KOYILANDY DIARY

The Perfect News Portal

താമരശ്ശേരി ചുരം കയറി നമ്മള്‍ ലക്കിടിയിലെത്തുമ്പോള്‍ അവിടെയൊരു ചങ്ങല ചുറ്റിയ മരമുണ്ട്

ഒരു തലമുറയെ ഒന്നാകെ ചിരിപ്പിച്ച പപ്പുവിന്റെ ഡയലോഗ്. വെള്ളാനകളുടെ നാടെന്ന സിനിമയില്‍ താമരശ്ശേരി ചുരം പപ്പുവിന്റെ നാവിലൂടെ വെളിപ്പെട്ടപ്പോള്‍ കേരളക്കര തലയറഞ്ഞു ചിരിച്ചു.

പക്ഷേ ആ ചിരിക്കു കാരണഭൂതമായ, പന്ത്രണ്ട് കിലോമീറ്റര്‍ നീളമുള്ള ഒന്‍പത് ഹെയര്‍പിന്‍ വളവുകളായി കിടക്കുന്ന ആ മലമ്ബാതയില്‍ പുതഞ്ഞുകിടക്കുന്ന ഒരു വഞ്ചനയുടെ കഥ ഇന്നും പലര്‍ക്കുമറിയില്ല.

ബ്രട്ടീഷുകാര്‍ നിര്‍മിച്ച ഈ ചരിത്ര പാതയുടെ പൂര്‍ത്തീകരണത്തിന് സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ഒരാളുണ്ട്- കരിന്തണ്ടനെന്ന ആജാനുബാഹുവായ ഒരു ആദിവാസി യുവാവ്.

Advertisements

ചുരം കയറി നമ്മള്‍ ലക്കിടിയിലെത്തുമ്പോള്‍ അവിടെയൊരു ചങ്ങല ചുറ്റിയ മരമുണ്ട്. ഈ മരമാണ് കരിന്തണ്ടനെക്കുറിച്ച്‌ നമ്മോട് പറയുന്നത്.  ഏതോ ഒരു മന്ത്രവാദി ചങ്ങലയില്‍ ആവാഹിച്ച്‌ ആ മരത്തില്‍ ബന്ധിപ്പിച്ചിരിക്കുകയാണ് കരിന്തണ്ടന്റെ ആത്മാവ്.

കരിന്തണ്ടനെക്കുറിച്ച്‌ആകെയുള്ളത് കുറച്ച്‌ വായ്മൊഴിക്കഥകളും ഈ ചങ്ങലമരവും അതിലുറങ്ങുന്ന കരിന്തണ്ടന്റെ ആത്മാവെന്ന സങ്കല്‍പ്പവും മാത്രം. 1750 മുതല്‍ 1799 വരെയുള്ള കാലഘട്ടത്തിലാണ് കരിന്തണ്ടന്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്. പണിയരുടെ മുപ്പനായിരുന്നു കരിന്തണ്ടന്‍.

കോഴിക്കോട്ടെത്തിയ ബ്രട്ടീഷുകാര്‍ക്ക് അതുവരെ അജ്ഞാതമായിരുന്നു വയനാട് വഴി മൈസൂരിലേക്കുള്ള മാര്‍ഗ്ഗം.

സുഗന്ധവ്യജ്ഞനങ്ങളും മറ്റും സുലഭമായിരുന്ന വയനാടന്‍ കാടുകള്‍ കുറച്ചൊന്നുമല്ല ബ്രട്ടീഷുകാരെ ഭ്രമിപ്പിച്ചത്.

അതിനുമുപരി ശ്രീരംഗപട്ടണത്തെ ടിപ്പുവിന്റെ സാമ്രാജ്യം കീഴടക്കാനുള്ള മാര്‍ഗ്ഗമായാണ് അവര്‍ ഈ പാതയെ നോക്കിക്കണ്ടത്.

പക്ഷേ അതൊരു സ്വപ്നമായി തന്നെ അവശേഷിച്ചു. പാതയ്ക്കു വേണ്ടി ഇറങ്ങിത്തിരിച്ച പലരും വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായതു മിച്ചം.

വയനാടന്‍ കുന്നുകളുടെ അടിവാരത്ത് ആടുമേച്ചു നടക്കുന്ന ആജാനുബാഹുവായ കരിന്തണ്ടനെ കണ്ടതോടുകൂടിയാണ് ഈ സ്വപ്നത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്കുള്ള വഴി തുറന്നത്.

കാടിന്റെ ഒരോ മുക്കും മൂലയും അറിയാമായിരുന്ന കരിന്തണ്ടന്റെ സഹായത്തോടെ ഇംഗ്ലണ്ടില്‍ നിന്നെത്തിയ എഞ്ചിനീയറുടെ നേതൃത്വത്തില്‍പാത തേടി മുന്നേറി.

അടിവാരത്തില്‍ നിന്നും ലക്കിടിയിലേക്കുള്ള ആ എളുപ്പവഴി കരിന്തണ്ടന്‍ പറഞ്ഞുകൊടുത്തു. വയനാടന്‍ കാടിനെയറിഞ്ഞ കരിന്തണ്ടന്റെ സഹായത്തോടെ പുതിയൊരു ചരിത്രപാത അവിടെ തുറക്കുകയായിരുന്നു.

പക്ഷേ വെള്ളക്കാരുടെ കറുത്ത മനസ്സില്‍ അപ്പോള്‍ മറ്റൊരു പദ്ധതി ആസൂത്രണം ചെയ്യപ്പെടുകയായിരുന്നു.

