KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ 121.40 കോടി വരവും, 120.60 കോടി ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ബജറ്റ് അവതരണം  ലളിതമായ രീതിയില്‍ നടന്നു. 121.40 കോടി രൂപ വരവും 120. 60 കോടി ചെലവും 80 ലക്ഷം രുപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ പത്മിനി ബജറ്റിന്റെ ആമുഖം വായിച്ച് ബജറ്റ് അവതരണം നിര്‍വഹിച്ചു. കൊവിഡ് 19 ൻ്റെ സാഹചര്യത്തില്‍ കൗണ്‍സില്‍ യോഗം ലളിതമാക്കി ഒന്നിച്ചിരിക്കാതെ കൗണ്‍സിലര്‍മാര്‍ക്ക് ബജറ്റിന്റെ കോപ്പി ലഭ്യമാക്കി കുറിപ്പ്, വാട്ട്‌സ്ആപ്പ്, മെസ്സേജ് എന്നിവയിലൂടെ ബജറ്റ് ചര്‍ച്ച പൂര്‍ത്തിയാക്കുന്നതിനാണ് നഗരസഭ തീരുമാനിച്ചത്. ചര്‍ച്ചകള്‍ക്ക്‌ശേഷം ബജറ്റ് പാസാക്കുന്നതിനും ഇതേ രീതിയാണ് ഉദ്ദേശിക്കുന്നതെന്ന് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ പറഞ്ഞു. 

സമ്പൂര്‍ണ്ണ ഭവന പദ്ധതിയിലൂടെ 1500 വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് നഗരസഭാ ബജറ്റില്‍ മുന്തിയ പരിഗണന നല്‍കി. കൃഷിക്കും കുടിവെള്ളത്തിനും റോഡ് വികസന പദ്ധതിക്കും ആരോഗ്യമേഖലയ്ക്കും വിദ്യാഭ്യാസ മേഖലയ്ക്ക് ബജറ്റില്‍ ഗണ്യമായ തുക വകയിരുത്തലുണ്ട്. നികുതി വര്‍ദ്ധനയൊന്നും നിര്‍ദേശിക്കാതെ നിലവിലുള്ള നികുതി കൃത്യമായി പിരിച്ചെടുത്തും ചെലവുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാണ് ബജറ്റ് സംതുലനം ചെയ്തത് ഉല്‍പാദന മേഖലയ്ക്ക് 1.23 കോടി രൂപ വകയിരുത്തി. റോഡു വികസനത്തിന് 7 കോടി രൂപ വകയിരുത്തി.
ഭിന്നശേഷി വിഭാഗത്തിന്റെ ക്ഷേമത്തിന് 60 ലക്ഷം രൂപയും വയോജനക്ഷേമത്തിന് 50 ലക്ഷം രൂപയും അംഗനവാടി നടത്തിപ്പിന് 1.30 കോടി രൂപയും വനിതാ ക്ഷേമത്തിനു് ഒരു കോടി രൂപയും വിദ്യാഭ്യാസ മേഖലക്ക് 2.3 കോടി രൂപയും ആരോഗ്യ രംഗത്ത് 1.7 കോടി രൂപയും നീക്കിവെച്ചു. മഞ്ഞളാട് കുന്ന് കളിസ്ഥലത്തിന് 60 ലക്ഷവുംതെരുവ് വിളക്കിനായി 67 ലക്ഷവും നഗരാസൂത്രണത്തിന് 70ലക്ഷവും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയ്ക്ക് 3 ലക്ഷം രൂപ ഉപകരണത്തിന് നീക്കി വെച്ചിട്ടുണ്ട്  പട്ടികജാതി ക്ഷേമം 2 കോടി മത്സ്യമേഖല 2 കോടി രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന് വാര്‍ഡിന് 25000 രൂപ വീതം 11 ലക്ഷം പ്രത്യേകമായി നല്‍കും.
പ്ലാസ്റ്റിക്കിന് ബദലായി തുണി സഞ്ചി നിര്‍മാണത്തിന് സഹായോഗിന് 3 ലക്ഷം വകയിരുത്തി. 3 പകല്‍ വീടുകള്‍, പെരുവട്ടൂരില്‍ അക്ഷര വീട്, 20 കോടി ചെലവില്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, വലിയമലയില്‍ വെറ്റിനറി ഓഫ് ക്യാമ്പസ്, ഗ്യാസ് ക്രിമറ്റോറിയം, അറവുശാല, ടൗണ്‍ഹാളിന് അടുക്കള, അറുവയല്‍ സാംസ്‌കാരിക നിലയം, നഗരത്തില്‍ ഓപ്പണ്‍ സ്റ്റേജ്, തീരദേശ പാര്‍ക്ക്, പാതയോര ശൗചാലയം, നഗരസൗന്ദര്യ വത്കരണം, ബസ്സ്‌ബേകളും, ബസ്സ്‌സ്റ്റോപ്പുകളും, നഗരത്തില്‍ ഫ്രീ വൈ ഫൈ എന്നിവയും പ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങളാണ്.
സംസ്ഥാന സര്‍ക്കാര്‍ മുഖേന ക്ഷേമ പെന്‍ഷനുകള്‍ക്ക് 15 കോടിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 6 കോടിയും ബജറ്റിന്റെ ഭാഗമായി നീക്കി വെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *