KOYILANDY DIARY

The Perfect News Portal

കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് ജീവനക്കാര്‍ക്ക് ലാത്തിച്ചാര്‍ജ്

കൊച്ചി > കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹെഡ് ഓഫീസിന് മുന്നില്‍ കണ്‍സ്യൂമര്‍ഫെഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു)നേതൃത്വത്തില്‍ ജീവനക്കാര്‍ നടത്തിയ ഉപരോധസമരത്തിനു നേരെ പൊലീസ് അതിക്രമം. ലാത്തിച്ചാര്‍ജില്‍ നിരവധി ജീവനക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റു. ഡയറക്ടര്‍ ബോര്‍ഡ് അംഗം സതീശന്‍ പാച്ചേനിയെ കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ എംപ്ലോയീസ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) പ്രവര്‍ത്തകര്‍ രാവിലെ ഗേറ്റില്‍ തടഞ്ഞ് കൊടികെട്ടിയ കമ്പുകൊണ്ട് അടിക്കാന്‍ ശ്രമിച്ചു. അഴിമതിയെക്കുറിച്ച് സമഗ്രവും സുതാര്യവുമായി അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടും ജീവനക്കാരുടെ സേവന-വേതന ആവശ്യങ്ങള്‍ ഉന്നയിച്ചുമായിരുന്നു വര്‍ക്കേഴ്സ് അസോസിയേഷന്‍ ഉപരോധം. ചൊവ്വാഴ്ച കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നതിനിടെയായിരുന്നു സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് ജീവനക്കാര്‍ ഉപരോധം നടത്തിയത്.