KOYILANDY DIARY

The Perfect News Portal

അതിഥി തൊഴിലാളികളെ ചേര്‍ത്ത് പിടിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന‍ങ്ങള്‍: പ്രവർത്തനം തൃപ്തികരമെന്ന് കെ.ദാസൻ MLA

കൊയിലാണ്ടി:  കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ 6 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലായി താമസിച്ചു വരുന്ന 2400 ഓളം വരുന്ന അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഭക്ഷണമുറപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടു നീങ്ങുന്നതായി കെ. ദാസൻ എം.എൽ.എ അറിയിച്ചു. 4 ഗ്രാമപഞ്ചായത്തുകളും 2 നഗരസഭയും അടങ്ങുന്ന മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ വസിക്കുന്നത് മൂടാടി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളിലാണ്.   ഏകദേശം 900 ത്തില്‍ അധികം പേര്‍ ഇവിടെ വിവിധയിടങ്ങളിലായി താമസിച്ചു വരുന്നു.  തൊഴിലുടമകള്‍ പലര്‍ക്കും നല്ല രീതിയില്‍ തന്നെ ഭക്ഷണം നല്‍കി വരുന്നുണ്ട്.  അല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം വഴി രൂപീകരിക്കപ്പെട്ട മോണിറ്ററിംഗ് കമ്മിറ്റി വഴി ഭക്ഷണസാധനങ്ങളുടെ കിറ്റുകള്‍ നല്‍കി വരുന്നു. 
മൂടാടിയില്‍ മാത്രം 60, 000 രൂപയിലധികം വരുന്ന ഭക്ഷണസാധനങ്ങള്‍ കിറ്റുകളായി താമസയിടങ്ങളില്‍ ഗ്രാമപഞ്ചായത്തിന്റെ മേല്‍‌നോട്ടത്തില്‍ എത്തിച്ചു കഴിഞ്ഞു. 20 ഓളം പേര്‍ക്ക് ഇവിടെ കമ്യൂണിറ്റി കിച്ചണ്‍ വഴിയും ദിവസേന ഭക്ഷണം സൗജന്യമായി നല്‍കി വരുന്നുണ്ട്.  ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ആകെ 190  അതിഥി തൊഴിലാളികളാണ് ഉള്ളത്.  ആയതില്‍ തൊഴിലുടമകള്‍ ഇല്ലാത്തവര്‍‌ക്കായി ഇതുവരെ  20,000 രൂപയിലധികം വരുന്ന ഭക്ഷണ സാധനങ്ങള്‍ നല്‍കി കഴിഞ്ഞു.  25 ഓളം പേര്‍ക്ക് സൗജന്യമായി കമ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം നല്‍കി വരുന്നുണ്ട്.  ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ ആകെ 230 അതിഥി തൊഴിലാളികളുള്ളതില്‍ കൂടുതല്‍ പേര്‍ക്കും തൊഴിലുടമകള്‍ തന്നെ ഭക്ഷണം നല്‍കി വരുന്നുണ്ട്.  അല്ലാത്തവര്‍ക്കായി 15000 രൂപയിലധികം വരുന്ന ഭക്ഷണ സാധനങ്ങള്‍ ഇതുവരെ കിറ്റുകളായി എത്തിച്ചു കഴിഞ്ഞിട്ടുണ്ട്.  ഏകദേശം 10 ഓളം പേര്‍ കമ്യൂണിറ്റി കിച്ചണ്‍ വഴിയും ഭക്ഷണം കഴിക്കുന്നുണ്ട്. 
