KOYILANDY DIARY

The Perfect News Portal

മുതല്‍മുടക്ക് 1000 കോടി: എം.ടി. വാസുദേവന്‍നായരുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ വരുന്നു

ലോക സിനിമയെത്തന്നെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയില്‍ ഇന്നേവരെയുണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായി എം.ടി. വാസുദേവന്‍നായരുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ വരുന്നു. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ചിത്രം പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍. ഷെട്ടിയാണ് ആയിരം കോടി രൂപ(150 മില്യണ്‍ യു.എസ്. ഡോളര്‍) മുതല്‍ മുടക്കി നിര്‍മിക്കുന്നത്.

യാഥാര്‍ഥ്യമായാല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാവും ഇത്. എം.ടി.യുടെ തന്നെ തിരക്കഥയില്‍ പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രം അണിയിച്ചൊരുക്കുക. രണ്ടുവര്‍ഷമായി ചിത്രത്തിന്റെ തിരക്കഥ പഠിക്കുന്നതിന്റെയും ഗവേഷണങ്ങളുടെയും തിരക്കിലാണ് വി.എ.ശ്രീകുമാര്‍ മേനോന്‍.

രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം സെപ്റ്റംബറില്‍ തുടങ്ങും. 2020ല്‍ ആണ് റിലീസ്. ആദ്യഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാം ഭാഗം പ്രേക്ഷകരിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും. മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്യാനും പദ്ധതിയുണ്ട്.

Advertisements

ഇന്ത്യയിലെ വിവിധ ഭാഷകളില്‍നിന്നുള്ള മുന്‍നിര അഭിനേതാക്കള്‍ക്കു പുറമേ ചില ഹോളിവുഡ് വമ്പന്മാരും ഇതില്‍ മോഹന്‍ലാലിനൊപ്പം അണിനിരക്കും. അന്താരാഷ്ട്ര പ്രശസ്തരായ കാസ്റ്റിങ് കമ്പനിയുടെ നേതൃത്വത്തില്‍ താരനിര്‍ണയം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ഏറ്റവും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരാണ് ഈ സിനിമയ്ക്കുവേണ്ടി കൈകോര്‍ക്കുന്നത്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ പ്രമുഖരുടെ ഒരു നിര തന്നെ അണിയറയിലുണ്ടാകും. ലോകസിനിമയ്ക്ക് വിസ്മയമാകുന്ന വി.എഫ്.എക്‌സിന്റെയും സ്റ്റണ്ട് കൊറിയോഗ്രഫിയുടെയും കാഴ്ചകളാകും മഹാഭാരതം സമ്മാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *