KOYILANDY DIARY

The Perfect News Portal

ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതികൾ കോടതിയെ സമീപിച്ചു

ചെന്നൈ: ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായ നളിനി ശ്രീഹരനും ഭര്‍ത്താവ് മുരുകനും ഇക്കാര്യം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു.

ജയില്‍ ഉദ്യോഗസ്ഥര്‍ വഴിയാണ് നളിനി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചത്. 26 വര്‍ഷമായി ജയില്‍ മോചിതരാകുമെന്ന പ്രതീക്ഷയില്‍ കഴിയുകയായിരുന്നു. ഇപ്പോള്‍ ആ പ്രതീക്ഷയുമില്ല. നിലവില്‍ തടവില്‍ കഴിയുന്ന ഇരുവരും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് നളിനിയുടെ അഭിഭാഷകന്‍ പുകഴേന്തിപറഞ്ഞു.

ഭര്‍ത്താവ് മുരുകനോട് മോശമായ രീതിയിലാണ് ജയില്‍ അധികൃതര്‍ പെരുമാറുന്നതെന്നും നളിനി ആരോപിക്കുന്നു. മുരുകനെ പുഴല്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് നളിനി കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരും നിലവില്‍ വെല്ലൂര്‍ ജയിലിലാണ് കഴിയുന്നത്.

Advertisements

മുരുകനോട് ജയില്‍ അധികൃതര്‍ മോശമായി പെരുമാറുന്നതിലും ഏകാന്ത തടവിലാക്കിയതിലും പ്രതിഷേധിച്ച്‌ തങ്ങള്‍ രണ്ട് പേരും കഴിഞ്ഞ 10 ദിവസമായി നിരാഹാരത്തിലാണെന്നും നളിനിയുടെ കത്തിലുണ്ട്. ഈ വര്‍ഷം ജൂലൈയില്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നളിനിക്ക് പരോള്‍ അനുവദിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് അറസിറ്റാലാകുമ്ബോള്‍ നളിനി ഗര്‍ഭിണിയായിരുന്നു. മകള്‍ ഹരിത്ര ശ്രീഹരന്‍ ലണ്ടനില്‍ ഡോക്ടറാണ്.

2016 ല്‍ അച്ഛന്റെ മരണത്തെ തുടര്‍ന്നും നളിനിക്ക് 12 മണിക്കൂര്‍ പരോള്‍ അനുവദിച്ചു.
മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് മുരുകനെ ഏകാന്ത തടവിലേക്ക് മാറ്റിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലമായി ജയിലില്‍ കഴിയുന്ന വനിതാ തടവുകാരിയാണ് നളിനി.

1991 മെയ് മാസത്തിലാണ് രാജീവ് ഗാന്ധി ഉള്‍പ്പെടെ 14 പേര്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംമ്ബത്തൂരില്‍ എല്‍ ടി ടി ഇ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കേസില്‍ നളിനിയും ഭര്‍ത്താവ് മുരുഗന്‍ ഉള്‍പ്പെടെയുള്ള ഏഴ് പേരാണ് ജയിലില്‍ കഴിയുന്നത്. ഏഴ് പ്രതികളേയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇത് ഗവണറുടെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *