KOYILANDY DIARY

The Perfect News Portal

ചര്‍ച്ച പരാജയപ്പെട്ടു : കുറഞ്ഞ കൂലി 500 രൂപ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉടമകള്‍

തിരുവനന്തപുരം: തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. കുറഞ്ഞ കൂലി സംബന്ധിച്ച തര്‍ക്കമാണ് ചര്‍ച്ച രണ്ടാം തവണയും അലസിപ്പിരിയാന്‍ കാരണമായത്. പ്രശ്‌നം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ചയില്‍ ഉരുതിരിഞ്ഞ കാര്യങ്ങള്‍ മന്ത്രിസഭാ ഉപസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഷിബു ബേബി ജോണ്‍ അറിയിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദും ചര്‍ച്ചയില്‍ സംബന്ധിച്ചു.

തോട്ടം തൊഴിലാളികളുടെ കുറഞ്ഞ കൂലി 500 രൂപയാക്കണമെന്ന നിലപാട് തൊഴിലാളി യൂണിയനുകള്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും അവര്‍ ഒരുക്കമായിരുന്നില്ല. എന്നാല്‍, ഇത് അംഗീകരിക്കാന്‍ തോട്ടമുടമകള്‍ തയ്യാറായില്ല. എന്നാല്‍, കൂലി കൂട്ടുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് അറിയിച്ച യൂണിയനുകള്‍ മൂന്നാറിലേത് അടക്കമുള്ള തോട്ടങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന സമരം തുടരുമെന്ന് അറിയിച്ചു.

തേയിലയ്ക്ക് വില കുറഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉദ്പ്പാദനക്ഷമത കൂട്ടാതെ കൂലി വര്‍ധിപ്പിക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്നാണ് തോട്ടമുടമകളുടെ നിലപാട്. കൂലി എത്ര കൂട്ടാമെന്നോ എപ്പോള്‍ വര്‍ധനവ് നിലവില്‍ വരുമെന്നോ പറയാനും തോട്ടമുടമകള്‍ തയ്യാറായില്ല. ഇതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. അടുത്ത മാസം തുടക്കത്തില്‍ വീണ്ടും പി.എല്‍.സി.യുടെ യോഗം വിളിച്ചുചേര്‍ക്കാമെന്ന് ഉറപ്പിന്മേലാണ് രാത്രി എട്ടേ കാലോടെ ചര്‍ച്ച പിരിഞ്ഞത്.

Advertisements