KOYILANDY DIARY

The Perfect News Portal

സഖാവ്: രാഷ്ട്രീയം ഇല്ലാത്ത ക്യാമ്പസുകളില്‍ കൂടി പ്രിയപ്പെട്ട വിളിപ്പേരായി മാറുന്നു

മലയാളിയുടെ മനസ്സില്‍ കമ്മ്യൂണിസം എന്ന ആശയം എത്രത്തോളം ആഴത്തില്‍ പതിഞ്ഞിട്ടുണ്ടെന്നതിനുള്ള തെളിവാണ് ഈ വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളുടെ വിജയം. കമ്മ്യൂണിസത്തേയും കമ്മ്യൂണിസ്റ്റ് പാര്‍ടിയേയും എതിര്‍ത്തും അനുകൂലിച്ചും ഇറങ്ങിയ ഒട്ടുമിക്ക സിനിമകളും വിജയിക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്ത ചരിത്രമാണ് മലയാള സിനിമയുടേത്.

മീനമാസത്തിലെ സൂര്യന്‍, ഇത്തിരിപൂവേ ചുവന്നപൂവേ, ലാല്‍സലാം, സന്ദേശം, ചീഫ് മിനിസ്റ്റര്‍ കെ ആര്‍ ഗൌതമി, അറബിക്കഥ, ജനം, പുന്നപ്രവയലാര്‍, വസന്തത്തിന്റെ കനല്‍വഴികളില്‍, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, ഒരു മെക്സിക്കന്‍ അപാരത. ഇങ്ങനെ ഓര്‍ത്തെടുക്കാന്‍ നിരവധി ചിത്രങ്ങളുണ്ട് നമുക്ക്. സിദ്ധാര്‍ത്ഥ് ശിവ കഥയും തിരക്കഥയുമെഴുതിയ സഖാവ് എന്ന ചിത്രമാണ് ഈ ഗണത്തില്‍ അവസാനമായി പുറത്തിറങ്ങിയത്. പടം പുറത്തിറങ്ങും മുമ്പ് തന്നെ സഖാവിന് വന്‍ പ്രചാരവും ലഭിച്ചു. യുവാക്കള്‍ ചിത്രത്തിന്റെ ട്രെയിലര്‍ ഹൃദയത്തില്‍ ചേര്‍ത്തുവച്ചു. സിനിമ പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ വലിയ തെറ്റില്ലാതെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സഖാവ് സിനിമ ചര്‍ച്ച ചെയ്യപ്പെടുന്നത് ഒരു കലാസൃഷ്ടി എന്ന നിലയില്‍ മാത്രമാണെന്ന് തോന്നുന്നില്ല. പാളിച്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ ആവോളം ഇതിലുണ്ട്. തിരക്കഥയുടെ കെട്ടുറപ്പില്ലായ്മ, കമ്മ്യൂണിസ്റ്റ് പാര്‍ടിയേയും ചരിത്രത്തേയും കമ്മ്യൂണിസ്റ്റുകാരേയും ആഴത്തില്‍ നിരീക്ഷിക്കാത്തതിന്റെ പൊരുത്തക്കേട്, ദുര്‍ബലമായ കഥാപശ്ചാത്തലം. എന്നിങ്ങനെ കുറ്റങ്ങള്‍ ഏറെ കണ്ടുപിടിക്കാന്‍ കഴിയും. എങ്കിലും കേരളത്തിലെ യുവാക്കള്‍, സഖാവ് എന്ന സിനിമയുടെ വരവ് കാത്തിരിക്കുകയായിരുന്നു എന്നത് (നേരത്തെ ഒരു മെക്സിക്കന്‍ അപാരതയും) ഏറെ പ്രതീക്ഷ തരുന്ന കാര്യമാണ്.

Advertisements

രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തോടും വര്‍ഗീയത-വിഭാഗീയത എന്നിങ്ങനെ മനുഷ്യനെ വിഭജിക്കുന്ന നിലപാടുകളോടുമുള്ള അടങ്ങാത്ത എതിര്‍പ്പ് യുവാക്കളുടെ ഈ ഇടതുപക്ഷമനസ്സിന് കാരണമാണെന്നു കാണാം. കമ്മ്യൂണിസ്റ്റുകാര്‍ എല്ലാ കാലത്തും തണല്‍മരങ്ങളാണെന്ന് അവര്‍ വിശ്വസിക്കുന്നു. അഭ്രപാളിയിലെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കമ്മ്യൂണിസ്റ്റുകാരായി കാണുമ്പോള്‍ അവര്‍ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുന്നു. നിവിന്‍പോളിയും ടൊവീനോ തോമസും മാത്രമല്ല മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ്ഗോപിയും എല്ലാം ഇത്തരത്തില്‍കൂടി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാകുന്നു. സഖാവ് എന്ന വാക്ക് അങ്ങിനെ രാഷ്ട്രീയം ഇല്ലാത്ത ക്യാമ്പസുകളില്‍ കൂടി പ്രിയപ്പെട്ട വിളിപ്പേരായി മാറുന്നു.

സഖാവ് കൃഷ്ണകുമാര്‍ എന്ന പുതിയ കാലത്തിന്റെ യുവ നേതാവിന്റേയും പാര്‍ടിയുടെ പഴയകാല നേതാവായ സഖാവ് കൃഷ്ണന്റേയും  കഥയാണ് ചിത്രം പറയുന്നത്. രണ്ടു കഥാപാത്രങ്ങളേയും തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നത് നിവിന്‍ പോളിയാണ്. എങ്ങിനെയെങ്കിലുമൊക്കെ എത്രയും വേഗം വലിയ നേതാവാകാനാണ് യുവാവായ കൃഷ്ണകുമാറിന്റെ ആഗ്രഹം. അതേസമയം ജീവിതത്തിന്റെ ഏറിയപങ്കും മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ച സഖാവ് കൃഷ്ണന്‍ ആശുപത്രികിടക്കയില്‍ ജീവനുവേണ്ടി മല്ലടിക്കുകയാണ്.

രക്തം കൊടുക്കാനായി ഇഷ്ടമില്ലാതെ ആശുപത്രിയില്‍ എത്തുന്ന കൃഷ്ണകുമാര്‍ സഖാവ് കൃഷ്ണന്റെ പോരാട്ട ജീവിതം പലരിലൂടെ മനസിലാക്കുന്നതും മാനസാന്തരപ്പെടുന്നതുമാണ് കഥ. സഖാവ് കൃഷ്ണന്റെ ജീവിതം മറ്റുളവര്‍ക്കുവേണ്ടി ഏതൊക്കെ തരത്തില്‍ ഉപയോഗപ്പെട്ടു എന്ന വലിയ തിരിച്ചറിവ് കൃഷ്ണകുമാറിന് ഉള്‍വെളിച്ചം നല്‍കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് പ്രണയം, മാനവികത, ആത്മാര്‍ഥത എന്നിവയെല്ലാം എത്രത്തോളം വിലപ്പെട്ടതാണ് എന്നും ആ ജീവിതം പഠിപ്പിക്കുന്നു. ഒടുവില്‍ കൃഷ്ണകുമാര്‍ എന്ന യുവാവ് തന്റെ വഴിയില്‍ ഒരു വലിയ പന്തത്തിന്റെ തീജ്വാലയായി പടരുന്നു. കമ്മ്യൂണിസം മനുഷ്യന് എന്താണ് എന്ന് ആ വെളിച്ചത്തില്‍ കൃഷ്ണകുമാര്‍ തിരിച്ചറിയുന്നു. അത് അയാളിലൂടെ പടര്‍ന്ന് ആയിരം പന്തങ്ങളുടെ വെളിച്ചമായി മാറുന്നു.

തിരക്കഥയിലെ പിഴവുകള്‍ ചിത്രത്തിനെ ഏറെ ബാധിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ചരിത്രത്തെയും കമ്മ്യൂണിസ്റ്റുകാരേയും കുറിച്ച് കുറേക്കൂടി ആഴത്തില്‍ പഠനം നടത്തിയിരുന്നെങ്കില്‍ മലയാള സിനിമയിലെ മറക്കാനാവാത്ത ഒരു ചിത്രമായി സഖാവ് മാറുമായിരുന്നു. കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന വികാരവിക്ഷോഭങ്ങള്‍ പലപ്പോഴും പ്രേക്ഷകരെ തൊടാതെ പോകുന്നു. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റുകാരുടെ ജീവിതം അടുത്തറിഞ്ഞവര്‍ക്കും കമ്മ്യൂണിസ്റ്റ് കുടുംബാംഗങ്ങള്‍ക്കും ഈ ചിത്രം അത്രത്തോളം ഹൃദയത്തില്‍ തട്ടണമെന്നില്ല. എങ്കിലും കമ്മ്യൂണിസ്റ്റുകാരെ താഴ്ത്തികാണിക്കാനോ തള്ളിപ്പറയാനോ ഈ സിനിമ ശ്രമിക്കുന്നില്ല എന്നത് വലിയ ആശ്വാസമാണ്.

ചിത്രത്തിന്റെ പശ്ചാത്തല സംഗീതം മികച്ചതെങ്കിലും മനസ്സില്‍  തട്ടുന്ന പാട്ടുകള്‍ ഇല്ലാതെ പോയത് സങ്കടകരമാണ്. പാട്ടെഴുത്തുകാരും പാടിയവരും ഏറെയുണ്ടായിട്ടും മുളിനടക്കാന്‍ ഒരു പാട്ട് സഖാവിന് സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല. ഇത്തരം സിനിമകളിലെ പാട്ടുകള്‍ എക്കാലവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഛായാഗ്രഹണം നിര്‍വഹിച്ച ജോര്‍ജ് സി വില്യംസ് അഭിനന്ദനമര്‍ഹിക്കുന്നു, പറയാന്‍ കുറ്റങ്ങളൊന്നുമില്ല. നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലേതെന്ന് നിസ്സംശയം പറയാം. കുറച്ചു നേരമാണ് ഉള്ളതെങ്കിലും ബൈജുവിന്റെ കഥാപാത്രം കൈയടി നേടി. ശ്രീനിവാസന്‍, സുധീഷ്, അല്‍ത്താഫ്, സന്തോഷ് കീഴാറ്റൂര്‍, പ്രേംകുമാര്‍, മുസ്ഥഫ, പ്രൊഫ. അലിയാര്‍, അപര്‍ണഗോപിനാഥ്, ഐശ്വര്യ രാജേഷ്, ഗായത്രി സുരേഷ് എന്നിവരെല്ലാം തങ്ങളുടെ ഭാഗം നന്നായി കൈകാര്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *