KOYILANDY DIARY

The Perfect News Portal

കാറ്റും കുളിരുമായി മതികെട്ടാൻചോല ദേശീയോദ്യാനം

രാജാക്കാട‌്> കൈയേറ്റക്കാരുടെ താവളമായിരുന്ന മതികെട്ടാൻചോല ഇന്ന‌് വനനിബിഡവും സവിശേഷ കാലാവസ്ഥ പ്രദാനംചെയ്യുന്ന ദേശീയോദ്യാനവുമാണ‌്. കേരള‐ -തമിഴ്നാട് അതിർത്തി വേർതിരിക്കുന്ന പശ്ചിമഘട്ട മലനിരയുടെ ഭാഗമായ മതികെട്ടാൻ മലനിര മുമ്പ‌് കൈയേറ്റക്കാരുടെ കൈകളിലായിരുന്നു.

മരങ്ങൾ മുറിച്ചുനീക്കിയും നിർമാണപ്രവർത്തനങ്ങൾ നടത്തിയും  വനമേഖല ഇല്ലാതാകുന്ന സാഹചര്യം വന്നതോടെ 2003 ലാണ് കൈയേറ്റം ഒഴിപ്പിച്ച് വനമേഖല ദേശീയോദ്യാനമായി സംരക്ഷിക്കാൻ തീരുമാനമുണ്ടായത‌്. 2003 നവംബർ 21നാണ് മതികെട്ടാൻചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. 12.817 ചതുശ്ര കിലോമീറ്ററാണ‌് വിസ്തൃതി. കൈയേറ്റക്കാരുടെ കൈയിൽനിന്ന‌് തിരിച്ചുപിടിച്ച മതികെട്ടാൻ മലനിരയിപ്പോൾ സ്വാഭാവിക വനമായി മാറിക്കഴിഞ്ഞു.
തണുപ്പുകൂടിയ തനതുകാലാവസ്ഥ ഇപ്പോൾ തിരിച്ചെത്തി. ഇവിടെ നടത്തിയ പഠനത്തിൽ അപൂർവ ഇനത്തിൽപ്പെട്ടതടക്കം 1500 ഔഷധസസ്യങ്ങളും വളരുന്നുണ്ട്. പല ഇനങ്ങളിലുള്ള മരങ്ങൾ, പൂമ്പാറ്റകൾ, പക്ഷികൾ, കാട്ടാന, കാട്ടുപോത്ത‌് അടക്കമുള്ളവയും ഉണ്ട‌്.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തികച്ചും ജൈവവൈവിധ്യം നിലനിർത്തിയുള്ള സംരക്ഷണമാണ് സ്വീകരിക്കുന്നത്. മതികെട്ടാൻചോല സംരക്ഷിച്ചുതുടങ്ങിയതോടെ സമീപ പഞ്ചായത്തുകളിൽ മഴയും ക്രമമായി ലഭിക്കാൻ തുടങ്ങി. കുടിവെള്ള ലഭ്യതയും വർധിച്ചു. മേഖലയിലുള്ള വന്യജീവികളുടെ ആവാസവ്യവസ്ഥയിലും മാറ്റംവന്നു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച‌് വരുംതലമുറയ‌്ക്ക‌് ബോധ്യപ്പെടുന്നതാണ‌് ഈ മാറ്റങ്ങൾ. കടുത്ത വരൾച്ചയെ ഹൈറേഞ്ച് നേരിട്ടപ്പോഴും മതികെട്ടാന്റെ സമീപപ്രദേശത്ത് കുടിവെള്ള ക്ഷാമമുണ്ടായിട്ടില്ല. മതികെട്ടാൻ മലമുകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് നാലു പഞ്ചായത്തുകളുടെ ആശ്രയം. പരിസ്ഥിതി സംരക്ഷണം നാളെയുടെ നിലനിൽപ്പിനുവേണ്ടിയുള്ളതാണെന്ന എന്ന സന്ദേശമാണ‌് മതികെട്ടാൻചോല നൽകുന്നത‌്.

 

Leave a Reply

Your email address will not be published. Required fields are marked *