KOYILANDY DIARY

The Perfect News Portal

ലോകകപ്പിലെ കന്നിപ്പോരില്‍ തപ്പിത്തടഞ്ഞ എതിരാളികളെ റഷ്യ മറുപടിയില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്തു

മോസ്കോ: കാല്‍പ്പന്തിന്റെ ലോകവേദിയാകാന്‍ ലഭിച്ച ആദ്യ അവസരം ആഘോഷമാക്കിയ എണ്‍പതിനായിരത്തിലേറെ നാട്ടുകാരെ സാക്ഷിനിര്‍ത്തി റഷ്യ അരങ്ങേറ്റം അതി ഗംഭീരമാക്കി. വോള്‍ഗാ നദീതീരത്ത് റഷ്യ തീര്‍ത്ത ഗോള്‍മഴയില്‍ സൗദി അറേബ്യ ഒലിച്ചുപോയി. ലോകകപ്പിലെ കന്നിപ്പോരില്‍ തപ്പിത്തടഞ്ഞ എതിരാളികളെ റഷ്യ മറുപടിയില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്തു(5-0). യുറി ഗസന്‍സ്കി, ഡെന്നിസ് ചെറിഷേവ്(2), ആര്‍ടം സ്യൂബ, അലക്സാണ്ടര്‍ ഗൊലോവിന്‍ എന്നിവര്‍ ഗോള്‍ കുറിച്ചു. എ ഗ്രൂപ്പില്‍ മൂന്നു പോയിന്റോടെ റഷ്യ പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി.

റഷ്യ രണ്ടു ഗോള്‍ കുറിച്ച ആദ്യപകുതിയില്‍ തന്നെ കളിയുടെ ഗതി നിശ്ചയിക്കപ്പെട്ടിരുന്നു. രണ്ടാംപകുതിയുടെ അധികസമയക്കളിയില്‍ നടത്തിയ ഇരട്ടപ്രഹരം സൗദിയുടെ തോല്‍വി അതിദയനീയമാക്കി. പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ മറന്ന ഏഷ്യന്‍പ്രതിനിധികളെ സമസ്ത മേഖലയിലും റഷ്യക്കാര്‍ ബഹുദൂരം പിന്നിലാക്കി. എതിരാളികളുടെ നിരന്തര മുന്നേറ്റങ്ങള്‍ക്കിടെ പ്രത്യാക്രമണത്തിന് അവസരമില്ലാതെ സൗദി
മുന്നേറ്റനിര കാഴ്ചക്കാരായി.

വീണുകിട്ടിയ അവസരങ്ങള്‍ക്ക് ലക്ഷ്യബോധം തരിമ്ബുമുണ്ടായില്ല. സൗദി പ്രതിരോധത്തിന്റെ മണ്ടത്തരത്തില്‍നിന്നാണ് ലോകകപ്പിലെ കന്നി ഗോള്‍ യുറി ഗസിന്‍സ്കി സ്വന്തംപേരില്‍ കുറിച്ചത്. സൗദി ബോക്സില്‍നിന്നു തട്ടിത്തെറിച്ച പന്ത് പിടിച്ചെടുത്ത അലക്സാണ്ടര്‍ ഗൊലോവിന്‍ ഇടതുപാര്‍ശ്വത്തില്‍നിന്ന് സൗദി ഗോള്‍പോസ്റ്റിലേക്ക് അളന്നുമുറിച്ചെന്ന പോലെ ഉയര്‍ത്തി നല്‍കുമ്ബോള്‍ രണ്ടാം പോസ്റ്റില്‍ രണ്ടു റഷ്യന്‍ താരങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഉയര്‍ന്നു ചാടിയ ഗസിന്‍സ്കി ഗോളി അബ്ദുള്ള അല്‍ മായൂഫിന് എത്തിപ്പിടിക്കാനാകാത്ത വിധം തലകൊണ്ട് മറിച്ച പന്ത് ഒന്നാംപോസ്റ്റിന്റെ അരികുചേര്‍ന്ന് വലയില്‍(1-0). സ്റ്റേഡിയം ഇരമ്ബിയാര്‍ത്തു. അതിന്റെ അലകള്‍ ആതിഥേയ താരങ്ങളുടെ കാലുകളിലേക്ക് പ്രസരിപ്പിച്ച ഊര്‍ജ്ജം ചെറുതായിരുന്നില്ല.

