KOYILANDY DIARY

The Perfect News Portal

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലാ വിദ്യാര്‍ഥികളെ അക്രമിച്ച് ഡൽഹി പോലീസ് നടപടിയിൽ സംസ്ഥാനത്ത് അർധരാത്രിയിലും ഡിവൈഎഫ്ഐ പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരംചെയ്ത ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലാ വിദ്യാര്‍ഥികളെ ക്യാമ്പസില്‍ കടന്ന് ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധം. രാത്രി വൈകി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എസ്‌എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മലബാര്‍ എക്സ്പ്രസ് തടഞ്ഞു. തിരുവനന്തപുരത്തും ശക്തമായ പ്രതിഷേധമാണ് നടന്നത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി 11.45 ഓടെ വനിതകളടക്കം നൂറിലധികം പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച്‌ നടത്തി. പൊലീസ് അതിക്രമത്തിനെതിരെ രാത്രി വൈകിയും ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡല്‍ഹി പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിന് അഭിവാദ്യം അര്‍പ്പിച്ചായിരുന്നു രാജ്ഭവന്‍ മാര്‍ച്ച്‌.

മ്യൂസിയം പൊലീസ് സറ്റേഷനുമുന്നില്‍നിന്നാരംഭിച്ച മാര്‍ച്ച്‌ രാജ്ഭവന്‍ പരിസരത്ത് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചുതടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് നടത്തിയ ധര്‍ണ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ് ഉദ്ഘാടനംചെയ്തു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമായി തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *