KOYILANDY DIARY

The Perfect News Portal

മഹാരാഷ്ട്രയിൽ ഡിവൈഎഫ്‌ഐ മാര്‍ച്ച്‌ തടസ്സപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ താമസിക്കുന്ന കെട്ടിടം വളഞ്ഞ്‌ പൊലീസ്‌

മുംബൈ: മഹാരാഷ്‌ട്രയില്‍ എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള ഡിവൈഎഫ്‌ഐ മാര്‍ച്ച്‌ തടസ്സപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ താമസിക്കുന്ന കെട്ടിടം വളഞ്ഞ്‌ മുംബൈ പൊലീസ്‌. ഡിവൈഎഫ്‌ഐ മുംബൈയില്‍ നടത്തുന്ന യൂത്ത് മാര്‍ച്ച്‌ മൂന്നാം ദിവസം തുടങ്ങാന്‍ ഇരിക്കെയാണ് പൊലീസ് അതിരാവിലെ നവി മുംബൈ ബേലാപൂരിലെ ബിടിആര്‍ ലൈബ്രറി കെട്ടിടം വളഞ്ഞത്. ഇന്നലെ രാവിലെ മുതല്‍ ഏതാണ്ട് ഒമ്പത് മണിക്കൂറോളം പൊലീസ് മാര്‍ച്ച്‌ തടഞ്ഞ്‌ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത്‌ വച്ചിരുന്നു.

പൊലീസ് ഹെഡ് ക്വാട്ടേഴ്‌സ് കോമ്പൌണ്ടില്‍ തടവിലാക്കപ്പെട്ട പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധവും പുറത്തു നിന്നുള്ള ജനകീയ പ്രതിഷേധവും കാരണമാണ്‌ വൈകുന്നേരത്തോടെ മാര്‍ച്ച്‌ നടത്താന്‍ അനുമതി നല്‍കിയത്‌. എന്നാല്‍ പൊലീസ് ഭീഷണിയെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് രാത്രി താമസം ഒരുക്കിയ സാന്‍പാഡായിലെ ദത്താ മന്ദിരത്തിന്റെ ഉടമകള്‍ പിന്മാറിയപ്പോഴാണ് ബിടിആര്‍ സ്‌മാരക ലൈബ്രറി ഹാളിലും ടെറസിലും ബേലാപ്പൂര്‍ കൈരളി സമാജം ഹാളിലും പ്രവര്‍ത്തകര്‍ താമസിച്ചത്. ഈ കെട്ടിടങ്ങളാണ് പൊലീസ് വളഞ്ഞത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ഇവിടെ ഉള്ളത്.

ഡിവൈഎഫ്‌ഐ നടത്തുന്ന സമാധാനപരമായ മാര്‍ച്ച്‌ പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്ബോള്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് നല്‍കുന്നത് യുപിയിലെ യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ ഈ രാജ്യത്തിനു നല്‍കുന്ന അതെ സന്ദേശമാശമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍ പറഞ്ഞു. ജനാധിപത്യ സമരങ്ങളെ അധികാരം ഉപയോഗിച്ച്‌ അടിച്ചമര്‍ത്തി എന്‍ആര്‍സി യുടെ ആദ്യ രൂപം എന്‍പിആര്‍ നടപ്പാക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് ഒത്താശ ചെയ്യുകയാണ് എന്‍സിപിയും കോണ്‍ഗ്രസും എന്ന്‌ പ്രീതി ശേഖര്‍ പറഞ്ഞു. മാര്‍ച്ചിന്റെ ഒന്നാം ദിവസവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *