KOYILANDY DIARY

The Perfect News Portal

താജ്മഹല്‍ നിര്‍മ്മിച്ചയത്രയും സമയമെടുത്ത് നിര്‍മ്മിച്ച അത്ഭുത പാലം

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പാലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാ സാഗർ സേതു ഒരു നിർമ്മാണ വിസ്മയം എന്നതിലുപരിയായി സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്.

ഭാരതത്തിലെ പാലങ്ങളുടെ കഥ പറയുമ്പോൾ ഒരിക്കലും വിട്ടുപോകുവാൻ പാടില്ലാത്ത കുറേ സ്ഥലങ്ങളുണ്ട്. പാമ്പൻ പാലവും കൊൽക്കത്തയിലെ ഹൗറ പാലവും ബാന്ദ്ര-വോർളി കടൽപാലവും ഒക്കെ ലിസ്റ്റിൽ ഇടംപിടിക്കുമ്പോൾ പുറകോട്ട് പോകുന്ന ഒരു പാലമുണ്ട്… നീണ്ട 22 വർഷങ്ങളെടുത്ത്, അക്കാലത്ത് ലഭ്യമായ സാങ്കേിതിക വിദ്യകളെല്ലാം ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലത്തിന്റെ വിശേഷങ്ങൾ

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പാലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാ സാഗർ സേതു ഒരു നിർമ്മാണ വിസ്മയം എന്നതിലുപരിയായി സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. കൊൽക്കത്തയെയും ഹൗറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം പശ്ചിമബംഗാളിൽ ഹൂഗ്ലി നദിയ്ക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്.

Advertisements

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം എന്നറിയപ്പെടുന്ന പാലമാണ് വിദ്യാ സാഗർ സേതു. 2700 അടി നീളം അഥവാ 823 മീറ്റർ നീളമാണ് ഈ പാലത്തിനുള്ളത്. പൊതു സ്വകാര്യ മേഖല സംയുക്തമായാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നു കൂടിയാണിത്.

വിദ്യാസാഗർ സേതുവിന്‍റെ കഥ പറയുമ്പോൾ കുറഞ്ഞത് 22 വർഷത്തെയെങ്കിലും ചരിത്രമാണ് പറയേണ്ടത്. കൊൽക്കത്തയിലെ അനുഭവപ്പെട്ടിരുന്ന അസാധാരണമായ തിരക്കുംജനസംഖ്യാ വർധനവും മൂലം ഹൗറാ പാലത്തിൽ അനുഭവപ്പെട്ടിരുന്ന തിരക്ക് കുറയ്ക്കുക എന്ന ഉദ്ദേശത്തിലാണ് ഈ പാലം നിർമ്മിക്കപ്പെടുന്നത്.

1972 മേയ് 20ന് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഇതിന്റെ നിർമ്മാണം തുടങ്ങിയത്. ആ സമയത്ത് നിർമ്മാണം പേരിനു മാച്രമാണ് നടന്നിരുന്നത്. നീണ്ട ഏഴു വർഷങ്ങളോളം ഒരു പണിയും നടക്കാത്ത അവസ്ഥയും ഇവിടെ ഉണ്ടായിരുന്നു. പിന്നീട് ഏകദേശം 22 വർഷങ്ങൾക്കു ശേഷം 1994 ലാണ് ഇത് പൊതുജനങ്ങൾക്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നത്.

ഹൂഗ്ലി നദിയ്ക്ക് കുറുകെ നിർമ്മിക്കപ്പെട്ട ഹൗറ പാലത്തിനു ശേഷം നിർമ്മിക്കപ്പെട്ട രണ്ടാമത്തെ ഹുഗ്ലി പാലമാണ് വിദ്യാസാഗർ സേതു. ബംഗാളിലെ സാമൂഹീക നവോത്ഥാനത്തിൽ പ്രധാനിയുമായിരുന്ന ഇശ്വര ചന്ദ്ര വിദ്യാസാഗറിന്റെ ബഹുമാനാർഥമാണ് ഈ പാലത്തിനു ഈ പേരു നല്കുന്നത്. രണ്ടാം ഹൗറ പാലം എന്നും ഇതറിയപ്പെടുന്നു.

നിർമ്മാണത്തിലെ കൗതുകത്തോടൊപ്പം തന്നെ എൻജിനീയറിംഗ് മികവുകളും ഉയര്‍ത്തിക്കാണിക്കുന്ന ഒരു നിർമ്മിതിയാണിത്. 121 കേബിളുകളിലായിട്ടാണ് ഈ പാലം വിന്യസിച്ചിരിക്കുന്നത്. ഒരു ദിവസം 85,000 വാഹനങ്ങളക്കു കടന്നു പോകുവാൻ സാധിക്കുന്ന കപ്പാസിറ്റിയാണ് ഇതിനുള്ളത്.

അക്കാലത്ത് സ്വപ്നം കാണുവാൻ പോലും സാധിക്കാതിരുന്നയത്രയും വലിയ തുകയാണ് ഈ പാലത്തിന്റെ നിർമ്മാണത്തിനായി ചിലവഴിച്ചത്. 388 കോടി രൂപയാണ് 22 വർഷമെടുത്ത പാലത്തിന്റെ നിർമ്മാണത്തിനായി ചിലവഴിച്ചത്.

ഹൗറ പാലത്തിലനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കുക എന്ന ഉദ്ദേശത്തിൽ നിർമ്മിക്കപ്പെട്ടതാണെങ്കിലും ഹൂഗ്ലി നദിയുടെ മനോഹരമായ കാഴ്ചകൾ കാണുനാവാനാണ് ഇവിടെ എത്തുന്ന സഞ്ചാരികൾ ഈ പാലത്തെ പ്രയോജനപ്പെടുത്തുന്നത്. ഇവിടെ നിന്നുള് ഹൂഗ്ലി നദിയുടെ കാഴ്ചകളും സൂര്യോദയവും സൂര്യാസ്തമയവും ഒരു പോലെ ഭംഗിയേറിയതാണ്.

കൊൽക്കത്ത നഗരത്തിലെ രാത്രികാലങ്ങൾ എന്നത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങൾ പകരുന്ന ഇടമായിരിക്കും. രാത്രിയിൽ വൈദ്യുത വിളക്കുകളാൽ അലങ്കരിച്ചു കിടക്കുന്ന ഇതിന്റെ കാഴ്ച കൊൽക്കത്തയിലെ ഒഴിവാക്കരുതാത്ത കാഴ്ചകളിലൊന്നാണ്.

 

Leave a Reply

Your email address will not be published. Required fields are marked *