KOYILANDY DIARY

The Perfect News Portal

ഈശ്വരൻ ചിറ നഗരസഭ മണ്ണിട്ട് മൂടിയെന്ന് മാതൃഭൂമിയുടെ പ്രചാരണം: വസ്തുതകൾക്ക് നിരക്കാത്തതെന്ന് ചെയർമാൻ

കൊയിലാണ്ടി: ഈശ്വരൻ ചിറ മണ്ണിട്ട് മൂടിയെന്ന് വ്യാജ പ്രചാരണം നടത്തിയ മാതൃഭൂമി പത്രത്തിനെതിരെ കൊയിലാണ്ടി നഗരസഭ രംഗത്ത്. ഇന്നത്തെ മാതൃഭൂമി പത്രമാണ് വസ്തുതകൾ മനസിലാക്കാതെ നഗരസഭയുടെ ഒത്താശയോടെ ചിറ മണ്ണിട്ട് നികത്തുന്ന ഫോട്ടോയും വാർത്തയും നൽകിയത്.  തൊട്ടടുത്ത കാളിയമ്പത്ത് തറവാടിൻ്റെ ഭാഗമായുള്ള വീടിൻ്റെ പരസരം  ചളിനിറഞ്ഞ് കൊതുക് ജന്യ രോഗങ്ങൾ പടർന്ന് പിടിക്കാതിരിക്കാനും, മഴക്കാലമായാൽ ചിറയിൽ നിന്നുള്ള വെള്ളം വീടിൻ്റെ പരിസരത്തേക്ക് ഒഴുകി വരുന്നത് തടയാനുമാണ് വീട്ടുടമസ്ഥനായ ഈശ്വരൻ ചിറകുനി സതീശൻ വീടിനോട് ചേർന്ന് നിൽക്കുന്ന താഴ്ന്ന ഭാഗം മണ്ണിട്ട് നികത്താനുള്ള ശ്രമം നടത്തിയത്. കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് മുൻവശം എക്സൈസ് ഓഫീസിനടുത്താണ് ചിറ സ്ഥിതിചെയ്യുന്നത്.

ബുധനാഴ്ച വൈകീട്ട് ചിറ മണ്ണിട്ട് നികത്തുന്നു എന്ന പരാതി ഉയർന്ന ഉടനെ വാർഡ് കൌൺസിലർ പി.എം. ബിജു സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. എന്നാൽ സ്വാകാര്യ വ്യക്തിയുടെ വീടിനോട് ചേർന്ന ചളി നിറഞ്ഞ് നിൽക്കുന്ന രണ്ടടി താഴ്ചയിലാണ് മണ്ണടിക്കുന്നതെന്നും പരാതിയിൽ കഴമ്പില്ലെന്നും മനസിലാക്കുകയായിരുന്നു. ഇതിനെയാണ് മാതൃഭൂമി ഭീകരമാംവിധം വളച്ചൊടിച്ചത്. ഒരു തരി മണ്ണുപോലും ചിറയുടെ അടുത്ത് ഇട്ടിട്ടില്ല എന്നിരിക്കെ ഇത്തരം വാർത്തകൾ നൽകി നഗരസഭയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് മാതൃഭൂമി പത്രം നടത്തിയതെന്ന് നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു.

നഗരസഭയിലെ പ്രധാനപ്പെട്ട ജല സ്രോതസ്സായ ഈശ്വരൻ ചിറ സംരക്ഷിക്കുന്നതിന് വേണ്ടി നഗരസഭ ചിറ ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് ഇതിനെ തകിടം മറിക്കാനും നാട്ടുകാരിൽ ആശങ്ക പരത്താനും ചിലർ ശ്രമിക്കുന്നത്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു. ഇന്ന് കാലത്ത് സംഭവം അറിഞ്ഞ ഉടനെ ചെയർമാനും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയുണ്ടായി. സംഭവം വില്ലേജ് ഓഫീസിൽ വിളിച്ച് അന്വേഷിച്ചപ്പോൾ പ്രസ്തുത സ്ഥലം നഞ്ചയിൽപെട്ടതല്ലെന്നും. വീടിനോട് ചേർന്ന് നിൽക്കുന്ന പുരയിടം എന്നാണ് ആധാരത്തിൽ രേഖപ്പെടുത്തിയതെന്നും മനസിലാക്കുകയായിരുന്നു. കൌൺസിലർ പി.എം. ബിജു, ഹെൽത്ത് ഇൻസ്പെടർ കെ.പി. രമേശൻ, ജെ.എച്ച്.ഐ പ്രസാദ് എന്നിവരും ചെയർമാനോടൊപ്പം സ്ഥലം സന്ദർശിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *