KOYILANDY DIARY

The Perfect News Portal

ബ്രസീലിന്റെ മോഹങ്ങള്‍ക്ക് ബല്‍ജിയം രണ്ട് ഗോളുകള്‍ കൊണ്ട് ചിതയൊരുക്കി

കസാന്‍: കസാനിലെ പുല്‍മൈതാനത്ത് ബ്രസീലിന്റെ മോഹങ്ങള്‍ക്ക് ബല്‍ജിയം രണ്ട് ഗോളുകള്‍ കൊണ്ട് ചിതയൊരുക്കി (2-1). ബ്രസീല്‍ മടങ്ങി. ലോകകപ്പിന്റെ വലിയ ലോകത്തില്‍ ലാറ്റിനമേരിക്ക തുടച്ചുനീക്കപ്പെട്ടു. അവിടെ ബല്‍ജിയം ഉദിച്ചു.

ബ്രസീല്‍താരം ഫെര്‍ണാണ്ടിന്യോയുടെ ദാനഗോളിലൂടെ മുന്നിലെത്തിയ ബല്‍ജിയം കെവിന്‍ ഡി ബ്രയ്‌ന്റെ സുന്ദരഗോളില്‍ കുതിച്ചു. റാഫേല്‍ അഗുസ്‌റ്റോ ബ്രസീലിനായി ഒരു ഗോള്‍മടക്കി. ബല്‍ജിയത്തിന്റെ ചുവപ്പുകുപ്പായക്കാര്‍ രാജകീയമായി സെമിയിലേക്ക്. അവിടെ മറ്റൊരു യൂറോപ്യന്‍ സംഘം ഫ്രാന്‍സ് ബല്‍ജിയത്തെ കാത്തിരിക്കുന്നു.

കളി തുടങ്ങി 15 മിനിറ്റിനുള്ളില്‍ ബ്രസീല്‍ ഗോള്‍ വഴങ്ങി. ചാഡ്‌ലിയുടെ ഇടതുഭാഗത്തുനിന്നുള്ള കോര്‍ണര്‍കിക്ക്. ലുക്കാക്കുവിനെ തടയാന്‍ ഫെര്‍ണാണ്ടിന്യോയ്ക്ക് ചുമതല. ലുക്കാക്കു അവിടെനിന്ന് മാറിയത് ഫെര്‍ണാണ്ടിന്യോ അറിഞ്ഞില്ല. പന്ത് ഉയര്‍ന്നപ്പോള്‍ ഗബ്രിയേല്‍ ജെസ്യൂസും ഫെര്‍ണാണ്ടിന്യോയും ഒരുമിച്ചുചാടി. ഫെര്‍ണാണ്ടിന്യോയുടെ തലയില്‍തട്ടി പന്ത് സ്വന്തം വലയിലേക്ക്. ഗോള്‍ കീപ്പര്‍ അല്ലിസണ് എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. ആ ഗോളില്‍ ബ്രസീല്‍ തളരുകയായിരുന്നു.

Advertisements

തിരിച്ചുവരാനുള്ള വഴികള്‍ ഒന്നൊന്നായി ബല്‍ജിയം അടച്ചു. അവരുടെ പ്രതിരോധനിരയില്‍ വിന്‍സെന്റ് കൊമ്ബനിയും യാന്‍ വെര്‍ടോന്‍ഗനും ടോബി ആല്‍ഡെര്‍വെയ്‌റെള്‍ഡും പഴുതുകള്‍ നല്‍കിയില്ല. നെയ്മറുടെ കാലില്‍നിന്ന് അനായാസം അവര്‍ പന്ത് തിരിച്ചെടുത്തു. ബ്രസീല്‍ വീണ്ടും വഴങ്ങി. കോര്‍ണറില്‍ത്തട്ടിത്തെറിച്ച പന്തുമായി ലുക്കാക്കു മധ്യനിരയ്ക്കിപ്പുറത്തിനിന്ന് മുന്നേറി. പൗളീന്യോ തടയാനെത്തി, പക്ഷേ, കഴിഞ്ഞില്ല. ലുക്കാക്കു ബ്രസീല്‍ ഗോള്‍മുഖത്ത്‌വച്ച്‌ വലതുഭാഗത്ത് ഡി ബ്രയ്‌നിലേക്ക് ഒന്നാന്തരം ക്രോസ്. ബ്രസീല്‍ പ്രതിരോധം ചിതറിനില്‍ക്കുകയായിരുന്നു. 20വാരെഅകലെവച്ച്‌ ഡിബ്രയ്ന്‍ അടിതൊടുത്തു. അല്ലിസണ് തടുക്കാനായില്ല.

രണ്ടാംപകുതിയില്‍ ടിറ്റെ കളി മാറ്റി. ഡഗ്ലസ് കോസ്റ്റയും റോബര്‍ട്ടോ ഫിര്‍മിനോയും റാഫേല്‍ അഗുസ്‌റ്റോയും കളത്തിലെത്തി. തിരിച്ചടിക്കാനുള്ള ഊര്‍ജം ബ്രസീലിന് കൈവന്നു. കുടീന്യോയും നെയ്മറും ഫിര്‍മിനോയും കോസ്റ്റയും ബല്‍ജിയം ഗോള്‍മേഖലയില്‍ തമ്ബടിച്ചു. നിരന്തര പോരാട്ടത്തിനൊടുവില്‍ ബ്രസീല്‍ ഒന്നുമടക്കി. ബോക്‌സിന് പുറത്തുനിന്നുള്ള കുടീന്യോ പന്ത് ഉയര്‍ത്തിവിട്ടു. ഇടതുഭാഗത്ത് രണ്ട് പ്രതിരോധക്കാര്‍ക്കിടയിലൂടെ അഗുസ്‌റ്റോ ചാടി. പന്ത് കൃത്യം തലയില്‍. ബല്‍ജിയം വലകുലുങ്ങി.

നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ നെയ്മറുടെ ഒന്നാന്തരം ഷോട്ട് കുര്‍ടോ അസാമാന്യ ചാട്ടത്തോടെ തട്ടിയകറ്റി. ബ്രസീലിന്റെ ആശയറ്റു, അവര്‍ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *