KOYILANDY DIARY

The Perfect News Portal

ജമീലയുടെ ശബ്ദം ഇനി സംസ്ഥാന നിയമസഭയിൽ..

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് മത്സരരംഗത്ത് വിജയം മാത്രം കൈമുതലാക്കി രണ്ട് പതിറ്റാണ്ടിലേറെ ത്രിതല പഞ്ചായത്ത് ഭരണസാരഥ്യത്തിലിരുന്ന് നാടിനാകെ മാതൃകാ വികസന പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത കാനത്തിൽ ജമീലയുടെ ശബ്ദം ഇനി സംസ്ഥാന നിയമസഭയിൽ മുഴങ്ങി കേൾക്കും. പഞ്ചായത്ത് പ്രസിഡണ്ടായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായും രണ്ട് തവണ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദത്തിലുമാണ് കാനത്തിൽ ജമീല സാന്നിദ്ധ്യമുറപ്പിച്ചത്. സംസ്ഥാനം ശ്രദ്ധിക്കുന്ന നിലയിലുള്ള സ്നേഹസ്പർശം ഉൾപ്പെടെ പുത്തൻ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കി ജനങ്ങളുടെ ഇടയിൽ വൻ സ്വീകാര്യതനേടി.

ജില്ലാ പഞ്ചായത്ത് പ്രഡിഡണ്ട് പഥത്തിൽ ഒരു തവണ പൂർത്തിയാക്കി വീണ്ടും അതേ പദവിയിൽ തുടരവെയാണ് കാനത്തിൽ ജമീലയെ പാർട്ടി കൊയിലാണ്ടി നയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള ദൌത്യം ഏൽപ്പിച്ചത്. സിപിഐ(എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും ജനാധിപത്യ മഹിളാ ആസോസിയേഷൻ്റെ ജില്ലാ പ്രസിഡണ്ടായും സാമൂഹ്യ സേവന പ്രവർത്തനരംഗത്ത് സജീവമായ ജമീലയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. എൻ. സുബ്രഹ്മണ്യനെ രംഗത്തിറക്കി കൊയിലാണ്ടിയില്‍ ചലനം സൃഷ്ടിക്കാന്‍ യുഡിഎഫ് നടത്തിയ ശ്രമങ്ങളും ബിജെപി വലിയ ശതമാനം വോട്ട് മറിക്കുകകൂടി ചെയ്തിട്ടും കാനത്തില്‍ ജമീല തിളക്കമാർന്ന വിജയമാണ് നേടിയത്.

ഇനി നിയമസഭയിലേക്കുള്ള കന്നി പോരാട്ടത്തില്‍ വിജയം സുനിശ്ചിതമാക്കിക്കൊണ്ട് തിരുവനന്തപുരത്തേക്കു വണ്ടികയറുകയാണ് കാനത്തില്‍ ജമീല എന്ന തലക്കുളത്തൂര്‍കാരി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായ കാനത്തില്‍ ജമീലയെ സിപിഎം കൊയിലാണ്ടിയില്‍ നിര്‍ത്തുമ്പോള്‍ വനിതാ പ്രാതിനിധ്യം എന്നതിനൊപ്പം മികച്ച വിജയവും പ്രതീക്ഷിച്ചിരുന്നു അതു സംഭവിക്കുകയും ചെയ്തു. അങ്ങനെ തുടര്‍ വിജയങ്ങളോടെ കൊയിലാണ്ടി സിപിഎമ്മിൻ്റെ ഉരുക്ക് കോട്ടയായി മാറുകയാണ്. യുഡി.എഫ്.ൻ്റെ ശക്തി കേന്ദ്രമായിരുന്ന കൊയിലാണ്ടിയിൽ രണ്ട് തവണ സിപിഐ(എം)ലെ പി. വിശ്വനും, രണ്ട് തവണ കെ. ദാസനും വിജയിക്കൊടി പാറിച്ചതോടെയാണ് ജനം വികസനമെന്തെന്നറിയാൻ തുടങ്ങിയത്. ഇതോടെ കൊയിലാണ്ടിയുടെ മുഖച്ഛായയാകെ മാറി. 8472 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കൊയിലാണ്ടി ഇത്തവണ എല്‍ഡിഎഫ് നിലനിര്‍ത്തിയിരിക്കുന്നത്.

Advertisements

2016ല്‍ 13,349 വോട്ടിനു കെ. ദാസനോട് തോറ്റ എൻ. സുബ്രഹ്‌മണ്യന്‍ തന്നെ ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയത് മണ്ഡലം തിരിച്ചുപിടിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തിലായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ച് കോടികൾ ചിലവാക്കി നടത്തിയ പ്രചാരണവും, എൽ.ഡി.എഫ്. സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്താൻ നടത്തിയ ഹീന ശ്രമങ്ങൾക്കൊടുവിൽ സുബ്രഹ്മണ്യന് ജമീലയ്ക്ക് മുമ്പിൽ അടിപതറി. ജയം ഉറപ്പിക്കാൻ കഴിഞ്ഞ അഞ്ച് വര്‍ഷം സ്വന്തം പ്രദേശമെന്ന പോലെ സുബ്രഹ്‌മണ്യന്‍ മണ്ഡലത്തില്‍ നിറഞ്ഞ് കളിച്ചു. എന്നിട്ടും യുഡിഎഫിന് പച്ച തൊടാനായില്ല. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, ചെന്നിത്തല, രാഹുല്‍ ഗാന്ധിയടക്കം പ്രചരണത്തിനെത്തിയിട്ടും സുബ്രഹ്‌മണ്യന് വിജയം ഒരു ബാലികേറാമലയായി.

എൽ.ഡി.എഫ്. പ്രവര്‍ത്തകരുടെ ചിട്ടയാര്‍ന്ന പ്രവര്‍ത്തനമാണ് ഇത്രയേറെ ജിജയത്തിലേക്കെത്തിച്ചത്. 1,61,592 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ കാനത്തില്‍ ജമീലക്ക് 75,628 വോട്ടും എന്‍.സുബ്രഹ്‌മണ്യന് 67,156 വോട്ടും ബി.ജെ.പി.യുടെ എന്‍.പി.രാാധാകൃഷ്ണന് 17,555 വോട്ടും ലഭിച്ചു. ബിജെപിക്ക് 2016 നേക്കാള്‍ 4500 വോട്ടും പുതുതായി കിട്ടുമെന്ന് അവകാശപ്പെട്ടിരുന്ന 8500 വോട്ടും നഷ്ടപ്പെട്ടിട്ടും നിയമസഭയിലേക്ക് ജമീല ജയിച്ചുകയറി. ഇനി കൊയിലാണ്ടിയുടെ ശബ്ദം സംസ്ഥാന നിയമസഭയിൽ ഇടിമുഴക്കംപൊലെ പ്രകമ്പനം കൊള്ളിക്കും തീർച്ച…

Leave a Reply

Your email address will not be published. Required fields are marked *