KOYILANDY DIARY

The Perfect News Portal

ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക- ശ്രീലങ്ക പോരാട്ടം

ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക- ശ്രീലങ്ക പോരാട്ടം. സെമി സാധ്യത നിലനിര്‍ത്താന്‍ ശ്രീലങ്കയ്ക്ക് മത്സരം ജയിച്ചേതീരൂ. പുറത്തായിക്കഴിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് നാട്ടിലേക്ക മടങ്ങും മുന്‍പ് അവശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ച നാണക്കേട് ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ്. ദക്ഷിണാഫ്രിക്കയോട് അവസാനം കളിച്ച അഞ്ച് ഏകദിനങ്ങളിലും ശ്രീലങ്ക വട്ടപ്പൂജ്യമായിരുന്നു. പക്ഷെ പ്രതീക്ഷയോടെ ലോകകപ്പിനെത്തിയ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ അമ്ബേപരാജയപ്പെട്ടു. ലങ്കയാകട്ടെ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടു. ആതിഥേയരെ വിറപ്പിച്ചുജയിച്ചതിന്റെ ആത്മവിശ്വാസമുണ്ട് ടീമിനിപ്പോള്‍. മൂന്നാംജയമാണ് ലങ്കയുടെ ലക്ഷ്യം.

അസ്ഥിരമാണ് ബാറ്റിങ്ങ് നിരയെന്ന പ്രതിസന്ധിയുണ്ട് ടീമിന്. ക്യാപ്റ്റന്‍ കരുണരത്‌നെയുടെ മികവ് ഇടക്കിടെ മാത്രം. കുശാല്‍പെരേരയിലും കിട്ടിയ അവസരത്തില്‍ അതിവേഗം റണ്‍സെടുത്ത ആവിഷ്‌ക്കാ ഫെര്‍ണാണ്ടോയിലും പ്രതീക്ഷയുണ്ട്. മധ്യനിരയില്‍ കുശാല്‍ മെന്‍ഡിസും മാത്യൂസും ഫോമിലേക്കെത്തിയത് ടീമിന് ആശ്വാസമാണ്. ജീവന്‍ മെന്‍ഡിസ് കൂടി മികവിലേക്കെത്തിയാല്‍ മികച്ച സ്‌കോര്‍ അപ്രാപ്യമാവില്ല ലങ്കക്ക്.ബൗളിങ്ങില്‍ വെറ്ററന്‍ മലിംഗയിലാണ് പ്രതീക്ഷ മുഴുവന്‍. നുവാന്‍ പ്രദീപും നന്നായി പിന്തുണക്കുണ്ട് വേഗം കൂട്ടിയും കുറച്ചും ഇസുരു ഉദാന ബാറ്റ്‌സ്മാനെ വലക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരെ ധനഞ്ജയ ഡിസില്‍വയും മികവുകാട്ടി. ഓള്‍റൗണ്ടറായി തിസാര പെരേര തിളങ്ങാത്തത് തിരിച്ചടിയാണ്.

ദക്ഷിണാഫ്രിക്കക്ക് പരുക്കും പ്രമുഖരുടെ മോശം ഫോമുമാണ് തിരിച്ചടി. ഹാഷിം അംല വലിയ സമ്മര്‍ദത്തിലാണ്. ഡി കോക്കും പതിവുമികവിന്റെ നിഴലിലാണ്. ഡുപ്ലിസിയുടെ മികവിനും സ്ഥിരതയില്ല. മര്‍ക്രാമും മില്ലറുമടങ്ങുന്ന മധ്യനിര പരാജയം.ആകെ ആശ്വാസം വാന്‍ഡെര്‍ ഡ്യൂസന്റെ പ്രകടനമാണ്. ഓള്‍റൗണ്ടറായി പെഹ്‌ലുക്കുവായോയും ക്രിസ് മോറിസും തരക്കേടില്ലാതെ കളിക്കുന്നുണ്ട്. ബൗളിങ്ങിലും പ്രതിസന്ധിയേറെയാണ്. താഹിര്‍ മാത്രമാണ് ഭേദപ്പെട്ട് പന്തെറിയുന്നത്. റബാഡക്കും തിരിച്ചെത്തിയ എന്‍ഗിഡിക്കും മുന്‍പത്തെ മൂര്‍ച്ച പോര.

Advertisements

Leave a Reply

Your email address will not be published. Required fields are marked *