണ്ടായി. അത് പൂർണ്ണമായും തെറ്റാണ്.

അതിനിടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ആൾ കൊയിലാണ്ടി തീരദേശത്ത് കറങ്ങി നടക്കുന്നുണ്ടെന്ന് വ്യാജ വാര്ത്തയും, ഹാർബർ അടച്ചു എന്ന  സന്ദേശവും പരന്നതോടെ ജനങ്ങളിൽ വലിയ ഭീതിപരത്തിയിരിക്കുകയാണ്. കോഴിക്കോട് ജില്ലാ കലക്ടർ ചെയർമാനായ ഹാർബർ മാനേജ്മെൻ്റ് സൊസൈറ്റിക്കാണ് ഹാർബറിൽ ഏത് അടിയന്തര സാഹചര്യങ്ങളിലും അടക്കാനും തുറക്കാനും തീരുമാനമെടുക്കാനുള്ള അവകാശം എന്നിരിക്കെ ഇത്തരം സംഘടനകൾ യോഗം ചേർന്നതായും ഹാർബർ അടച്ചിട്ടതായും വന്ന വാർത്ത പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

കാര്യങ്ങൾ മനസിലാക്കാതെ ചില സമുദായ സംഘടനകൾ കൊടുക്കുന്ന വാർത്ത ആതേപടി പ്രസിദ്ധീകരിക്കുന്ന ചില മാധ്യമങ്ങളുടെ നടപടിയിൽ ഉദ്യോഗസ്ഥർക്കും നഗസഭാ ഭരണകൂടത്തിനും വ്യാപകമായ പരാതിയുണ്ട്. ഈ വ്യാജ വാർത്തക്കെതിരെ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരാതികൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ.അന്യ സംസ്ഥനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്കു മാത്രമാണ് ഇപ്പോൾ കൊയിലാണ്ടിയിൽ അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റ് ചെറു വള്ളങ്ങളിൽ വരുന്ന മത്സ്യ വിപണനങ്ങൾ സാമൂഹ്യ അകലം പാലിച്ചും മാസ്ക്ക് ധരിച്ചും സാധാരണപോലെ നടക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. 

Advertisements

ആഗസ്റ്റ് മാസം ഹാർബർ കമ്മീഷൻ ചെയ്യാൻ സർക്കാർ ഒരുങ്ങുന്നു.

എൽ.ഡി.എഫ്. സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ കൊയിലാണ്ടി ഫിഷിംഗ് ഹാർബർ വി.എസ്. അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് തറക്കല്ലിടൽ നടന്നത്. 68 കോടി ചിലവഴിച്ചാണ് സർക്കാർ ഹാർബർ പണി പൂർത്തിയാക്കിയിരിക്കുന്നത്. മന്ത്രിസഭ കാലാവധി പൂർത്തായാക്കുന്നതിന് മുമ്പെ 60 ശതമാനം പ്രവൃത്തിയും പൂർത്തീകരിച്ചിരുന്നു. തുടർന്ന് വന്ന ഉമ്മൻചാണ്ടി സർക്കാർ ഫണ്ട് ഉണ്ടായിട്ടും 5 വർഷക്കാലം ഹാർബറിൻ്റെ പ്രവൃത്തി തിരിഞ്ഞു നോക്കാതെ തികഞ്ഞ അലംഭാവമാണ് കാണിച്ചത്.

തുടർന്ന് വന്ന പിണറായി സർക്കാരിൽ കെ. ദാസൻ എം.എൽ.എ.യുടെയും നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യന്റെയും ഇടപെടലിന്റെ ഭാഗമായി പ്രവർത്തനം വേഗത്തിലാക്കി 97 ശതമാനം പ്രവൃത്തിയും പൂർത്തിയാക്കി.  നേരത്തെ രണ്ട് തവണ ഉദ്ഘാടനം തീരുമാനിച്ചെങ്കിലും മുഖ്യമന്ത്രിയുടെ തിരക്ക്കാരണം മാറ്റി വെക്കുകയായിരുന്നു. അതിനിടെ മത്സ്യതൊഴിലാളികളുടെ ആവശ്യം കണക്കിലെടുത്ത് താൽക്കാലികമായി ഹാർബർ തുറന്നു കൊടുത്തു. കോവിഡ് പാശ്ചാത്തലത്തിൽ വീണ്ടും ആഗസ്റ്റ് മാസം  മുഖ്യമന്ത്രിയെക്കൊണ്ട്  ഓൺലൈനിൽ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് എം.എല്.എ.യും  നഗരസഭയും. 

 

Leave a Reply

Your email address will not be published. Required fields are marked *