കൊയിലാണ്ടി നഗരസഭയില്‍ ആകെ 569 അതിഥി തൊഴിലാളികള്‍ ആണ് ഉള്ളത്.  25000 ത്തില്‍ അധികം രൂപയുടെ സാധനങ്ങള്‍ കിറ്റുകളായി നല്‍കി കഴിഞ്ഞു.  കുറെപേര്‍ക്ക് തൊഴിലുടമകള്‍ തന്നെ ഭക്ഷണം നല്‍കി വരുന്നുണ്ട്.  കമ്യൂണിറ്റി കിച്ചണ്‍ വഴിയും നല്ലൊരു ശതമാനം തൊഴിലാളികള്‍ക്ക് ദിവസവും ഭക്ഷണം എത്തിക്കുന്നുണ്ട്.  തിക്കോടി ഗ്രാമപഞ്ചായത്തില്‍ 284 അതിഥി തൊഴിലാളികള്‍ ആണ് ഉള്ളത്.  ഇവിടെ 22000 രൂപയുടെ ഭക്ഷണസാധനങ്ങളാണ് കിറ്റുകളിലായി അവരുടെ പക്കലേക്ക് എത്തിച്ചു നല്‍കിയത്.  കുറച്ച് പേര്‍ക്ക് മാത്രമാണ് കമ്യൂണിറ്റി കിച്ചണ്‍ വഴി പാചകം ചെയ്ത ഭക്ഷണം എത്തിക്കുന്നത്.  പയ്യോളി നഗരസഭയില്‍ ആകെ 220 അതിഥി തൊഴിലാളികള്‍ ആണ് ഉള്ളത്.  12000 രൂപയോളം ചെലവ് വരുന്ന സാധന കിറ്റുകളാണ്  ഇതുവരെ അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയത്.   തൊഴിലുടമകള്‍ നല്ല രീതിയില്‍ കഴിയാവുന്നിടത്ത് ഇവര്‍ക്ക് ഭക്ഷണം നല്‍കി വരുന്നുണ്ട്.  47 ഓളം പേര്‍ക്ക് കമ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം ലഭ്യമാക്കി വരുന്നുണ്ട്.   
ഭക്ഷണസാധനങ്ങള്‍ കിറ്റുകളായിട്ടാണ് അതിഥി തൊഴിലാളികള്‍ക്ക് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നല്‍കുന്നത്.  ആട്ടയും, സണ്‍ഫ്ലവര്‍ ഓയിലും, അരിയും അടക്കം അവരുടെ ഭക്ഷണ രീതിക്കനുസരിച്ചുള്ള ഭക്ഷണസാധനങ്ങളാലണ് കിറ്റുകളില്‍ ഭൂരിഭാഗവും.  ഭക്ഷണം സ്വന്തംനിലയില്‍ പാചകം ചെയ്തു കഴിക്കാനാണ് കൂടുതല്‍ പേരും താല്‍പര്യം പ്രകടിപ്പിക്കുന്നത് അത് കൊണ്ട് തന്നെ അതാത് കമ്യൂണിറ്റി കിച്ചണുകളില്‍ നിന്നും അതിഥി തൊഴിലാളികള്‍ക്ക് കൂടുതല്‍ ഭക്ഷണം നല്‍കേണ്ടി വരുന്നില്ല.  നാട്ടിലുള്ള പാവപ്പെട്ടവരും, ഒറ്റപ്പെട്ടുകഴിയുന്നവരും, വീടില്ലാതെ ടൗണുകളില്‍ അന്തിയുറങ്ങുന്നവര്‍ക്കുമാണ് കൂടുതലായി കമ്യൂണിറ്റി കിച്ചണുകള്‍ വഴി ദിവസവും ഭക്ഷണം എത്തിച്ചു നല്‍കുന്നത്. 
എല്ലാ കമ്യൂണിറ്റി കിച്ചണുകളിലേക്കും ഉദാരമതികളില്‍ നിന്നും നല്ലരീതിയില്‍ തന്നെ സഹായങ്ങള്‍ ലഭിച്ചു വരുന്നുണ്ട്.  കൂടുതലും സാധനങ്ങളായാണ് സഹായം ലഭ്യമാകുന്നത്.   അതിഥി തൊഴിലാളികൾക്ക് ഭക്ഷണമൊരുക്കുന്നതിൽ ജില്ലാ ഭരണകൂടം നല്ല നിലയില്‍ തന്നെ എല്ലാ കാര്യങ്ങളും മോണിറ്റര്‍ ചെയ്തു വരുന്നുണ്ട്.  നാട്ടില്‍ പോവുക എന്ന കാര്യം മാത്രം ഒഴിച്ച് മറ്റെല്ലാ സഹായങ്ങളും ലഭിക്കുന്നതിനാല്‍ അതിഥി തൊഴിലാളികളും സന്തുഷ്ടരായാണ് താമസിക്കുന്നയിടങ്ങളില്‍ കഴിയുന്നത്.  

Leave a Reply

Your email address will not be published. Required fields are marked *