KOYILANDY DIARY

The Perfect News Portal

വര്‍ഗീയതയ്ക്കെതിരെ ഡിസംബര്‍ 1 മുതല്‍ ഇടത് പാര്‍ടികളുടെ രാജ്യവ്യാപക പ്രചരണം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനകീയപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഓരോ മേഖലയിലെയും പ്രദേശിക വിഷയങ്ങള്‍ കൂടി ഉയര്‍ത്തിയാണ് പ്രക്ഷോഭങ്ങള്‍ നടത്തുകയെന്ന് സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിജെപി, ആര്‍എസ്എസ് നേതൃത്വത്തിലുള്ള വര്‍ഗീയ വിദ്വേഷ കടന്നാക്രമണത്തിനെതിരെ ആറ് ഇടതുപാര്‍ടികളുടെ സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ ആറു വരെ നടത്തുന്ന പ്രചാരണം വിജയിപ്പിക്കാന്‍ രാജ്യത്തെ എല്ലാ പാര്‍ടി ഘടകങ്ങളോടും കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.  അധിക സാമ്പത്തിക ഭാരത്തില്‍ ബഹുഭൂരിപക്ഷം ജനങ്ങളും നട്ടംതിരിയുന്ന സാഹചര്യത്തിലാണ് വിദേശ മൂലധനത്തിന് രാജ്യം കൊള്ളയടിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റിനെയും മന്ത്രിസഭയെയും മറികടന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് 15 മേഖലകള്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിനായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്.

പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായത്തെ സര്‍ക്കാര്‍ പരിഹസിക്കുകയാണ്. പ്രധാനമന്ത്രി വിദേശയാത്രയ്ക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പായിരുന്നു ഈ തീരുമാനം. വിദേശമൂലധന ശക്തികളെ പ്രീതിപ്പെടുത്തുകയെന്ന ലക്ഷ്യമായിരുന്നു ഇതിനുപിന്നില്‍. അവശ്യവസ്തുക്കളുടെ വില നിയന്ത്രണാതീതമായി കുതിക്കുന്നു. പരിപ്പ് ഇനങ്ങള്‍ പോലെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും പ്രോട്ടീന്‍ ലഭ്യമാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വില സാധാരണക്കാരുടെ കൈപ്പിടിയില്‍ ഒതുങ്ങാത്ത അവസ്ഥയിലായി.

Advertisements

വിദേശ മൂലധനത്തെ പ്രീണിപ്പിച്ച് ആഭ്യന്തര മൊത്തവരുമാന വളര്‍ച്ച കൂട്ടാന്‍ കഴിയില്ല. ആഭ്യന്തര മൂലധന രൂപീകരണത്തില്‍ ഏഴ് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ജനങ്ങളുടെ വാങ്ങല്‍ശേഷി കുറഞ്ഞതാണ് ഇതിനു മുഖ്യകാരണം. ഇടത്തരക്കാരെ സര്‍ക്കാര്‍ കൂടുതല്‍ പിഴിയുകയാണ്. പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. റെയില്‍വേ നിരക്കുകള്‍ കൂട്ടി. സേവനമേഖലയില്‍ “സ്വച്ഛ് ഭാരത് സെസ്’ ചുമത്തി. സ്വച്ഛ് ഭാരത് പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ നല്‍കിയ പരസ്യങ്ങള്‍ക്ക് എത്ര പണം ചെലവഴിച്ചുവെന്ന് വ്യക്തമാക്കണം. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപോലെ ജനങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം നല്‍കുന്ന പദ്ധതികളുടെ വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു.രാജ്യമെമ്പാടും ആര്‍എസ്എസും ബിജെപിയും വര്‍ഗീയ സംഘര്‍ഷത്തിന് തിരികൊളുത്തുന്നു.

ബിഹാര്‍ തെരഞ്ഞെടുപ്പിനു മുമ്പുള്ള കാലത്ത് ഇത്തരം നീക്കങ്ങള്‍ തീവ്രമായ തോതിലാക്കി. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയിലും, എതിരായ നടപടിയൊന്നും എടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിലപാടിന്റെ പിന്‍ബലത്തിലും ആര്‍എസ്എസ് സംഘടനകള്‍ രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ അടിത്തറകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് യെച്ചൂരിപറഞ്ഞു.