മുഖ്യമന്ത്രിയുടെ ആശംസയോടെ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം
തിരുവനന്തപുരം: അടിമുടി മാറ്റങ്ങളുമായി ഓണ്‍ലൈന്‍ വഴി സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആശംസയോടെയായിരുന്നു ക്ലാസ്സുകളുടെ തുടക്കം. നമ്മുടെ കുട്ടികള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുകയാണ്. കോവിഡ് – 19 കാരണം കുട്ടികള്‍ക്ക് ഇപ്പോള്‍ സ്കൂളുകളില്‍ എത്താന്‍ കഴിയില്ല. പകരം വീട്ടിലിരുന്ന് പഠിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് നമ്മുടെ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നിശ്ചയിക്കപ്പെട്ട ടൈംടേബിള്‍ അനുസരിച്ച് ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യും. ക്ലാസുകള്‍ യൂട്യൂബ് വഴിയും ലഭ്യമാക്കും. പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ പഠന ക്രമത്തില്‍ എല്ലാവര്ക്കും ആശംസകള്‍ നേരുന്നു – മുഖ്യമന്ത്രി പറഞ്ഞു.
സ്കൂളുകള്‍ തുറക്കാതെ വീട്ടിലിരുന്ന് വിക്ഴേസ് ചാനല്‍ വഴിയാണ് പഠനം. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകള്‍ക്കും ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷത്തിനും പ്രത്യേക സമയക്രമം. സ്മാര്‍ട്ട്ഫോണും ടിവിയും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇന്നത്തെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളുടെ കണക്കെടുത്ത് സൗകര്യം ഒരുക്കും. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് അങ്കണവാടികളിലും സ്കൂളുകളിലും ഇത്തരം സൗകര്യം ഒരുക്കുക.