KOYILANDY DIARY

The Perfect News Portal

കവിയും ചലച്ചിത്രഗാന രചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു

തിരുവനന്തപുരം: കവിയും ചലച്ചിത്രഗാന രചയിതാവുമായ പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. കൊവിഡ് ബാധിച്ചു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഖാദറിന് ന്യൂമോണിയയും ബാധിച്ചതിനെത്തുടര്‍ന്ന് നില ഗുരുതരമായി തുടരുകയായിരുന്നു. രാത്രി 12.20 നായിരുന്നു അന്ത്യം.

1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്‌ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദറിന്റെ ജനനം. പിതാവ് അബൂബക്കര്‍ പിള്ള. മാതാവ് റാബിയത്തുല്‍ അദബിയ ബീവി. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ വലപ്പാട് പോളിടെക്നിക്കില്‍നിന്ന് എന്‍ജിനീയറിംഗ് ഡിപ്ലോമ നേടി. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍നിന്ന് എ.എം.ഐ.ഇ പാസായി

മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുണ്ട്. നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ (ചാമരം), ഏതോ ജന്മ കല്പനയില്‍ (പാളങ്ങള്‍), അനുരാഗിണി ഇതായെന്‍ (ഒരു കുടക്കീഴില്‍), ശരറാന്തല്‍ തിരിതാഴും (കായലും കയറും) തുടങ്ങിയവയടക്കം അവയില്‍ പലതും എക്കാലത്തും മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവയാണ്. ഖാദറിന്റെ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ സംഗീതജീവിതത്തിന്റെ ഭാഗമാണ്. പൊതുമരാമത്തു വകുപ്പില്‍ എന്‍ജിനീയറായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *