KOYILANDY DIARY

The Perfect News Portal

ബി.ജെ.പി അധ്യക്ഷനായി ജെ.പി. നഡ്ഡയെ തിരഞ്ഞെടുത്തു

ഡല്‍ഹി: പുതിയ ബി.ജെ.പി അധ്യക്ഷനായി ജെ.പി. നഡ്ഡയെ തിരഞ്ഞെടുത്തു . ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയാസ്ഥാനത്ത് നടന്ന യോഗത്തിലാണ് നഡ്ഡയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ഏകകണ്ഠമായായിരുന്നു തിരഞ്ഞെടുപ്പ്. തിങ്കളാഴ്ച നാലുമണിയോടെ നഡ്ഡ ചുമതലയേല്‍ക്കും.

ചുമതല ഏറ്റെടുത്ത് അഞ്ചുവര്‍ഷത്തിനുശേഷം അമിത് ഷാ ഒഴിയുന്ന പദവിയിലേക്കാണ് നഡ്ഡയുടെ നിയമനം. രാവിലെ 10-ന് ആരംഭിച്ച നടപടികള്‍ക്കൊടുവിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായത്. കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ നഡ്ഡയ്ക്കുവേണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രണ്ടുമണിക്ക് സൂക്ഷ്മപരിശോധന നടന്നു. നഡ്ഡയ്ക്കുവേണ്ടിയല്ലാതെ മറ്റാര്‍ക്കുവേണ്ടിയും പത്രിക സമര്‍പ്പിക്കപ്പെടാതിരുന്ന സാഹചര്യത്തില്‍ നഡ്ഡയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയവരും നഡ്ഡയെ തിരഞ്ഞെടുക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. നാലു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന അനുമോദന സമ്മേളനം നടക്കും. ഇതിനു ശേഷമാണ് നഡ്ഡ ചുമതലയേറ്റെടുക്കുക.

Advertisements

ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു നഡ്ഡ. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ജെ.പി. നഡ്ഡയെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചിരുന്നു.

സാങ്കേതികമായി അധ്യക്ഷപദവിയൊഴിയുമെങ്കിലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ അമിത് ഷായുടെ കൈയില്‍ത്തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നഡ്ഡ അധ്യക്ഷനായാലും ബി.ജെ.പി.യുടെ നയങ്ങളിലോ നിലപാടുകളിലോ മാറ്റമുണ്ടാകാനിടയില്ല. മോദി-ഷാ കൂട്ടുകെട്ടിന്റെ ഭാഗമായ നഡ്ഡ ‘നിശ്ശബ്ദനായ സംഘാടകന്‍’ എന്നാണ് പാര്‍ട്ടിക്കുള്ളില്‍ അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *