KOYILANDY DIARY

The Perfect News Portal

ക്രിസ്തുമസിന് സ്വാദൂറും ബ്ലാക് ഫോറസ്റ്റ് കേക്ക്

ക്രിസ്തുമസ് ഇതാ അടുത്തെത്താറായി. ഇനി കേക്കുകളുടെയും പേസ്ട്രീകളുടെയും കുക്കീസുകളുടെയും സമയമാണ്. അപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ ഇത്തവണ ക്രിസ്തുമസ് അപ്പുപ്പനെ വരവേല്‍ക്കാന്‍ ഉദ്ദേശിക്കുന്നത്? അത് നല്ല രുചികരവും മനോഹരവുമായ ബ്ലാക്ക് ഫോറസ്റ്റ് കേക്കുകൊണ്ടാണെങ്കില്‍ എങ്ങനെയുണ്ടാവും? ഓര്‍ക്കുമ്ബോള്‍ തന്നെ വായില്‍ വെള്ളമൂറുന്നു..അല്ലെ? ക്രിസ്തുമസ് അപ്പുപ്പനെ സ്വീകരിക്കാനും, നിങ്ങളുടെ കുട്ടികളെ അവരുടെ പിന്നാളിന് സന്തോഷിപ്പിക്കാനുമെല്ലാം ഈ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം.

അത് തീര്‍ച്ചയായും നിങ്ങളുടെ കുട്ടികളെ ഒരുപാട് സന്തോഷിപ്പിക്കും, അത് അവര്‍ കൂട്ടുകാരുമായി പങ്കുവയ്ക്കുകയും ചെയ്യും.

പക്ഷെ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് അങ്ങനെ എളുപ്പത്തിലൊക്കെ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ സാധിക്കുമോ എന്നായിരിക്കുമല്ലേ നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത്

എന്നാല്‍ അക്കാര്യത്തില്‍ ഇനി സംശയമേ വേണ്ട!

Advertisements

ഞങ്ങളുണ്ട് നിങ്ങളുടെ സഹായത്തിനായി. ബ്ലാക്ക് ഫോറസ്റ്റ് കേക്ക് എങ്ങനെ എളുപ്പത്തില്‍ തയ്യാറാക്കുമെന്ന് നമുക്ക് നോക്കാം.

ഇതാ.. ബ്ലാക്ക് ഫോറസ്റ്റ് വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കേണ്ട വിധവും അതിനു വേണ്ട ചേരുവകളും :

ചേരുവകള്‍

കേക്കിന് വേണ്ടി

1. ചോക്കലേറ്റ് കേക്ക് – 1

2. വിപ്പ്ഡ് ക്രീം – 4 കപ്പ്

3. കാന്‍ഡ് ചെറി – 16 (പകുതിക്ക് വച്ച്‌ മുറിച്ചത്)

പഞ്ചസാര ലായനിക്ക് വേണ്ടി

4. പഞ്ചസാര – ½ കപ്പ്

5. വെള്ളം – ¾ കപ്പ്

അലങ്കരിക്കാന്‍

6. ചോക്കലേറ്റ് ചുരണ്ടിയത് – 1¼ കപ്പ്

7. കാന്‍ഡ് ചെറി – 10 (മുഴുവനായിട്ടുള്ളത്)

ഒരു ചോക്കലേറ്റ് കേക്ക് വാങ്ങുക. മുട്ട വേണ്ടാത്തവര്‍ക്കായി അത് ചേര്‍ക്കാത്ത കേക്കുകളും ലഭ്യമാണ്. കേക്ക് 3 അടുക്കുകളായി മുറിക്കുക. അതിനുശേഷം കേക്ക് മുക്കിവയ്ക്കുവാനായി പഞ്ചസാര ലായനി ഉണ്ടാക്കുക. അതിനായി ഒരു പാത്രം അടുപ്പില്‍ വച്ച്‌ ചൂടാക്കി വെള്ളവും പഞ്ചസാരയും ചേര്‍ത്ത് പഞ്ചസാര വെള്ളത്തില്‍ അലിയുന്നത് വരെ നന്നായി ഇളക്കുക.

രുചി കൂട്ടുവാനായി ബ്രാണ്ടി, റം പോലെയുള്ള മദ്യങ്ങളും ചേര്‍ക്കാവുന്നതാണ്. ഈ ലായനി തിളച്ചതിനു ശേഷം അടുപ്പില്‍ നിന്ന് വാങ്ങിവച്ച്‌ ചൂടാറുവാനായി മാറ്റി വയ്ക്കുക. ഒപ്പം, ഒരു വലിയ പാത്രമെടുത്ത് വിപ്പ്ഡ് ക്രീം ഇട്ട് നന്നായി പതഞ്ഞു പൊന്തുന്നത് വരെ അടിക്കുക.

ഒരു കേക്ക് സ്റ്റാന്‍ഡ് എടുത്ത് ഒരു അടുക്ക് കേക്ക് അതിനു മുകളില്‍ വയ്ക്കുക. അതില്‍ പഞ്ചസാര ലായനി ചേര്‍ത്തതിന് ശേഷം പതപ്പിച്ച്‌ വച്ചിരിക്കുന്ന വിപ്പ്ഡ് ക്രീം നല്ല കട്ടിയില്‍ പുരട്ടുക.

കേക്കിന്‍റെ ഓരോ അടുക്കിലും കട്ടിയോടെ ക്രീം പുരട്ടണം. അതോടൊപ്പം ഓരോ അടുക്ക് കേക്കിലും ചെറി, മുഴുവനായോ പകുതിക്ക് മുറിച്ച രീതിയിലോ ചേര്‍ക്കണം.

ആദ്യത്തെ അടുക്കിന്‍റെ മുകളില്‍ രണ്ടാമത്തെ അടുക്ക് വയ്ക്കുക. അതിന് ശേഷം നേരത്തെ ചെയ്തത് ആവര്‍ത്തിക്കുക. അങ്ങനെ നാല് അടുക്കുകളും മേല്‍ക്കുമേല്‍ വച്ചതിനുശേഷം അത് മുഴുവന്‍ ക്രീം വച്ച്‌ മൂടി ശ്രദ്ധയോടെ വശങ്ങളും അതിരുകളുമെല്ലാം ഒരേ നിരപ്പിലാക്കുക. അതിനുശേഷം ചുരണ്ടി വച്ചിരിക്കുന്ന ചോക്കലേറ്റും ചെറിയും വച്ച്‌ കേക്കിന് മുകള്‍ വശം അലങ്കരിക്കുക.

കേക്കിന്‍റെ വശങ്ങളിലും ചുരണ്ടിയ ചോക്കലേറ്റ് വച്ചുപിടിപ്പിക്കാന്‍ മറക്കരുത്. അങ്ങനെ നിങ്ങളുടെ വീട്ടിലുണ്ടാക്കിയ സ്വാദിഷ്ടമായ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് തയാറായി.

 

 

Leave a Reply

Your email address will not be published. Required fields are marked *