ഈ പാതയെക്കുറിച്ച്‌ കരിന്തണ്ടന്‍ മറ്റാര്‍ക്കെങ്കിലും പറഞ്കുകൊടുത്താലോ എന്ന ചിന്ത ബ്രട്ടീഷുകാരെ അലട്ടി. ഒടുവില്‍ അവര്‍ തീരുമാനിച്ചു, ഈ പാതയ്ക്ക് കാരണക്കാരനായ കരിന്തണ്ടന്‍ ഇനി ജീവിച്ചിരിക്കേണ്ട.

ശാരീരിക ബലത്തിന്റെ കാര്യത്തില്‍ കരിനന്തണ്ടന്റെ മുന്നില്‍ നിന്നു നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ ഒരു വെള്ളകാരനും ധൈര്യമുണ്ടായിരുന്നില്ല.

ഒടുവില്‍ അതിനുവേണ്ടി അവര്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം ചതിയുടേതായിരുന്നു. ആദിവാസി ഗോത്രങ്ങളിലെ പണിയ വിഭാഗത്തിന്റെ തലവനായ കരിന്തണ്ടന്‍ തന്റെ അധികാര സ്ഥാനത്തിന്റെ അടയാളമായി ഒരു വള ധരിക്കുമായിരുന്നു.

മറ്റുള്ളവരില്‍ നിന്നും കരിന്തണ്ടനെ മാറ്റി നിര്‍ത്തുന്നതും ഈ ഒരു അടയാളമായിരുന്നു. വളരെ പവിത്രമായി കരുതിയിരുന്ന ഈ വള ഉറങ്ങുന്നതിനു മുമ്ബ് ഊരിവയ്ക്കുകയും സുര്യോദയത്തിനു ശേഷം കുളിച്ച്‌ ഭക്തിയോടുകൂടി ധരിക്കുകയുമായിരുന്നു പതിവ്.

ഒരുനാള്‍ രാത്രി കരിന്തണ്ടന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഊരിവച്ചിരുന്ന വള വെള്ളക്കാര്‍ കൈക്കലാക്കി.

ഉണര്‍ന്നെഴുന്നേറ്റ കരിന്തണ്ടന്‍ തന്റെ അധികാരത്തിന്റെ ചിഹ്നമായ വള കാണാത്തതിനാല്‍ പരിഭ്രാന്തനായി.

വള നഷ്ടപ്പെട്ട തനിക്ക് കുലത്തെ നയിക്കാനുള്ള അധികാരം നഷ്ടമാകുമെന്നറിയാവുന്ന കരിന്തണ്ടന്‍ മാനസിക വിഷമത്തോടെ തളര്‍ന്നു വീണു. ഈ അവസരം വിനിയോഗിച്ച്‌ വെള്ളക്കാര്‍ വെടിവച്ച്‌ കരിന്തണ്ടനെ ഇല്ലാതാക്കി.

ചതിയുടെ ഇരയായി ജീവന്‍ വെടിഞ്ഞ കരിന്തണ്ടന്റെ ആത്മാവ് ഗതികിട്ടാതെ ചുരത്തില്‍ അലഞ്ഞു.

വാഹനങ്ങള്‍ തട്ടിമറിച്ചു. യാത്രക്കാര്‍ പലരും മരണപ്പെട്ടു. പലര്‍ക്കും ഭീഷണിയായ കരിന്തണ്ടന്റെ ആത്മാവിനെ ഒടുവില്‍ ഏതോ ഒരു മന്ത്രവാദി ചങ്ങലയില്‍ ആവാഹിച്ച്‌ ലക്കിടയിലെ ആ മരത്തില്‍ ബന്ധിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

ഇന്ന് അതുവഴി കടന്നു പോകുന്നവരാരും ലക്കിടിയിലെ ആ ചങ്ങല മരത്തിനെ വന്ദിക്കാതെ കടന്നുപോകാറില്ല.

ഒരു ചരിത്ര നിയോഗത്തിനുതന്നെ കാരണക്കാരനായെന്ന് വിശ്വസിക്കുന്ന കരിന്തണ്ടന് ഈ ചങ്ങലമരമല്ലാതെ മറ്റൊരു സ്മാരകങ്ങളും കാണാന്‍ കഴിയില്ല. പറഞ്ഞറിഞ്ഞുള്ള അറിവു വച്ച്‌ പടിഞ്ഞാറെത്തറ അയ്യപ്പന്‍ എന്ന കലാകാരന്‍ കരിന്തണ്ടന്റെ ഒരു രൂപം തയ്യാറാക്കിയിട്ടുണ്ട്.

വയനാടന്‍ ചുരത്തിന് കരിന്തണ്ടന്റെ പേരിടണമെന്ന വാദഗതിയും സജീവമായിരുന്നു. ഇനിയൊരിക്കലെങ്കിലും ഈ താമരശ്ശേരി ചുരം കയറുന്നവര്‍ ഓര്‍ക്കുക – പപ്പുവിനെ മാത്രമല്ല, താമരശ്ശേരി ചുരത്തിലൂടെ മലയാള നാടിനെ കിഴക്കുമായി കൂട്ടിയിണക്കിത്തരാന്‍ കാരണക്കാരനായ കരിന്തണ്ടനെയും.

Leave a Reply

Your email address will not be published. Required fields are marked *