KOYILANDY DIARY

The Perfect News Portal

മെഡിക്കൽ കോളജിൽ പുതിയ ഓക്സിജൻ പ്ലാൻ്റ് സ്ഥാപിച്ചു

കോഴിക്കോട്: ജില്ലയിൽ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പുതിയൊരു ഓക്സിജൻ പ്ലാൻറ് കൂടി​ സ്ഥാപിച്ചു. ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പി.കെ. സ്റ്റീൽ കോംപ്ലക്സിൽനിന്നുള്ള 13 കിലോ ലിറ്റർ ശേഷിയുള്ള പ്ലാൻറ്​ മെഡിക്കൽ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ചത്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള കലക്ടറുടെ ഉത്തരവിൻമേലാണ് നടപടി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (ULCCS) ആണ് പ്ലാൻറ്​ മാറ്റി സ്ഥാപിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള ജില്ലകളിൽ ഒന്നാണ് കോഴിക്കോട്. രോഗം ഗുരുതരാവസ്ഥയിൽ എത്തിയവരിൽ ഏറിയ പങ്കും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. ഇവരുടെ ആവശ്യത്തിന് വേണ്ട മെഡിക്കൽ ഓക്സിജൻ ഉൽപ്പാദിപ്പിക്കാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ സൗകര്യം പര്യാപ്തമാകാത്തതിനെ തുടർന്നാണ് മേയ് ഒന്നിന് കലക്ടർ അടിയന്തരമായി ഉത്തരവ് പുറപ്പെടുവിക്കുന്നത്.

സൊസൈറ്റിയുടെ പൊതുനന്മാ പ്രവർത്തനമെന്ന നിലയിൽ സൗജന്യമായാണ് ഒമ്പത്​ ദിവസമായി ഈ പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുന്നത്. 40 അടി നീളമുള്ള പ്ലാൻറ്​ മാറ്റിസ്ഥാപിക്കുന്ന ജോലി രാവിലെ ഏഴ്​ മണിക്ക് ആരംഭിച്ച്​ ഉച്ചയോടെ പൂർത്തിയായി. ഓക്സിജൻ പ്ലാൻറ്​ നിർമാതാക്കളുടെ സാങ്കേതിക പിന്തുണയോടെയാണ് ഊരാളുങ്കൽ സൊസൈറ്റി പ്രവർത്തനങ്ങൾ നടത്തിയത്.
ഓക്സിജൻ പ്ലാൻറ്​ മാറ്റി സ്ഥാപിച്ച സൊസൈറ്റിയെ പ്രതിരോധസെക്രട്ടറി അജയ് കുമാർ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. കലക്ടർ സാംബശിവറാവു, എൻ.ആർ.എച്ച്.എം ജില്ല കോ ഓഡിനേറ്റർ ഡോ. നവീൻ എന്നിവർ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *