KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയുടെ വണ്ണാത്തോടിൽ നീരൊഴുകി തുടങ്ങി

കൊയിലാണ്ടി: ഗുരുകുലം കടലോര മേഖലയിലെ വണ്ണാത്തോടില്‍ തെളിനീരൊഴുകിത്തുടങ്ങി. നഗരസഭയും നാട്ടുകാരും ഒറ്റക്കെട്ടായി പ്രയത്നിച്ചതിനെത്തുടര്‍ന്ന് മാലിന്യം നിറഞ്ഞ തോട് പൂര്‍ണമായി ശുചീകരിച്ചു. തോടിനോടനുബന്ധിച്ചുളള കുളവും ശുചീകരിച്ചു. തോട് മാലിന്യമുക്തമായതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് എന്തെന്നില്ലാത്ത ആഹ്ളാദം. രണ്ടുദിവസത്തിനുള്ളില്‍ കുളത്തില്‍ നീരാട്ടു നടത്തി നാടിന്റെ ആഹ്ളാദം ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണിവര്‍.

മുമ്പൊക്കെ ശബരിമല തീര്‍ഥാടകരും താലൂക്കാശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാരുമെല്ലാം കുളിക്കാനും അലക്കാനുമെല്ലാം ഈ തോടിനെയും കുളത്തിനെയുമായിരുന്നു ആശ്രയിച്ചിരുന്നത്. പിഷാരികാവ് കാളിയാട്ട ഉത്സവത്തിനെത്തുന്ന ആനകളെ കുളിപ്പിച്ചതും ഈ തോട്ടിലായിരുന്നു. തെളിമയുള്ള വെള്ളമായിരുന്നു കുളത്തിലും തോട്ടിലുമുണ്ടായിരുന്നതെന്ന് പ്രദേശവാസികളായ അബൂബക്കര്‍, വാഴവളപ്പില്‍ ഷഫീഖ്, കെ.കെ.ജയേഷ് എന്നിവര്‍ പറഞ്ഞു.

എന്നാല്‍, പിന്നീട് അറവുശാലകളില്‍നിന്നടക്കമുള്ള മാലിന്യങ്ങള്‍ ചാക്കുകെട്ടുകളിലാക്കി തോട്ടില്‍ തള്ളാന്‍ തുടങ്ങിയതോടെ കുളത്തിലേക്കും തോട്ടിലേക്കും ആരും ഇറങ്ങാതായി. അതോടെ മാലിന്യം തള്ളുന്നതും കൂടിവന്നു. തോട്ടില്‍ മാലിന്യം കെട്ടിനിന്ന് ഒഴുക്കു നിലച്ചതോടെ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. തൊട്ടടുത്ത കിണര്‍വെള്ളംപോലും മലിനമാകാന്‍ ഇത് ഇടയാക്കി.

Advertisements

ആരും തിരിഞ്ഞുനോക്കാത്ത തോട്ടില്‍ ഇഴ ജന്തുക്കളും തമ്പടിച്ചു. ഈയടുത്ത് പെരുമ്പാമ്പുകളെ തോട്ടില്‍ കണ്ടതോടെയാണ് ഏതുവിധേനയും തോട് പുനരുദ്ധരിക്കണമെന്ന മോഹം നാട്ടുകാരില്‍ നാമ്പിട്ടത്. ഇക്കാര്യം ഒറ്റക്കെട്ടായി നഗരസഭയെ അറിയിച്ചതിനെത്തുടര്‍ന്ന് നഗരസഭാചെയര്‍മാന്‍ അഡ്വ. കെ. സത്യനും, കൗണ്‍സിലര്‍ കെ. വിജയനും ആരോഗ്യവിഭാഗം അധികൃതരും ഇവരോടൊപ്പം നിന്നു.

രണ്ടുദിവസം നഗരസഭാ ചെലവില്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ച്‌ തോട് വൃത്തിയാക്കി. നാട്ടുകാരും കൈമെയ് മറന്ന് സഹായിച്ചു. ഇതിന്റെ ഫലമായാണ് തോട്ടില്‍ വീണ്ടും തെളിനീരൊഴുകിത്തുടങ്ങിയത്. ഇനി തോട്ടില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി കര്‍ശനമായി നേരിടാനാണ് പ്രദേശവാസികളുടെ തീരുമാനം. ഇതിനായി സംഘങ്ങളായിത്തിരിഞ്ഞ്‌ ഇവര്‍ തോടിന് കാവല്‍നില്‍ക്കും. നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. തോട്, കുളം സംരക്ഷണത്തിന് സ്ഥിരം ജനകീയ കമ്മിറ്റി രൂപവത്‌കരിക്കാനും ആലോചിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *