KOYILANDY DIARY

The Perfect News Portal

എസ്.എസ്.എൽ.സി – ഹയർ സെക്കണ്ടറി പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും എഴുതാൻ അവസരം നൽകും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തീയതികളില്‍ എസ്‌എസ്‌എല്‍സി – ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും എഴുതാന്‍ അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടാത്ത രീതിയില്‍ സേ പരീക്ഷയ്‌ക്കൊപ്പം റെഗുലര്‍ പരീക്ഷ നടത്തുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

പരീക്ഷ എഴുതാന്‍ വരുന്ന എല്ലാ വിദ്യാര്‍ത്ഥികളും സ്‌ക്രീനിംഗിന് വിധേയരാകണം. അധ്യാപകര്‍ക്ക് ഗ്ലൗസ് നിര്‍ബന്ധമാണ്, കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് പ്രത്യേക ഇരിപ്പിടം. ഹോം ക്വാറന്റൈനില്‍ ആളുകള്‍ കഴിയുന്ന വീടുകളില്‍നിന്ന് പരീക്ഷയെഴുതാന്‍ വരുന്നവര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഉത്തരക്കടലാസ് ഏഴുദിവസം പരീക്ഷാ കേന്ദ്രത്തില്‍ തന്നെ സൂക്ഷിക്കും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ കുട്ടികള്‍ കുളിച്ച്‌ ദേഹം ശുചിയാക്കിയശേഷം മാത്രമേ വീട്ടുകാരുമായി ഇടപെടാന്‍ പാടുള്ളു. പരീക്ഷ നടക്കുന്ന എല്ലാ സ്‌കൂളുകളും അണുവിമുക്തമാക്കും.എല്ലാ സ്‌കൂളുകളിലും സാനിറ്റൈസറും, സോപ്പും പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് മാസ്‌ക്ക്, പരീക്ഷാ കേന്ദ്രമാറ്റം അനുവദിക്കപ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ചോദ്യ പേപ്പറുകള്‍ ബന്ധപ്പെട്ട വിദ്യാലയങ്ങളില്‍ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ പരീക്ഷകള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

Advertisements

അതേസമയം, അവശേഷിക്കുന്ന എസ്‌എസ്‌എല്‍സി/ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം മെയ് 26 മുതല്‍ 30 വരെ തന്നെ നടക്കുന്നതാണെന്ന് മുഖ്യമന്ത്രി രണ്ട് ദിവസം മുമ്ബ് അറിയിച്ചിരുന്നു. പരീക്ഷ നടത്താന്‍ കേന്ദ്ര അനുമതിയായിട്ടുണ്ട്. പരീക്ഷകള്‍ നിശ്ചയിച്ചിരുന്നതുപോലെതന്നെ നടത്തും. ആവശ്യമായ മുന്‍കരുതലുകളും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ഗതാഗത സൗകര്യങ്ങളും ഒരുക്കുന്നതാണ്. എല്ലാ കുട്ടികള്‍ക്കും പരീക്ഷയെഴുതാനുള്ള സൗകര്യം ഉണ്ടാക്കും. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ടതില്ല. പ്രത്യേകമായ എന്തെങ്കിലും പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അവയും പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *