KOYILANDY DIARY

The Perfect News Portal

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം. റോയ് അന്തരിച്ചു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നു വിശ്രമത്തിലിരിക്കെ കൊച്ചി കെ. പി വള്ളോന്‍ റോഡിലെ വസതിയില്‍ ഉച്ചയ്ക്ക് മൂന്നരയോടെയാണ് അന്ത്യം. പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, അധ്യാപകന്‍ എന്നീ നിലയില്‍ പ്രസിദ്ധിയാര്‍ജിച്ച ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. രണ്ടു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു.

എറണാകുളം മഹാരാജാസ് കോളജില്‍ എംഎ വിദ്യാര്‍ഥിയായിരിക്കെ 1961ല്‍ കേരളപ്രകാശം എന്ന പത്രത്തിലൂടെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച കെ.എം.റോയ് ദേശബന്ധു, കേരള ഭൂഷണം തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് എക്കണോമിക് ടൈംസ്‌, ദ് ഹിന്ദു തുടങ്ങിയ പത്രങ്ങളിലും യുഎന്‍ഐ വാര്‍ത്താ ഏജന്‍സിയിലും പ്രവര്‍ത്തിച്ചു. മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കെ സജീവ പത്രപ്രവര്‍ത്തന രംഗത്തുനിന്നും വിരമിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മംഗളം വാരികയില്‍ ഇരുളും വെളിച്ചവും എന്ന പംക്തി എഴുതിവന്നിരുന്നു. ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ലേഖനങ്ങള്‍ എഴുതിയിരുന്നു. ഇരുളും വെളിച്ചവും, കാലത്തിനു മുമ്ബേ നടന്ന മാഞ്ഞൂരാന്‍ എന്നിവ അദ്ദേഹം രചിച്ച പുസ്തകങ്ങളാണ്.

നിരവധി മാധ്യമ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സഹോദരന്‍ അയ്യപ്പന്‍ പുരസ്കാരം, ശിവറാം അവാര്‍ഡ്, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ലൈഫ്‌ടൈം അവാര്‍ഡ്, പ്രഥമ സി.പി ശ്രീധരമേനോന്‍ സ്മാരക മാധ്യമ പുരസ്കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ് – ബാബ്റി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ മുഖപ്രസംഗത്തിന് ഏറ്റവും നല്ല മുഖപ്രസംഗത്തിനുള്ള 1993-ലെ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *