KOYILANDY DIARY

The Perfect News Portal

ഉഡ്താ പഞ്ചാബ്: മയക്കത്തിലേക്ക്  പറക്കുന്ന പ(ഗ)ഞ്ചാബ് !!

അഞ്ചു നദികളൊഴുകുന്ന ഒരു നാടിന്റെയും, ശാന്തിയും കരുണയും ഹൃദയമതമാക്കിയ ഗുരുനാനാക്കിന്റെയും ഗൃഹാതുരത്വമാർന്ന പഴയ  കഥയല്ല ഉഡ്താ പഞ്ചാബ് .പേര് സൂചിപ്പിക്കുന്നതുപോലെ മയക്കു മരുന്നു ലഹരിയിൽ  ചിറകുവിരിച്ച് പറക്കുന്ന വർത്തമാന പഞ്ചാബിന്റെ സ്തോഭജനകമായ ജീവിതത്തിന്റെ മുഖാമുഖ കാഴ്ചയാണ് അഭിഷേക് ചൗബേയുടെ “പറക്കുന്ന പഞ്ചാബ് ” അഥവാ ഉഡ്താ പഞ്ചാബ് ദൃശ്യവത്കരിക്കുന്നത്. പഞ്ചാബികൾ ഒരു തോറ്റ ജനതയാണെന്ന ഏററ്റുപറച്ചിൽ  പ്രേക്ഷക മനസ്സിനെ പിടിച്ചുലയ്ക്കും വിധം അസ്വസ്ഥതപ്പെടുത്തുന്ന അഭിഷേക് ചൗബേയുടെ ഈ ചിത്രം ബോളിവുഡ് സിനിമയുടെ ജനപ്രിയ ധാരയിൽനിന്നുള്ള മാരകമായ വഴിമാറ്റം കൂടിയാണെന്ന് ആഹ്ളാദപ്പെടട്ടെ. മാത്രനേരങ്ങളിലെ സുഖാനുഭൂതിക്കും, ആഘോഷത്തിന്റെ കൂട്ടും കൂട്ടായ്മയും പൊലിപ്പിക്കാനുള്ള ‘സ്റ്റെഫി’നുമപ്പുറം ഒരു ദേശത്തെ ജനതയുടെ, വിശിഷ്യാ യുവത്വത്തിന്റെ വിശപ്പും ദാഹവും ജീവനോപാധിയുമായി വരെ “കറുപ്പുതീററ” മാറിപ്പോയതിന്റെ രാഷ്ട്രീയം സൂക്ഷ്മാർത്ഥത്തിൽ നിർഭയമായി അനാവരണം ചെയ്യുന്നുവെന്ന “ധിക്കാരം” തന്നെയാണ് ഈ ചിത്രത്തിനെതിരെ പരിവാർ സ്പോൺസേർഡ് സെൻസർ ബോർഡ് ഇത്രമാത്രം ഹാലിളകിയതെന്ന് ചിത്രം കാണുന്ന പ്രേക്ഷകന് ബോധ്യപ്പെടുന്നുണ്ട്.

മയക്ക് മരുന്നിനെതിരെയുള്ള സമരം വ്യവസ്ഥിതിയ്ക്കും  സ്റേററ്റിനുമെതിരെയുള്ള സമരം കൂടിയാണെന്ന “തുറന്നു പറച്ചിൽ ” ടോളറേറ്റ് ചെയ്യാനുള്ള ജനാധിപത്യ വികാസമൊന്നും  നിലവിലുള്ള ദേശ- രാഷട്ര ഭരണകൂടത്തിനും താങ്ങാനാവില്ലായെന്ന് ചിത്രത്തിനെതിരെ വന്ന ബഹുവിധമായ വിമർശനങ്ങൾ ശരിവെക്കുന്നുണ്ട്. ആന്റി – ഹിസ്റ്റമിൻ ഗുളികയും വേദനസംഹാരി ഗുളികയും ചേർത്ത മിശ്രിതം മുതൽ കഞ്ചാവും, ഒപ്പിയം വരെ അപായപ്പെടുന്ന മയക്കുമരുന്നിന്റെ സമാന്തര സാമ്രാജ്യത്തെ താങ്ങി നിർത്തുന്ന പ്രധാനപ്പെട്ട കണ്ണി പഞ്ചാബിലെ ഭരണകൂടവും , രാഷ്ട്രീയ പുംഗവന്മാരുമാണെന്ന സത്യം “രാജാവ് നഗ്നനാ”ണെന്ന മട്ടിൽ ഉഡ്താ പഞ്ചാബ് നിർഭയം വിളിച്ചു പറയുന്നു. നീണ്ട രക്തചൊരിച്ചൽ വേണ്ടി വന്ന ഖാലിസ്ഥാൻ സ്വയം നിർണയവകാശ പ്രക്ഷോഭങ്ങളുടെ ബാക്കിപത്രമായ  ഇനിയും ഉറങ്ങാത്ത പരിക്കുകൾ അതിജീവിക്കാൻ ശ്രമിക്കുന്ന പഞ്ചാബ് ജനതയുടെ പുതിയ കാലത്തെ ആഭ്യന്തര പ്രശ്നമായി  മയക്കുമരുന്ന് മാഫിയ മാറിയതിന്റെ സാംസക്കാരിക-രാഷട്രീയ-സാമ്പത്തിക-സാമൂഹിക തലങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഒരു ഡോക്യു-ഫിലിമായായും ഈ സിനിമ സർഗാത്മകമായി സത്യസന്ധതപ്പെടുന്നുണ്ട്.

പാട്ടിനേയും , ഡാൻസിനേയും  ജീവിത ലഹരിയാക്കിയ , മയക്കുമരുന്നിനെ ലഹരിയുടെ ഗുരുവാക്കിയ ടോമി സിംഗ്,  ഇന്ത്യൻ ഹോക്കി ടീമിലെ  െപ്ലയറാകാൻ കൊതിച്ച് ജീവിച്ച ബീഹാറുകാരി പെൺകുട്ടി അച്ഛന്റെ മരണശേഷം ജീവിതം വഴിമുട്ടിയപ്പോൾ പഞ്ചാബിലേക്ക് പലായനം ചെയ്യപ്പെട്ട്  മയക്കുമരുന്നു മാഫിയയുടെ ബലിയാടായി കൊടും ക്രൂരതകളേറ്റു വാങ്ങിയ ഇരയായ കുമാരി പിങ്കു അഥവാ മേരി ജയിൻ, ഡി-അഡിക്ഷൻ സെന്റർ നടത്തുന്ന ആക്ടിവിസ്റ്റുകൂടിയായ ഡോക്ടർ പ്രീത് , നിയമ പാലകരേയും രാഷ്ട്രീയക്കാരേയും വിലക്കെടുത്ത മയക്കുമരുന്നുമാഫിയയുടെ അടിവേരുകൾ അന്വേഷിക്കുന്ന സർതജ്‌ സിംഗ് എന്നീ നാലു വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പഞ്ചാബിന്റെ തോറ്റ യുദ്ധത്തിന്റെ കഥ പറയുന്ന ഉഡ്താ പഞ്ചാബിൽ ശാഹിദ് കപൂർ, ആലിയ ഭട്ട്, കരീന കപൂർ, ദിൽജിത് എന്നിവർ യഥാക്രമം നാലു കഥാപാത്രങ്ങളെ അനശ്വരമാക്കുന്നു . ശാഹിദ് കപൂറിറെയും ആലിയ ഭട്ടിന്റെയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പെർഫോമൻസിന് ഉഡ്താ പഞ്ചാബ് സാക്ഷ്യം വഹിക്കുന്നു!

Advertisements

രാജീവ് രവി (കമ്മട്ടിപ്പാടം)യുടെ ക്യാമറ പഞ്ചാബിലെ ഭൂപ്രദേശത്തിന്റെ സമീപസ്ഥ കാഴ്ച്ചയും , ഗ്രാമീണ ജീവിതത്തിന്റെ അഴകും  എല്ലാ വശ്യതയോടെയും ,പച്ചയോടെയും  ഒപ്പിയെടുത്തിരിക്കുന്നു. അമിത് ത്രിവേദിയുടെ ഗാനങ്ങളും, നരേന്റെയും ബെനഡിക്ട് ടെയിലുടേയും സംഗീതവും ഈ ചിത്രത്തിന് പതിവിൽ കവിഞ്ഞ പുതുമയും ആസ്വാദ്യതയും നൽകുന്നു. അതെ, പഞ്ചാബ് ഇന്ന് അഞ്ചു നദികളുടെ ഒരു പേരല്ല, മയക്കത്തിലേക്ക് പറക്കുന്ന ഒരു ജനതയുടെ പരാജയപ്പെട്ട ജീവിതത്തിന്റെ ഭൂപടമാണ് !!

By

മഹമൂദ് മൂടാടി

PH: 9847034353