Advertisements

കുടുതല്‍ ഒത്തിണക്കവും വേഗവും കൈവരിച്ച നീക്കങ്ങള്‍ പിന്നാലെ കണ്ടു. സൗദി പ്രതിരോധം കഥയറിയാതെ ആട്ടംകാണും മട്ടില്‍ തുടര്‍ന്നത്, ലോകകപ്പിലെ കന്നിമത്സരത്തില്‍ ആതിഥേയര്‍ തോല്‍വിയറിഞ്ഞിട്ടില്ലെന്ന റെക്കോഡ് അനായാസം നിലനിര്‍ത്താന്‍ റഷ്യയ്ക്ക് സഹായമായി.

കളി മുറുകുന്നതിനിടെ തങ്ങളുടെ ഏറ്റവും മികച്ച താരം അലന്‍ സഖയോവ് പരിക്കേറ്റു തിരിച്ചുകയറിയത് റഷ്യയെ ഉലച്ചതേയില്ല. ആദ്യ ഗോളിനു വഴിമരുന്നിട്ട ഗൊലോവിനും റോമന്‍ സോബ്നിനും മധ്യനിരയില്‍ നിറഞ്ഞുകളിച്ചു. അലക്സാണ്ടര്‍ സേംദേവും മോശമാക്കിയില്ല.

നിര്‍ണായകമായ ഉദ്ഘാടന മത്സരത്തില്‍ നാട്ടുകാര്‍ക്കു മുന്നില്‍ വലിയ പരീക്ഷണങ്ങള്‍ക്കൊന്നും നില്‍ക്കാതെയാണ് റഷ്യന്‍ ടീമിനെ പരിശീലകന്‍ സ്റ്റാനിസ്ലവ് ചെര്‍ചെസേവ് വിന്യസിച്ചത്. 4-2-3-1. കാര്യങ്ങള്‍ സുഗമമായി നീങ്ങിയതിനാല്‍ അവസാനംവരെ ഈ ശൈലി മാറ്റാനും മുതിര്‍ന്നില്ല. എന്നാല്‍, മറുപക്ഷത്ത് സൗദി അമിതപ്രതിരോധത്തിലൂന്നിയാണ് ഇറങ്ങഇയത്. 4-1-4-1. മധ്യനിരയില്‍ ആള്‍ക്കൂട്ടം സൃഷ്ടിച്ച്‌ റഷ്യയെ പിടിച്ചുകെട്ടാമെന്നായിരുന്നു പരിശീലകന്‍ യുവാന്‍ അന്റോണിയോ പിസിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, പ്രതിരോധത്തിലെ ദൗര്‍ബല്യങ്ങള്‍ എല്ലാം തകിടംമറിച്ചു.

രണ്ടാം പകുതിയില്‍ സൗദി അല്‍പം ഉണര്‍ന്നുവെങ്കിലും വലിയ സാഹസത്തിനൊന്നും മുതിരാതെ റഷ്യ കളിയിലെ ആധിപത്യം തുടര്‍ന്നു. അല്‍പം മങ്ങിയ മുന്നേറ്റക്കാരന്‍ അഡോര്‍ സ്മൊളോവിനു പകരമിറങ്ങിയ ആര്‍ടെം സ്യൂബയുടെ ആദ്യസ്പര്‍ശം തന്നെ ഗോളിലേക്കായിരുന്നു. കോര്‍ണറില്‍ തുടങ്ങിയ നീക്കം ബോക്സിലേക്ക് ഉയര്‍ന്നുവന്നപ്പോള്‍ സ്യുബ തലകൊണ്ട് ഗോളിലേക്ക് തിരിച്ചുവിട്ടു(3-0). അതോടെ റഷ്യ കളിവേഗം കുറച്ചു. രണ്ടാം പകുതിയിലെ അധികസമയക്കളിയിലായിരുന്നു ചെറിഷേവിന്റെ രണ്ടാം ഗോള്‍. കളിയിലെ മിന്നുംതാരം ഗൊലോവിന്‍ ഫൈനല്‍വിസിലിന് തൊട്ടുമുമ്ബ് ഒന്ന് തന്റെ പേരിലും കുറിച്ചു (5-0).

Leave a Reply

Your email address will not be published. Required fields are marked *