KOYILANDY DIARY

The Perfect News Portal

വിദ്യാര്‍ഥിനിയെ തീവച്ചു കൊലപ്പെടുത്തിയ കേസില്‍ 16 പേര്‍ക്ക് വധശിക്ഷ

ഫെനി: പ്രധാനാധ്യാപകനെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ വിദ്യാര്‍ഥിനിയെ തീവച്ചു കൊലപ്പെടുത്തിയ കേസില്‍ 16 പേര്‍ക്ക് വധശിക്ഷ. ബംഗ്ലാദേശില്‍ നുസ്രത് ജഹാന്‍ റഫി എന്ന പത്തൊമ്പതുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. നുസ്രത്തിനെ പീഡിപ്പിച്ച പ്രധാനാധ്യാപകന്‍, അവാലി ലീഗ് പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍, പെണ്‍കുട്ടികളടക്കമുള്ള സഹപാഠികള്‍ എന്നിവരാണ് പ്രതികള്‍.

ഈ വര്‍ഷം മാര്‍ച്ച്‌ 27നാണ് കേസിന് ആസ്പദമായ സംഭവം. ധാക്കയില്‍ നിന്നും 160 കിലോമീറ്ററോളം അകലെ ഫെനി ഗ്രാമത്തിലെ മതപഠനശാലയില്‍ പഠിച്ചിരുന്ന നുസ്രത്തിനെ ഓഫീസ് മുറിയിലേക്ക് വിളിച്ചുവരുത്തി പ്രധാനാധ്യാപകന്‍ മൗലാന സിറാജുദൗള അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം തന്നെ നുസ്രത്ത് മാതാപിതാക്കള്‍ക്കൊപ്പം പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. എന്നാല്‍ പോലീസ് കേസ് ഗൗരവമായി എടുത്തില്ല. കൂടാതെ നുസ്രത്തിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് ഏപ്രില്‍ ആറിന് പരീക്ഷ എഴുതാനെത്തിയ നുസ്രത്തിനെ മുതിര്‍ന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ ചേര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദിച്ചു. പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചതോടെ മണ്ണെണ്ണ ഒഴിച്ച്‌ തീക്കൊളുത്തുകയായിരുന്നു. തീ ആളിപടരുന്നതിനിടെ നുസ്രത്ത് സഹോദരന്റെ ഫോണിലേക്ക് വിളിച്ച്‌ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. 80 ശതമാനം പൊള്ളലേറ്റ നുസ്രത്ത് 4 ദിവസത്തോളം മരണത്തോട് പോരാടി ഏപ്രില്‍ 10ന് മരണത്തിന് കീഴടങ്ങി. സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ നുസ്രത്ത് നല്‍കിയ മരണമൊഴിയാണ് കേസില്‍ വഴിത്തിരിവായത്.

Advertisements

കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ 62 ദിവസം കൊണ്ടാണ് വിചാരണ നടത്തിയത്. ബംഗ്ലാദേശില്‍ ലൈംഗികാതിക്രമക്കേസില്‍ പ്രതികള്‍ക്ക് തക്കശിക്ഷ ലഭിക്കാത്തതിനും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളിലെ വര്‍ധിക്കുന്ന പീഡനങ്ങള്‍ക്കും ഉദാഹരണമായി സാമൂഹികപ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടിയ പ്രമാദമായ കേസുകളിലൊന്നാണ് ഇതെന്ന് പ്രോസിക്യൂട്ടര്‍ ഹാഫിസ് അഹമ്മദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ക്രൂരകൃത്യം നടത്തിയ ഒരാളും നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടില്ലെന്നതിന് തെളിവാണ് കേസിലെ വിധിയെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *