KOYILANDY DIARY

The Perfect News Portal

മിന്നല്‍ മുരളി’യുടെ സെറ്റ് പൊളിച്ച്‌ ബജ്റംഗദളിന്‍റെ സ്വാഭിമാന സംരക്ഷണം; വ്യാപക പ്രതിഷേധം

കൊച്ചി: ടോവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് സിനിമ ‘മിന്നല്‍ മുരളി’യുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് ഒരുക്കിയ കൂറ്റന്‍ സെറ്റ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മാസങ്ങളെടുത്ത് തയാറാക്കിയ കൂറ്റന്‍ കെട്ടിടത്തിന്‍റെ സെറ്റാണ് ഞായറാഴ്ച തകര്‍ത്തത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

അഖിലകേരള ഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് സെറ്റ് തകര്‍ത്ത കാര്യം ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ സഹിതം അറിയിച്ചത്.
കാലടി മണപ്പുറത്ത് ക്ഷേത്രത്തിന് മുന്നില്‍ സെറ്റിട്ടപ്പോള്‍ തന്നെ തങ്ങള്‍ എതിര്‍ത്തതാണെന്നും സ്വാഭിമാനം സംരക്ഷിക്കാനായാണ് സെറ്റ് തകര്‍ത്തതെന്നും ഹരി പാലോട് അവകാശപ്പെട്ടു. രാഷ്ട്രീയ ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്‍റ് മലയാറ്റൂര്‍ രതീഷിന്‍റെ നേതൃത്വത്തിലാണ് സെറ്റ് തകര്‍ത്തതെന്നും ചിത്രങ്ങള്‍ സഹിതം വിശദീകരിക്കുന്നുണ്ട്.

ക്ഷേത്രത്തിന് മുന്നില്‍ കെട്ടിയത് പള്ളിയാണെന്നും അതിനാലാണ് തങ്ങള്‍ പൊളിച്ചുമാറ്റിയതെന്നും ഹരി പാലോട് കമന്‍റുകള്‍ക്ക് മറുപടിയായി വിശദീകരിക്കുന്നുമുണ്ട്.

Advertisements

കാലടി മണപ്പുറത്ത് മഹാദേവന്‍റെ മുന്നില്‍, ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്. പരാതികള്‍ നല്‍കിയിരുന്നു. യാജിച്ച്‌ ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച്‌ കളയാന്‍ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ക്കും, മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്‍റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍. മഹാദേവന്‍ അനുഗ്രഹിക്കട്ടെ -ഹരി പാലോട് ഫേസ്ബുക്കില്‍ എഴുതി.

സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. തങ്ങളുടെ സ്വപ്നമാണ് ചിലര്‍ തകര്‍ത്തതെന്ന് മിന്നല്‍ മുരളിയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് പറഞ്ഞു. ലോക്ഡൗണ്‍ കാരണമാണ് ഷൂട്ടിങ് നീണ്ടുപോയത്. കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്ബോള്‍ ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോര്‍ത്തു അഭിമാനമായിരുന്നു.

രണ്ടു വര്‍ഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാന്‍ തുടങ്ങിയിട്ട്. ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആര്‍ട്ട് ഡയറക്ടറും സംഘവും പൊരിവെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്‍മിഷനുകളും ഉണ്ടായിരുന്നതാണ്. കേരളത്തില്‍ ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ബേസില്‍ ജോസഫ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *