KOYILANDY DIARY

The Perfect News Portal

മിഠായി തെരുവിലെ ഇടുങ്ങിയ കടമുറികളും അമിതമായ സാധന സ്‌റ്റോക്കുകളും അപകട സാധ്യത വര്‍ധിപ്പിക്കുന്നു

കോഴിക്കോട്‌: മിഠായി തെരുവിലെ ഇടുങ്ങിയ കടമുറികളും അമിതമായ സാധന സ്‌റ്റോക്കുകളും അപകട സാധ്യത വര്‍ധിപ്പിക്കുമെന്ന്‌ ഫയര്‍ഫോഴ്‌സ്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിനു ശേഷം ഫയര്‍ഫോഴ്‌സ്‌ വിഭാഗം അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ കലക്ടര്‍ക്കും ഫയര്‍ഫോഴ്‌സ്‌ മേധാവിക്കും കോഴിക്കോട്‌ കോര്‍പറേഷനും കൈമാറി.

എം പി റോഡ്‌, ഒയാസിസ്‌ കോംപ്ലക്‌സ്‌, ബേബി ബസാര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഭൂരിഭാഗം കടകളും ഇടുങ്ങിയ മുറികളാണെന്ന്‌ കണ്ടെത്തി. സ്ഥല സൗകര്യത്തിൻ്റെ പരിധിയ്‌ക്കപ്പുറമുള്ള സാധനങ്ങളാണ്‌ പല കടകളിലും കൂട്ടിയിട്ടിരിക്കുന്നത്‌. ഇത്‌ തീപിടിത്തം പോലെ അപകടമുണ്ടായാല്‍ തീവ്രത കൂട്ടാനുള്ള സാഹചര്യമൊരുക്കും. സാധനങ്ങളെല്ലാം അശ്രദ്ധയോടെ ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍ക്കു സമീപവും സൂക്ഷിക്കുന്നത്‌ അപകടസാധ്യത കൂട്ടുന്നു. തീപിടിത്തമുണ്ടാവാതിരിക്കാന്‍ ഇടവേളകളില്‍ പരിശോധനയും വേണം.

ബീച്ച്‌, മീഞ്ചന്ത ഫയര്‍ യൂണിറ്റുകളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ്‌ അന്വേഷണം നടത്തിയത്‌. തിങ്കളാഴ്‌ച രാവിലെയും തീപിടിത്തമുണ്ടായ ഭാഗത്ത്‌ പരിശോധന നടത്തിയിരുന്നു. റീജണല്‍ ഫയര്‍ ഓഫീസര്‍ ടി രജീഷാണ്‌ റിപ്പോര്‍ട്ട്‌ കൈമാറിയത്‌. തീപിടിത്തമുണ്ടായതിൻ്റെ കാരണം സംബന്ധിച്ച്‌ ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റും ഫോറന്‍സിക്കും പൊലീസുമാണ്‌ റിപ്പോര്‍ട്ട്‌ നല്‍കുക. വെള്ളിയാഴ്‌ചയായിരുന്നു വികെഎം ബില്‍ഡിങ്ങിന്റെ മുകളിലുള്ള ചെരുപ്പു ഗോഡൗണില്‍ തീപിടിത്തമുണ്ടായത്‌.

Advertisements

Leave a Reply

Your email address will not be published. Required fields are marked *