കോഴിക്കോട്: ടീമിന്റെ മോശംപ്രകടനവും ആരാധകരോടുള്ള അവഗണനയുംമൂലം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. സീസണിലെ അവസാന ഹോം മത്സരത്തില്‍ നവംബര്‍ 29-ന് എഫ്.സി. ഗോവയെ നേരിടുമ്പോള്‍ മഞ്ഞത്തുണികൊണ്ട് വായമൂടികെട്ടി സ്റ്റേഡിയത്തിലെത്താനാണ് തീരുമാനം. മഞ്ഞപ്പടയെന്ന ഫാന്‍സ്‌ക്ലബ്ബാണ് പ്രതിഷേധത്തിന് നേൃത്വം നല്‍കുന്നത്.
ക്ലബ്ബിനോടും ഉടമ സച്ചിനോടും അചഞ്ചലമായ കൂറ് ഉറപ്പിച്ചു പ്രഖ്യാപിക്കുന്ന ആരാധകര്‍ക്ക് ടീം മാനേജ്‌മെന്റിനോടാണ് പ്രതിഷേധം. ടീം തെരഞ്ഞെടുപ്പ് മുതല്‍ പിഴച്ചനീക്കങ്ങള്‍ നടത്തിയ മാനേജ്‌മെന്റ് ആരാധകരെ വളര്‍ത്തിയെടുക്കുന്നതിന് പകരം അവഗണിക്കുന്നതിനാണ് പ്രധാന്യം നല്‍കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. അടുത്ത സീസണില്‍ മികച്ചടീമിനെ ഒരുക്കുന്നതിന് വേണ്ടിയാണ് പ്രതിഷേധമെന്നും മഞ്ഞപ്പട ഫാന്‍ക്ലബ്ബ് പ്രവര്‍ത്തകനായ പാലക്കാട് സ്വദേശി രാകേഷ് പറയുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബാക്കി ഏഴ് ക്ലബ്ബുകളും സ്വന്തംനിലയില്‍ ഫാന്‍ക്ലബ്ബ് വളര്‍ത്താനുള്ള പദ്ധതികള്‍ അസൂത്രണം ചെയ്യുമ്പോള്‍ ബ്ലാസ്റ്റേസിന് അത്തരം പ്രവര്‍ത്തനമൊന്നുമില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ വളറെ കുറവ്. സൂപ്പര്‍ ലീഗ് ക്ലബ്ബുകളില്‍ സാമുഹിക മാധ്യമങ്ങളില്‍ ഏറ്റവും പിന്തുണയുള്ള ടീമിന്റെ നിലപാടാണിത്.
ആറ് ഹോം മത്സരങ്ങളിലായി 3.31 ലക്ഷം പേര്‍ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തി. ലീഗില്‍ ഏറ്റവുംകൂടുല്‍ പേര്‍ കണ്ട മത്സരവും ടീമും ബ്ലാസ്റ്റേഴ്‌സാണ്. കഴിഞ്ഞ സീസണിലും കേരള ടീമായിരുന്നു ഒന്നാം സ്ഥാനത്ത്. കൊച്ചി മികച്ചവേദിയും. എന്നിട്ടും ഇത്തവണ ഫാന്‍ക്ലബ്ബ് രൂപവത്കരിക്കാന്‍ ക്ലബ്ബ് തയ്യാറായിട്ടില്ല. ഫാന്‍ക്ലബ്ബ് രൂപവത്കരിക്കാന്‍ തയ്യാറായി വന്നവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു.
ഇത്തവണ പരിശീലനം കാണാന്‍പോലും അനുവാദമുണ്ടായിരുന്നില്ല. ടീം ഉടമ സച്ചിന്റെ നിര്‍ദേശപ്രകാരമാണ് തിരുവനന്തപുരത്ത് അവസാന പരിശീലനമത്സരം കാണാന്‍ അവസരം ലഭിച്ചത്. ടീമിന്റെ തയ്യാറെടുപ്പിലും ഒരുക്കങ്ങളിലും ആരാധകര്‍ പലതവണ മാനേജ്‌മെന്റിനോട് പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.
പട്ടാളച്ചിട്ടയില്‍ അണിയിച്ചൊരുക്കിയ ടീമിന്റെ മോശം പ്രകടനവും ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. ടീമിനൊപ്പം ഏത് പ്രതിന്ധിയിലും നില്‍ക്കാന്‍ തയ്യാറാണെങ്കിലും മാനേജ്‌മെന്റ് ശരിയായ നിലപാട് അടുത്ത സീസണിലും സ്വീകരിക്കില്ലെന്ന ആശങ്കയാണ് പ്രതിഷേധത്തിന് അടിസ്ഥാനം. ബ്ലാസ്റ്റേഴ്‌സിനും സച്ചിനും കൂറ് പ്രഖ്യാപിച്ചാണ് അവസാന മത്സരത്തിന് എത്തുന്നതെന്നും എന്നാല്‍ വായമൂടിക്കെട്ടിയുളള പ്രതിഷേധം മാനേജ്‌മെന്റ് ഉണരുന്നതിന് വേണ്ടിയാണെന്നും രാകേഷ് വ്യക്തമാക്കി. മഞ്ഞപ്പട ഫാന്‍ക്ലബ്ബില്‍ 5,000-ത്തോളം പേരുള്ള അംഗങ്ങളുണ്ട്. ഇവര്‍ക്ക് ബ്ലാസ്റ്റേഴ്‌സിന്റെ പേരില്‍ ഫെയ്‌സ്ബുക്ക് പേജുമുണ്ട്.