KOYILANDY DIARY

The Perfect News Portal

ക്രിസ്മസ്ന് പിടിയും കോഴിക്കറിയും.

ഇത്തവണ ക്രിസ്തുമസ്സിന് ഒരു സ്പെഷ്യല്‍ വിഭവമായാലോ? പണ്ട് കാലങ്ങളില്‍ ക്രിസ്ത്യന്‍ തറവാടുകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായിരുന്നു പിടിയും കോഴിക്കറിയും… പഴമയുടെ ആ പുതു രുചിയിലേക്ക് നമുക്കൊന്ന് വീണ്ടും പോയാലോ?

ആദ്യം നമുക്ക് പിടി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിന് വേണ്ടത് വറുത്ത അരിപ്പൊടിയാണ്.(അപ്പത്തിന്റെയോ പുട്ടിന്റെയോ അരിപ്പത്തിരിയുടെയോ ഇടിയപ്പത്തിന്റെയോ മാവ് ഉപയോഗിക്കാം.)

പിടിക്ക് ആവശ്യമായ ചേരുവകള്‍

Advertisements

വറുത്ത അരിപ്പൊടി – ഒരു ഗ്ളാസ്സ്
തിളപ്പിച്ച വെള്ളം – രണ്ട് ഗ്ളാസ്സ്
തിരുമ്മിയതേങ്ങ – ഒരു മുറി
ചെറിയ ഉള്ളി – അഞ്ച് എണ്ണം
ജീരകം – അര ടീ.

സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്
തേങ്ങാപ്പാല്‍ – ഒരു ഗ്ളാസ്സ്

പിടി എങ്ങനെയാണു് തയ്യാറാക്കുന്നതെന്ന് നമുക്ക് നോക്കാം. ആദ്യമായി ചെയ്യേണ്ടത് തിരുമ്മിയ തേങ്ങ, ജീരകം, ചെറിയ ഉള്ളി ചേര്‍ത്ത് നന്നായി ഒന്ന് ചതച്ച്‌ എടുക്കണം. അല്പം വെള്ളം ചേര്‍ക്കാം. ഒരു പാട് അരഞ്ഞ് പോകരുത്. എന്നാല്‍ തോരന് ചതയ്ക്കുന്നതിനെക്കാള്‍ അല്പം കൂടി അരയണം.

അടുത്തതായി മാവ് തിളച്ച വെള്ളത്തില്‍ വാട്ടിയെടുക്കല്‍ ആണ്. (അരിപ്പത്തിരിക്ക് വാട്ടുന്നതു പോലെ ) ഒരു ഗ്ളാസ്സ് മാവിന് രണ്ട് ഗ്ളാസ്സ് വെള്ളം എന്നാണ് കണക്ക്.

വെള്ളം വെട്ടിത്തിളയ്ക്കുമ്ബോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ക്കണം.അതിലേക്ക് തേങ്ങ ചതച്ച മിശ്രിതം ചേര്‍ക്കണം. ഒന്ന് തിളയ്ക്കുമ്ബോള്‍ മാവ് ചേര്‍ത്ത് ചെറിയ തീയില്‍ ഇളയ്ക്കുക. പത്തിരിയുടെ പരുവത്തില്‍. ചെറിയ ചൂടോടെ ഒരു പാത്രത്തിലേക്ക് പകര്‍ന്ന് നല്ല മയം ആകുന്നതു വരെ കുഴയ്ക്കുക. അതിനു ശേഷം ചെറിയ നെല്ലിക്ക വലിപ്പത്തില്‍ ഉള്ള ഉരുളകളാക്കുക. ഇതിനെയാണ് പിടി എന്ന് പറയുന്നത്.

അടുത്തതായി പിടിയെ ഒന്ന് വേവിച്ചെടുക്കണം. ഒരു പാത്രത്തില്‍ പിടി മുങ്ങിക്കിടക്കാന്‍ ആവശ്യമായ വെള്ളം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക. നന്നായി വെട്ടിത്തിളയ്ക്കുമ്ബോള്‍ ഉരുളകള്‍ ( പിടി) ഇട്ട് കൊടുക്കുക. പത്ത് മിനിട്ടിന് ശേഷം തേങ്ങാപ്പാല്‍ ചേര്‍ക്കണം. നന്നായി തിളയ്ക്കുമ്ബോള്‍ ഒരു സ്പൂണ്‍ അരിപ്പൊടി ഒരു സ്പൂണ്‍ വെള്ളത്തില്‍ കലക്കി ഒഴിച്ചു കൊടുക്കുക. തീ വേഗം ഓഫ് ചെയ്യുക. അല്ലങ്കില്‍ ഒരു പാട് കുറുകി പോകും…

ഇനി കോഴിക്കറി തയ്യാറാക്കാം

പിടിക്ക് പറ്റിയ കോഴിക്കറി തേങ്ങ വറുത്തരച്ച നാടന്‍ സ്റ്റൈല്‍ കോഴിക്കറി തന്നെയാണ്. നാടന്‍ കോഴി കിട്ടിയാല്‍ അത്രയും നല്ലത്. ഇവിടെ ബ്രോയ്ലര്‍ ചിക്കന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

നാടന്‍ സ്റ്റൈല്‍ കോഴിക്കറി തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍

ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കിയത് – ഇരുന്നൂറ്റി അമ്ബത് ഗ്രാം
ചെറിയ ഉള്ളി കനം കുറച്ച്‌ നീളത്തില്‍ അരിഞ്ഞത് – ഇരുന്നൂറ്റി അമ്ബത് ഗ്രാം
ഇഞ്ചി – ഒരു വലിയ കഷണം
വെളുത്തുള്ളി – അഞ്ച് അല്ലി
പച്ചമുളക് – രണ്ട് എണ്ണം
കറിവേപ്പില – മൂന്ന് കതിര്‍പ്പ്
മുളകുപൊടി – ഒന്നര ടേബിള്‍ സ്പൂണ്‍
മല്ലിപൊടി ഒരു ടേബിള്‍ – സ്പൂണ്‍
മഞ്ഞള്‍ പൊടി – അര ടീ സ്പൂണ്‍
ഗരം മസാല – ഒരു ടീസ്പൂണ്‍ ( വീട്ടില്‍ തയ്യാറാക്കിയാല്‍ രുചി കൂടും)
ഉപ്പ് – ആവശ്യത്തിന്
തേങ്ങ വറുത്തത് – അര കപ്പ്

ചിക്കനില്‍ പുരട്ടാനുള്ള മസാലകള്‍ ഒരു ചെറിയ കഷണം ഇഞ്ചി, മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചത്, ഉപ്പ് ആവശ്യത്തിന്, അര ടീ സ്പൂണ്‍ മഞ്ഞള്‍ പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മുളകുപൊടി, അര ടീ സ്പൂണ്‍ കുരുമുളകുപൊടി, അര ടീ സ്പൂണ്‍ ഗരം മസാല പൊടി ഇവയെല്ലാം ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ മാരിനേറ്റ് ചെയ്യുക.

ചിക്കന്‍ തയ്യാറാക്കാന്‍ തുടങ്ങാം. മണ്‍ചട്ടിയിലാണ് തയ്യാറാക്കുന്നത്. ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കുക. ചൂടാക്കുമ്ബോള്‍ ഒരു ടീ. സ്പൂണ്‍ കടുക്, രണ്ട് വറ്റല്‍മുളക്, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പച്ചമുളക് നെടുകെ കീറിയത് ചേര്‍ത്ത് വഴറ്റുക. പച്ചമണം മാറുമ്ബോള്‍ ചെറിയ ഉള്ളി അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റുക. കുറച്ച്‌ ഉപ്പ് ചേര്‍ത്ത് കൊടുത്താല്‍ വേഗം വഴന്നു കിട്ടും.

ചെറിയ തീയില്‍ അടച്ച്‌ വെച്ച്‌ കുക്ക് ചെയ്യുക.ഉള്ളി നല്ല വെന്ത് ഉടയണം. നല്ല കുഴമ്ബ് പരുവമാകുമ്ബോള്‍ മാത്രമെ മസാലകള്‍ ചേര്‍ക്കാവൂ. ഇനി പൊടികള്‍ എല്ലാം ഒന്നൊന്നായി ചേര്‍ത്ത് കൊടുക്കാം.

ഉള്ളി കുക്ക് ചെയ്യുന്ന സമയത്ത് മറ്റൊരു പാത്രത്തില്‍ ചിക്കന്‍ കുക്ക് ചെയ്യണം.അതിനും ഒരു പാത്രത്തില്‍ ഒരു ടേബിള്‍ എണ്ണയൊഴിച്ച്‌ ചൂടാകുമ്ബോള്‍ മസാല പുരട്ടിയ ചിക്കന്‍ കഷണങ്ങള്‍ ചേര്‍ക്കുക. നന്നായി ഇളക്കി കൊടുക്കണം. പത്ത് മിനിട്ടിനു ശേഷം അടച്ച്‌ വെച്ച്‌ ചെറിയ തീയില്‍ വേവിക്കാം.

ചിക്കന്റെ എണ്ണയൊക്കെ ഊറി വെന്ത് വരും. ഇനി ഈ ചിക്കനെ ഉള്ളി മിശ്രിതത്തിലേക്ക് ചേര്‍ത്ത് ഇളക്കി കൊടുക്കുക.വെള്ളം പോരാ എന്ന് തോന്നിയാല്‍ അരകപ്പ് വെള്ളം ചേര്‍ക്കാം. അടുത്തതായി വറുത്ത തേങ്ങ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നല്ല മഷിപോലെ അരച്ചെടുക്കണം. അരപ്പിനെ ചിക്കനിലേക്ക് ചേര്‍ക്കാം. ചെറിയ തീയില്‍ കുറച്ച്‌ സമയം കൂടി കുക്ക് ചെയ്യാം. അതായത് എണ്ണ തെളിയുന്ന പാകം.നമ്മുടെ ചിക്കന്‍ കറിയും റെഡിയായിട്ടുണ്ട്.

അപ്പോള്‍ ഇത് കഴിക്കേണ്ട വിധം കൂടി പറയാം. ഒരു പ്ളേറ്റില്‍ ആദ്യം കുറച്ച്‌ പിടി എടുക്കുക. പിടിയും അതിന്റെ ഗ്രേവിയും ചേര്‍ത്ത് വേണം എടുക്കാന്‍ .അതിലേക്ക് കോഴിക്കറി ഒഴിക്കുക. രണ്ടും കൂടെ ചേര്‍ത്ത് വേണം കഴിക്കാന്‍ .ചൂടോടെ കഴിക്കാന്‍ നല്ല ടേസ്റ്റ് ആയിരിക്കു.

Leave a Reply

Your email address will not be published. Required fields are marked *