KOYILANDY DIARY

The Perfect News Portal

വിന്‍ഡീസിന് രണ്ടാം തോല്‍വി: ബാറ്റ‌ിലും പന്തിലും തിളങ്ങി റൂട്ട‌്

സതാംപ‌്ടണ്‍> ജോ റൂട്ട‌് വെസ‌്റ്റിന്‍ഡീസിനെ തകര്‍ത്തു. ബാറ്റ‌ിലും പന്തിലും തിളങ്ങിയ റൂട്ട‌് ഇംഗ്ലണ്ടിന‌് എട്ട‌് വിക്കറ്റ‌് ജയമൊരുക്കി. നാല‌് കളിയില്‍ രണ്ടാമത്തെ തോല്‍വിയാണ‌് വിന്‍ഡീസ‌് വഴങ്ങിയത‌്. ജയത്തോടെ ഇംഗ്ലണ്ട‌് ഒരടി മുന്നേറി.ആദ്യം ബാറ്റ‌് ചെയ‌്ത വിന്‍ഡീസ‌് 44.4 ഓവറില്‍ 212ന‌് പുറത്തായി. ഇംഗ്ലണ്ട‌് രണ്ട‌് വിക്കറ്റ‌് നഷ്ടത്തില്‍ ജയം കുറിച്ചു. 101 പന്താണ‌് ബാക്കിയുണ്ടായത‌്. 94 പന്തില്‍ 100 റണ്ണും രണ്ട‌് വിക്കറ്റും വീഴ‌്ത്തിയ റൂട്ട‌് കളിയിലെ താരമായി. റൂട്ടായിരുന്നു വിന്‍ഡീസിന്റെ വീര്യം ചോര്‍ത്തിയത‌്. നിരുപദ്രവകരമെന്ന‌് തോന്നിച്ച റൂട്ടിന്റെ രണ്ട‌് പന്തുകളില്‍ വിന്‍ഡീസിന‌് രണ്ട‌് വിക്കറ്റ‌് നഷ്ടമായി. റൂട്ട‌് ബാറ്റെടുത്തപ്പോള്‍ വിന്‍ഡീസ‌് ബൗളര്‍മാര്‍ക്കും താളംതെറ്റി.

ഈ ലോകകപ്പില്‍ റൂട്ടിന്റെ രണ്ടാം സെഞ്ചുറിയാണിത‌്. ജാസണ്‍ റോയിക്ക‌് പകരം ഓപ്പണറായെത്തിയ റൂട്ട‌് ആസ്വദിച്ചുകളിച്ചു. ജോണി ബെയര്‍സ‌്റ്റോയ‌്ക്കൊപ്പം വിന്‍ഡീസിന്റെ ഷോര്‍ട്ട‌് ബോള്‍ പരീക്ഷണത്തെ സമര്‍ഥമായി നേരിട്ടു. പുള്‍ ഷോട്ടുകള്‍ കൊണ്ട‌് സമ്ബന്നമായിരുന്നു റൂട്ടിന്റെ ഇന്നിങ‌്സ‌്. വിന്‍ഡീസിന്റെ ആയുധശേഖരം റൂട്ടിന‌് മുന്നില്‍ നിര്‍വീര്യമായി. 11 ബൗണ്ടറികളായിരുന്നു ഈ വലംകൈയന്റെ ഇന്നിങ‌്സില്‍. ബെയര്‍സ‌്റ്റോ 46 പന്തില്‍ 45 റണ്ണെടുത്ത‌് പുറത്തായി. മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയ ക്രിസ‌് വോക‌്സ‌ും (54 പന്തില്‍ 40) തിളങ്ങി.

ടോസ‌് നഷ്ടപ്പെട്ട‌് ആദ്യം ബാറ്റ‌് ചെയ്യാനിറങ്ങിയ വിന്‍ഡീസ‌് കഷ്ടപ്പെട്ടു. മഴകാരണം ദിവസങ്ങളായി മൂടിയിട്ടിരിക്കുകയായിരുന്ന പിച്ച‌് പേസര്‍മാര്‍ക്ക‌് വിളവെടുക്കാന്‍ പാകത്തിലുള്ളതായിരുന്നു. വിന്‍ഡീസിന്റെ ആയുധമായ ഷോര്‍ട്ട‌് ബോളുകള്‍ ഇംഗ്ലീഷ‌് പേസര്‍മാര്‍ എറിയാന്‍ തുടങ്ങി. ജോഫ്ര ആര്‍ച്ചെറും ക്രിസ‌് വോക‌്സും വിന്‍ഡീസ‌് ഓപ്പണര്‍മാരായ ക്രിസ‌് ഗെയ‌്‌ലിനെയും എവിന്‍ ലൂയിസിനെയും വിരട്ടി. ആര്‍ച്ചെര്‍–ഗെയ‌്ല്‍ പോരാട്ടമായിരുന്നു ശ്രദ്ധേയം. ആര്‍ച്ചെര്‍ ഗെയ‌്‌ലിനെ പരീക്ഷിച്ചു. ഒരോവറില്‍ രണ്ട‌് ബൗണ്ടറികള്‍ പായിച്ച‌് ഒടുവില്‍ ഗെയ‌്ല്‍ ആ യുദ്ധം ജയിച്ചു. 41 പന്തില്‍ 36 റണ്ണെടുത്ത ഗെയ‌്‌ലിനെ ലിയാം പ്ലങ്കറ്റാണ‌് പുറത്താക്കിയത‌്.

Advertisements

നിക്കോളാസ്‌ പൂരന്‍ (78 പന്തില്‍ 63), ഷിംറോണ്‍ ഹെറ്റ‌്മെയര്‍ (48 പന്തില്‍ 39) എന്നിവര്‍ ചേര്‍ന്നാണ‌് വിന്‍ഡീസിനെ 200 കടത്തിയത‌്. ഇംഗ്ലണ്ടിനുവേണ്ടി ആര്‍ച്ചെറും മാര്‍ക‌് വുഡും മൂന്നുവീതം വിക്കറ്റെടുത്തു. അഞ്ചോവര്‍ എറിഞ്ഞ റൂട്ട‌് ഹെറ്റ‌്മെയറിനെയും ക്യാപ‌്റ്റന്‍ ജാസണ്‍ ഹോള്‍ഡറെയും (10 പന്തില്‍ 9) മടക്കി. ഇംഗ്ലണ്ട്‌ ചൊവ്വാഴ്‌ച അഫ്‌ഗാനിസ്ഥാനെ നേരിടും. വിന്‍ഡീസിന്‌ തിങ്കളാഴ്‌ച ബംഗ്ലാദേശാണ്‌ എതിരാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *