KOYILANDY DIARY

The Perfect News Portal

ഹിമാലയത്തിലെ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും രക്ഷപ്പെട്ടു

ഷിംല: ഹിമാലയത്തിലെ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും രക്ഷപ്പെട്ടു. സനല്‍ കുമാര്‍ ശശിധരന്റെ കയറ്റം എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് മഞ്ജു അടക്കമുള്ള സിനിമാ സംഘം ഹിമാലയത്തിലെത്തിയത്. 

മഞ്ഞുപ്രളയം കടന്ന്… മഞ്ഞിടിച്ചിലും മഴയും മൂലം ഹിമാചല്‍പ്രദേശിലെ ഷിയാം ഗോരു ഗ്രാമത്തില്‍ അകപ്പെട്ടുപോയ നടി മഞ്ജു വാര്യരും സിനിമാ സംഘവും രക്ഷയ്ക്കായി അകലെയുള്ള ഛത്രു ഗ്രാമത്തിലേക്ക് മഞ്ഞുമല താണ്ടി സാഹസികയാത്ര നടത്തുന്നു.

സനല്‍കുമാര്‍ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഹിമാചലില്‍ എത്തിയതായിരുന്നു ഇവര്‍.

Advertisements

അവിടുത്തെ അനുഭവത്തെ കുറിച്ചു മഞ്ജു തന്റെ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.

പോസ്റ്റ് വായിക്കാം; 

ദൂരെ മലയിടിയുന്നതു ഞങ്ങള്‍ കണ്ടു. 3 അടിയോളം മൂടിക്കിടക്കുന്ന മഞ്ഞിനിടയിലൂടെ ഞങ്ങള്‍ കൈപിടിച്ചു പതുക്കെ മലയിറങ്ങുകയായിരുന്നു. ചില ചെറിയ സംഘങ്ങള്‍ മുന്നിലുണ്ടായിരുന്നു. മഞ്ഞു പെയ്തുകൊണ്ടിരുന്നു. ഷിയാം ഗോരുവിലെ ഗ്രാമീണര്‍, പോരുമ്ബോള്‍ പറഞ്ഞത് മനസ്സിലുണ്ടായിരുന്നു: ഏതു സമയത്തും മലയിടിയാം, മഞ്ഞുമലകള്‍ നിരങ്ങി താഴോട്ടുപോകാം… 

ഛത്രുവില്‍നിന്ന് ആറോ ഏഴോ മണിക്കൂര്‍ നടന്നാണ് ഞങ്ങള്‍ ഷൂട്ടിങ്ങിനായി ഷിയാം ഗോരുവിലെത്തിയത്. ഞങ്ങളാരും മലകയറ്റം അറിയാവുന്നവരല്ല. സഹായിക്കാന്‍ പരിചയസമ്ബന്നരായ മലകയറ്റ സംഘമുണ്ടായിരുന്നു. അവര്‍ക്ക് അവിടെയെല്ലാം നന്നായറിയാം. 

ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ കുഴപ്പമുണ്ടായില്ല; മനോഹരമായ കാലാവസ്ഥ. പക്ഷേ, പെട്ടെന്ന് അതു മാറി. കൂടെയുള്ള പരിചയസമ്ബന്നരും ഗ്രാമീണരുമൊന്നും ഇതു പ്രതീക്ഷിച്ചിരുന്നില്ല. ചെറുതായി തുടങ്ങിയ മഞ്ഞുവീഴ്ച പെട്ടെന്നു വലുതായി. പലയിടത്തും മഞ്ഞു നിറഞ്ഞു.

ഞങ്ങള്‍ ടെന്റ് കെട്ടി താമസിച്ചത് ഷിയാം ഗോരുവിലെ ഒരു താഴ്വാരത്തായിരുന്നു. മലയിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ ടെന്റുകള്‍ മാറ്റാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഞങ്ങളതു മാറ്റി. പിറ്റേന്ന് ഛത്രുവിലേക്കു തിരിച്ചുപോകാന്‍ തീരുമാനിച്ചു. വല്ലാത്തൊരു യാത്രയായിരുന്നു അത്. വൈദ്യുതിയോ കടകളോ ഒന്നുമില്ലാത്ത താഴ്വാരമാണിത്.

മണാലിയില്‍നിന്നു 90 കിലോമീറ്റര്‍ ദൂരെയാണ് ഛത്രു. മലകളില്‍നിന്നു മലകളിലേക്കു പോകുമ്ബോള്‍ മിക്കയിടത്തും മഞ്ഞുണ്ടായിരുന്നു. പലയിടത്തും മലയിടിഞ്ഞു കിടക്കുന്നതും വെള്ളത്തോടൊപ്പം മണ്ണ് ഒലിച്ചുപോകുന്നതും കണ്ടു. ഗ്രാമീണര്‍ പറഞ്ഞത് അപ്പോഴും ഓര്‍മിച്ചു, ‘ഏതു സമയത്തും വഴികള്‍ ഒലിച്ചുപോകാം.’ ഛത്രുവില്‍ എത്തുന്നതുവരെ മനസ്സില്‍ ഭീതിയായിരുന്നു.

ഛത്രുവില്‍ എത്തിയപ്പോഴേക്കും കാലാവസ്ഥ കൂടുതല്‍ മോശമായി. രാത്രി കിടക്കാന്‍ ചിലര്‍ക്കു കെട്ടിടങ്ങള്‍ കിട്ടി. കുറെപ്പേര്‍ ടെന്റില്‍ താമസിച്ചു. ഞങ്ങള്‍ക്കൊപ്പവും അല്ലാതെയും അവിടെയെത്തിയ സഞ്ചാരികളും പലയിടത്തായി ഉണ്ടായിരുന്നു. ഏട്ടന്റെ കൂടെ സൈനിക സ്‌കൂളില്‍ പഠിച്ച പലരും അവിടെ സൈനിക ഓഫിസര്‍മാരാണ്. അവരില്‍ പലരെയും എനിക്കുമറിയാം. പക്ഷേ, ആശയവിനിമയ സംവിധാനങ്ങളെല്ലാം നിലച്ചു.

രാത്രി 9നു ക്യാംപിലെത്തിയ സൈനിക ഉദ്യോഗസ്ഥര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രം സാറ്റലൈറ്റ് ഫോണ്‍വഴി പുറത്തേക്ക് ഒരു കോള്‍ ചെയ്യാമെന്നു പറഞ്ഞു. ഞാന്‍ ഏട്ടനെ വിളിച്ചു വിവരം പറഞ്ഞു. അതു പറയുമ്ബോള്‍ 2 ദിവസത്തെ ഭക്ഷണമേ ബാക്കിയുണ്ടായിരുന്നുള്ളൂ. മഞ്ഞും മഴയും കൂടുതല്‍ ശക്തമാകുമെന്നു ചില സൈനികര്‍ പറഞ്ഞു. അവര്‍ ഞങ്ങളോടു പെരുമാറിയത് പറഞ്ഞറിയിക്കാനാവാത്ത സ്‌നേഹത്തോടെയായിരുന്നു. 

പിറ്റേ ദിവസം വന്ന സൈനികരില്‍ ചിലര്‍ എന്റെ പേരും അന്വേഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും സന്ദേശം നല്‍കിയിരുന്നുവെന്ന് അവരില്‍ ചിലര്‍ സൂചിപ്പിച്ചു. ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയെ കേന്ദ്രമന്ത്രി വിളിച്ചിരുന്നുവെന്നു പറഞ്ഞു. തൊട്ടടുത്ത ദിവസം രാവിലെ തിരിച്ചു മണാലിയിലേക്കു പോകാന്‍ തീരുമാനിച്ചു.

ഛത്രുവില്‍നിന്നു മണാലിയിലേക്കു പോകുന്നത് അപകടമാകുമെന്നു പരിചയസമ്ബന്നരായ ചിലര്‍ രാവിലെ പറഞ്ഞു. വഴിയില്‍ മണ്ണിടിഞ്ഞാല്‍, എപ്പോഴാണു സൈന്യത്തിനു സഹായിക്കാനാകുക എന്നു പറയാനാവില്ല. എവിടെ ഭക്ഷണം കിട്ടുമെന്നറിയില്ല.

കൂടുതല്‍ ടൂറിസ്റ്റുകളും ഛത്രുവില്‍ തങ്ങാന്‍ തീരുമാനിച്ചു. ഭക്ഷണം കുറവാണെങ്കിലും സുരക്ഷിതമായി താമസിക്കാന്‍ ഇടമുണ്ടല്ലോ. ഞങ്ങള്‍ക്കാണെങ്കില്‍, ഷൂട്ടിങ്ങിനു കൊണ്ടുവന്ന ഉപകരണങ്ങളെല്ലാം തിരിച്ചു കൊണ്ടുപോകണം. സംഘങ്ങളായി പിരിഞ്ഞു പോകാമെന്നു സൂചിപ്പിച്ചെങ്കിലും എല്ലാവരും ഒരുമിച്ചു നില്‍ക്കാന്‍ തീരുമാനിച്ചു. ഉച്ചയാകുമ്ബോഴേക്കും ഭക്ഷണമെത്തി; മഴ പെയ്തുകൊണ്ടിരുന്നു.

റോഹ്തങ് ചുരം പിന്നിടുമ്ബോഴാണ് ഞാനിതു പറയുന്നത്. കറുത്തമേഘങ്ങള്‍ മൂടിനില്‍ക്കുന്നതിനാല്‍ അകലേക്ക് ഒന്നും കാണുന്നില്ല. ചുറ്റും കോട ഇറങ്ങിയതുപോലെ. തിരിച്ചെത്തി എന്നതു വിശ്വസിക്കാനാവുന്നില്ല.

വഴിയിലൂടെ ഒലിച്ച വെള്ളം പലയിടത്തും വലിയ പുഴയായി ഒഴുകുന്നു. അവിടെയെല്ലാം ഉരുളന്‍ കല്ലുകളുടെ കൂമ്ബാരം. സൈനികരുടെ സഹായത്തോടെ മണ്ണുനീക്കുന്ന വലിയ യന്ത്രങ്ങള്‍. ഇവിടെനിന്നു മണാലിയിലേക്ക് 50 കിലോമീറ്ററുണ്ട്. 8 മണിക്കൂറെങ്കിലും യാത്ര ചെയ്യേണ്ടിവരുമെന്നു സൈനികര്‍ പറഞ്ഞു. 

മുന്നില്‍ ഊഴം കാത്തുനില്‍ക്കുന്ന വാഹനങ്ങളുടെ നീണ്ട നിര. കാറ്റിന് എന്തൊരു ശക്തിയാണ്.

Leave a Reply

Your email address will not be published. Required fields are marked *