KOYILANDY DIARY

The Perfect News Portal

കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ ഭേദഗതി നിയമത്തോട് യോജിക്കാനാവില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട് : തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ ഭേദഗതി നിയമത്തോട് യോജിക്കാനാവില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ജില്ലാ ലോറി ട്രാസ്പോര്‍ട്ട് ഏജന്‍സീസ് യൂണിയന്‍ (സിഐടിയു) വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തൊഴില്‍ നിയമം ഭേദഗതി ചെയ്യുന്നതിലൂടെ തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ജോലിസമയം വര്‍ധിപ്പിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ തൊഴില്‍നിയമം. ഇഎസ്ഐ പോലുള്ള ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് അനുകൂലമായി മാറ്റാന്‍ കഴിയണം. മിനിമം കൂലിയിലും മാറ്റം വരുത്തണം.

തൊഴിലാളി പക്ഷപാതിത്വമുള്ള സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത്. തൊഴിലാളികള്‍ക്ക് അനുയോജ്യമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പെന്‍ഷന്‍ വര്‍ധിപ്പിക്കാനും തീരുമാനമായി. വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നല്‍കുമെന്നും തീരുമാനമായി. വര്‍ഗബോധം ഉയര്‍ത്തുന്ന തൊഴിലാളികള്‍ നാടിനെ ലഹരിവിമുക്തമാക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

Advertisements

എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ലോറി ട്രാസ്പോര്‍ട്ട് ഏജന്‍സീസ് യൂണിയന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റ് വി വേണുഗോപാലന്‍ അധ്യക്ഷനായി. കുടുംബസംരക്ഷണ ഫണ്ട് സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി ദാസന്‍ വിതരണം ചെയ്തു. അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി–സിബിഎസ്സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് വി കെ സി മമ്മദ്കോയ എംഎല്‍എ സമ്മാനങ്ങള്‍ നല്‍കി.

ടി പി സുധീര്‍ബാബു രക്തസാക്ഷി പ്രമേയവും പി മുഹമ്മദ് റഫീഖ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി എന്‍ വി ബഷീര്‍ റിപ്പോര്‍ട്ടും സി പി ഫസലുല്‍റഹ്മാന്‍ വരവ്ചെലവ് കണക്കും അവതരിപ്പിച്ചു. എം പി മൊയ്തീന്‍കോയ സ്വാഗതവും പി ആലിക്കോയ നന്ദിയും പറഞ്ഞു.