KOYILANDY DIARY

The Perfect News Portal

കോവിഡ് 19: കൊയിലാണ്ടിയിൽ 6 ഐസ്വലേഷൻ കേന്ദ്രങ്ങൾ തെരഞ്ഞെടുത്തു: കെ.ദാസൻ എം.എൽ.എ.

കൊയിലാണ്ടി:  ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ കൊയിലാണ്ടിയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ കൈക്കൊണ്ടുവരുന്നതായി എം.എല്‍.എ അറിയിച്ചു.  കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയിലെ ജില്ലാ ഭരണകൂട നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്  തഹസില്‍ദാരുമായി ആലോചനാ യോഗം ചേര്‍ന്നു. പുതിയ ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ കൊയിലാണ്ടിയില്‍ സജ്ജമാക്കിയതായും എം.എല്‍.എ അറിയിച്ചു.  നിലവില്‍ 6 കേന്ദ്രങ്ങളാണ് ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കാന്‍ വേണ്ടി തെരെഞ്ഞെടുത്തത്. 

ഇനി മുതല്‍ കേരളത്തിന് പുറത്ത് നിന്നും വരുന്ന നിരീക്ഷണത്തില്‍ കഴിയേണ്ടവരെ വീടുകളിലേക്ക് വിടാതെ ഈ ഐസൊലേഷന്‍ ക്യാമ്പുകളില്‍ പാര്‍പ്പിക്കണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൗകര്യം ഒരുക്കുന്നത്.  അതത് വില്ലേജ് ഓഫീസര്‍മാര്‍ക്കാണ് ഓരോ കേന്ദ്രങ്ങളുടെയും ചുമതല.  ഇവര്‍ക്ക് വേണ്ട ഭക്ഷണം നല്‍കാന്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചു കഴിഞ്ഞു.  കൊയിലാണ്ടി താലൂക്കില്‍ നിത്യാനന്ദ മര്‍മ്മചികിത്സാലയം  കോതമംഗലം കൊയിലാണ്ടി,  ടി.കെ. റസിഡന്‍സി കൊയിലാണ്ടി, സ്നേഹിത കൊയിലാണ്ടി, ശ്രീ സത്യസായി വിദ്യാ പീഠം നന്തി ബസാര്‍, തീര്‍ത്ഥ ഹോട്ടല്‍ പയ്യോളി, എം.എം.സി മൊടക്കല്ലൂര്‍ എന്നീ കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ തെരെഞ്ഞെടുത്തത്. 

എല്ലായിടത്തും കൂടി 250 ല്‍ അധികം പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഉറപ്പ് വരുത്തിയിട്ടുണ്ട്.  കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യം വരുകയാണെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്താന്‍ ഇത്തരം കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശ്രീ നിത്യാന്ദ മര്‍മ്മചികിത്സാലയം ആദ്യം ഉപയോഗപ്പെടുത്തും.  കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച പുതിയ ആംബുലന്‍സ് ഏത് അടിയന്തര ഘട്ടത്തിലും ഉപയോഗിക്കാനായി വേണ്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Advertisements

ലോക് ഡൌണിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താനായി  മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസര്‍മാരും വാഹനത്തില്‍ പോലീസുകാരുടെ സഹായത്തോടെ പെട്രോളിംഗ് നടത്തുന്നുണ്ട്. ഇപ്പോള്‍ ഇവിടെ കഴിയുന്ന ഇതര സംസ്ഥാനക്കാര്‍ ആരും തന്നെ സ്വദേശത്തേക്ക് പോകാന്‍ ഒരുങ്ങരുത് എന്ന് അറിയിക്കുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന ഭാഗങ്ങളിലെ വീടുകളില്‍ ഭക്ഷണവും  മരുന്നും ലഭിക്കാത്ത അവസ്ഥയുണ്ടെങ്കില്‍ ആയത് പരിശോധിക്കാന്‍ വാര്‍ഡ് മെമ്പര്‍മാരെ ചുമതലപ്പെടുത്താന്‍ പ്രസിഡന്റ്മാര്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. 

തെരുവോരങ്ങളില്‍ കഴിയുന്നവരെ കൊയിലാണ്ടി നഗരത്തിലുള്ള 4 പേരെ നഗരസഭ ഇടപെട്ട് മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.  അനാവശ്യമായി പുറത്തിറങ്ങുന്ന പ്രവണത ജനങ്ങള്‍ ഒഴിവാക്കി കഴിയാവുന്നത്ര വീടുകളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണമെന്ന് എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *