KOYILANDY DIARY

The Perfect News Portal

ഋഷികേശ് യാത്രയേക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

യോഗയുടെ ജന്മസ്ഥലം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. യോഗചെയ്യാനും ധ്യാനിക്കാനും ഹിന്ദുമതത്തേക്കുറിച്ച്‌ അറിയാനുമൊക്കെ ധാരാളം വിദേശികള്‍ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ് ഉത്തരാഖണ്ഡിലെ ഋഷികേശ്.

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്ന് അധികം അകലെയല്ലാതെ മൂന്ന് ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട് ഗംഗാ നദിയുടെ കരയിലാണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്. ഋഷികേശ് എന്ന ടൗണിന്റെ ഓരോ മുക്കും മൂലയും പരിപാവനമാണെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. ഇവിടെയിരുന്ന് ധ്യാനം ചെയ്താല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.

നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളും യോഗ കേന്ദ്രങ്ങളും നിറഞ്ഞതാണ് ഋഷികേശ്. ആയിരക്കണക്കിന് സഞ്ചാരികള്‍ ദിവസേന വന്നുപോയിക്കൊണ്ടിരിക്കുന്ന സ്ഥലമാണെങ്കിലും ഋഷികേശിന് അതിന്റെ പഴയ പ്രസരിപ്പും പ്രൗഢിയും ഇനിയു നഷ്ടമായിട്ടില്ല. ശാന്തിയും സമാധാനവും തേടിയെത്തുന്ന സഞ്ചാരികള്‍ക്കുള്ള അഭയകേന്ദ്രമാണ് ഋഷികേശ്.

Advertisements

എത്തിച്ചേരാന്‍

35 കിലോമീറ്റര്‍ അകലെയുള്ള ഡെറാഡൂണ്‍ ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഹരിദ്വാറില്‍ നിന്ന് റോഡ് മാര്‍ഗം ഋഷികേശില്‍ എത്തുന്നതാണ് ഏറ്റവും ചെലവ് കുറഞ്ഞ യാത്ര.

പോകാന്‍ പറ്റിയ സമയം

മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളിലും സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലുമാണ് ഋഷികേശ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. മെയ്, ജൂണ്‍ മാസങ്ങളില്‍ ചൂട് അനുഭവപ്പെടാറുള്ള ഋഷികേശില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് മഴക്കാലം. മഴക്കാലത്ത് ഋഷികേശിലേക്ക് യാത്രപോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ തണുപ്പുകാലം. ഈ സമയത്ത് യാത്ര ചെയ്യുന്നവര്‍ കമ്ബിളി വസ്ത്രങ്ങള്‍ കയ്യില്‍ കരുതിയിരിക്കണം. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്.

ഋഷികേശില്‍ എത്തിയാല്‍

ഋഷികേശ് എന്ന പുണ്യസ്ഥലത്തൂടെ ഒന്ന് നടക്കാം. ഋഷികേശിലെ ലക്ഷ്മണ്‍ ജൂള്‍, രാം ജൂണ്‍ എന്നീ തൂക്കുപാലങ്ങളില്‍ കയറി ഗംഗയ്ക്ക് കുറുകെ നടക്കാം. പാലത്തില്‍ നിന്ന് കാണാവുന്ന ഋഷികേശ് ടൗണിന്റെ കാഴ്ച പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

റാംജൂളയ്ക്ക് സമീപത്ത് നിന്ന് ഗംഗാ നദിയിലൂടെ ബോട്ട് സവാരി നടത്താന്‍ സഞ്ചാരികള്‍ക്ക് അവസരമുണ്ട്. എല്ലാ ദിവസവും വൈകുന്നേരം പരമാര്‍ത്ഥ് ആശ്രമത്തിന്റെ മുന്നില്‍ ഗംഗാ നദിയുടെ തീരത്ത് ഗംഗാ ആരതി നടക്കപ്പെടാറുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ആണ് ഈ സമയം ഇവിടെ തടിച്ചുകൂടാറുള്ളത്. ട്രെക്കിംഗിലും റാഫ്റ്റിംഗിലും താല്‍പ്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരവും ഇവിടെ ലഭ്യമാണ്.

യോഗയും ആശ്രമങ്ങളും

ലോകത്തില്‍ തന്നെ യോഗയ്ക്ക് പേരുകേട്ട സ്ഥലമാണ് ഋഷികേശ്. വിവിധ തരത്തിലുള്ള യോഗ പരിശീലിപ്പിക്കുന്ന നിരവധി ആശ്രമങ്ങളും യോഗ കേന്ദ്രങ്ങളും ഇവിടെ കാണാം.

ആഘോഷങ്ങള്‍

അന്തര്‍ദേശീയ യോഗ ഫെസ്റ്റിവല്‍ ആണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്ന്. എല്ലാ വര്‍ഷവും മാര്‍ച്ച്‌ മാസത്തിലാണ് ഇവിടെ യോഗ ആഘോഷം നടത്തപ്പെടുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *