KOYILANDY DIARY

The Perfect News Portal

അരിമുറുക്ക് വീട്ടിലുണ്ടാക്കിയാലോ

പലഹാരങ്ങള്‍ പലതും അങ്ങനെയാണ് അവയൊക്കെ കടയില്‍ മാത്രം വാങ്ങാന്‍ കിട്ടുന്ന സാധനങ്ങളാണ് എന്നൊരു മിഥ്യാധാരണയുണ്ട് നമുക്കൊക്കെ. എന്നാല്‍ അവയില്‍ ഭൂരിപക്ഷവും നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നവയാണ്. അങ്ങനെയൊരു പലഹാരമാണ് മുറുക്ക്. അരിമുറുക്ക് ഉണ്ടാക്കുന്ന വിധമാണ് ഇവിടെ വിവരിച്ചിരിക്കുന്നത്.

ചേരുവകള്‍
2 കപ്പ് അരി
1 കപ്പ് ഉഴുന്ന്
1 നുള്ള് കായം
1 ടീസ്പൂണ്‍ ജീരകം
1 കപ്പ് തേങ്ങാപ്പാല്‍ (ഒന്നാം പാല്‍)
ആവശ്യത്തിന് വെളിച്ചെണ്ണ
ആവശ്യത്തിന് ഉപ്പ്

തയ്യാറാക്കുന്ന വിധം
അരി 2 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ശേഷം ആവശ്യത്തിനു തേങ്ങാപ്പാല്‍ കൂടി ചേര്‍ത്ത് അരച്ചെടുക്കുക (കല്ലില്‍ അരച്ചാല്‍ സ്വാദ് കൂടും). അടുത്തതായി ഉഴുന്ന് വറത്തു പൊടിച്ചെടുക്കുക.

Advertisements

ഇനി, അരച്ചെടുത്ത മാവിലേക്ക് ഉഴുന്ന് പൊടിച്ചത്, കായം, ജീരകം, ഉപ്പ്, ബാക്കിയുള്ള തേങ്ങാപ്പാല്‍ ഇവയെല്ലാം ചേര്‍ത്ത് കുഴച്ചെടുക്കുക (ഇടിയപ്പത്തിന് കുഴയ്ക്കുന്ന പരുവത്തില്‍ കുഴച്ചെടുക്കുക).

ഇനിയാണ് പ്രധാനഭാഗം… നക്ഷത്രത്തിന്റെ ആകൃതിയില്‍ ഒരു സുഷിരം മാത്രമുള്ള അച്ചാണ് മുറുക്കിന് ഉപയോഗിക്കുന്നത്. ഇനി സേവ നാഴിയില്‍ മുറുക്കിന്റെ അച്ച്‌ ഇട്ട് അല്‍പം എണ്ണ പുരട്ടി മാവു നിറയ്ക്കുക.

മാവ് നിറച്ചു വച്ചിരിക്കുന്ന സേവ നാഴി കോട്ടണ്‍ വെള്ളത്തുണിയുടെ മുകളില്‍ വട്ടത്തില്‍ മൂന്നോ അഞ്ചോ ചുറ്റ് പിഴിഞ്ഞെടുക്കുക. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച്‌ ചുറ്റുകള്‍ കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം. വട്ടത്തില്‍ ചുറ്റിയ്ക്കുന്നതിനു പകരം നീളത്തില്‍ മുറിച്ച്‌ വിട്ടാല്‍ നീളത്തിലുള്ള മുറുക്കായും വറുത്തു കോരാം.

അടുത്തതായി ഒരു പാനില്‍ മുറുക്ക് മുങ്ങിക്കിടക്കാന്‍ പാകത്തില്‍ എണ്ണയൊഴിച്ച്‌ ചൂടാക്കുക. എണ്ണ ചൂടാകുമ്ബോള്‍ ചുറ്റിച്ചു വെച്ചിരിക്കുന്ന മുറുക്ക് എണ്ണയിലേക്കിട്ട് വറുത്തു കോരുക. മാവു കുഴയ്ക്കുമ്ബോള്‍ 2 സ്പൂണ്‍ വെണ്ണ കൂടി ചേര്‍ത്താല്‍ മുറുക്കിന് സ്വാദു കൂടും.

Leave a Reply

Your email address will not be published. Required fields are marked *