KOYILANDY DIARY

The Perfect News Portal

ലാവ്‍ലിന്‍: സി.ബി.ഐ നല്‍കിയ ഹരജി സുപ്രീംകോടതി മാറ്റിവെച്ചു

ഡല്‍ഹി: ലാവ്‍ലിന്‍ കേസിലെ ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ ഹരജി പരിഗണിക്കുന്നത്​ സുപ്രീംകോടതി മാറ്റിവെച്ചു. ജസ്റ്റിസ് എന്‍. വി. രമണ അധ്യക്ഷനായ മൂന്നംഗ‌ ബഞ്ചാണ്​ കേസ്​ മാറ്റിവെച്ചത്​​. കേസ്​ രണ്ടാഴ്​ചക്ക്​ ശേഷം പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്‍റ്​ സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെയാണ്​ സി.ബി.ഐ സുപ്രീംകോടതിയെ സമീച്ചത്​. 

അതേസമയം, കേസില്‍ കക്ഷി ചേരാന്‍ മറ്റുള്ളവരെ അനുവദിക്കുന്നതിനെ പിണറായി വിജയന്‍ എതിര്‍ത്തു. ക്രൈം നന്ദകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ കേസില്‍ കക്ഷി ചേരുന്നതിനെയാണ്​ എതിര്‍ത്തത്​. പിണറായി വിജയന്‍ അഴിമതിക്കുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും ഇതിന്​ കൃത്യമായ തെളിവുണ്ടെന്നും സി.ബി.ഐ ആരോപിക്കുന്നു​. കുറ്റപത്രത്തില്‍ നിന്ന് പിണറായി ഉള്‍പ്പടെയുള്ള പ്രതികളെ ഹൈകോടതി ഒഴിവാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും വിധി റദ്ദാക്കണമെന്നും സി.ബി.ഐ ആവശ്യപ്പെടുന്നു.

പ്രതിപ്പട്ടികയിലുള്ള എല്ലാവരേയും വിചാരണ ചെയ്യണമെന്നാണ്​ സി.ബി.ഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെടുന്നത്​​. തങ്ങളെ കുറ്റവിമുക്‌തരാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ആര്‍.ശിവദാസ്, കസ്തൂരിരംഗ അയ്യര്‍, കെ.ജി. രാജശേഖരന്‍ എന്നീ കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരും ഹരജി സമര്‍പ്പിച്ചിട്ടുണ്ട്​. ഇവര്‍ വിചാരണ നേരിടണമെന്ന്​ ഹൈകോടതി വിധിച്ചിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *